തമിഴ്‌നാട്ടിൽ ദളപതി തരംഗം, ട്രെൻഡ് തുടർന്നാൽ മുഖ്യമന്ത്രി വിജയ്! ഔദ്യോഗിക വാഹനമാവാൻ റോൾസ് റോയ്‌സും സ്വിഫ്റ്റും
കേരളത്തിൽ ഭരണപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് യുഡിഎഫ് തരംഗമാണെങ്കിൽ തൊട്ടടുത്ത് അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ ഡിഎംകെയെ തകർത്തുകൊണ്ട് സൂപ്പർതാരം വിജയിയുടെ വെട്രി കഴകത്തിന്റെ തേരോട്ടമാണ് കാണാനാവുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അട്ടിമറി മുന്നേറ്റവുമായി ടിവികെ (TVK) കുതിക്കുകയാണ്. തമിഴ് രാഷ്ട്രീയത്തിൽ ദ്രാവിഡ പാർട്ടികൾക്കിടയിലേക്ക് മൂന്നാമതൊരു ശക്തിയായി ടിവികെ വളരുന്ന കാഴ്ച്ചയാണിത്. സാക്ഷാൽ കമൽഹാസന് പോലും സൃഷ്‌ടിക്കാൻ കഴിയാത്ത നേട്ടത്തിൽ എന്തായാലും വിജയ്ക്ക് അഭിമാനിക്കാം. തമിഴ്നാട്ടിലെ പതിറ്റാണ്ടുകൾ നീണ്ട ദ്വികക്ഷി രാഷ്ട്രീയ സമ്പ്രദായത്തിന് അന്ത്യം കുറിക്കുകയാണെങ്കിൽ അതൊരു ചരിത്ര നിമിഷം തന്നെയായിരിക്കും.
തമിഴകം വിജയിച്ചാൽ മുഖ്യമന്ത്രിയായി നടൻ വാഴുന്ന കാഴ്ച്ചയും കാണാം. തെരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ ഔദ്യോഗിക വാഹനമായി താരം ഏത് വാഹനം തെരഞ്ഞെടുക്കുമെന്നതും കൌതുകമുണർത്തുന്ന കാഴ്ച്ചയായിരിക്കും. അത്യാഡംബര കാറുകളാൽ സമ്പന്നമായ വിജയിയുടെ ഗരാജിൽ നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം എത്തുമോ എന്നത് കണ്ടുതന്നെയറിണം. നിലവിൽ സൂപ്പർതാരത്തിന് സ്വന്തമായുള്ള കാർകളക്ഷൻ എതൊക്കെയാണെന്ന് നോക്കിയാലോ?

ഏഴ് കോടി രൂപയോളം വില വരുന്ന റോൾസ് റോയ്‌സ് ഗോസ്റ്റാണ് ടിവികെ നേതാവിന്റെ ഗരാജിലെ ഏറ്റവും വില കൂടിയ കാർ. സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട മോഡലുകളിൽ ഒന്നായ വാഹനം മുഖ്യമന്ത്രിയായാൽ താരത്തിന്റെ ഔദ്യോഗിക കാറായി മാറുമോയെന്നത് കണ്ടറിണം. രാജ്യത്ത് അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും നീളമേറിയ സെഡാനുകളിൽ ഒന്നായ ഇതിന് 5.5 മീറ്റർ വലിപ്പമാണുള്ളത്. 6.75 ലിറ്റർ V12, ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഗോസ്റ്റിന്റെ ഹൃദയം.
റോൾസ് റോയ്‌സിന്റെ ഫാന്റം, കലിനൻ എന്നിവ ഒരുങ്ങിയിരിക്കുന്ന അതേ ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി പ്ലാറ്റ്‌ഫോമിലാണ് റോൾസ് റോയ്‌സ് ഗോസ്റ്റും പണികഴിപ്പിച്ചിക്കുന്നത്. ഏകദേശം 2,490 കിലോഗ്രാം ഭാരമുണ്ടങ്കിലും അന്യായ പെർഫോമൻസാണ് കക്ഷി വാഗ്‌ദാനം ചെയ്യുന്നത്. അതായത് 592 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വാഹനമാണിത്. സമാനതകളില്ലാത്ത സുഖസൗകര്യങ്ങൾക്കായി അതിശയകരമായ സസ്‌പെൻഷൻ സജ്ജീകരണമാണ് സെഡാന്റെ വലിയ പ്രത്യേകതകളിൽ ഒന്ന്.

ലെതർ സീറ്റ്, ഹീറ്റഡ്, വെന്റിലേഷൻ ഫീച്ചറുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റോട്ടറി ഡയൽ അല്ലെങ്കിൽ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളെല്ലാം ഇതിലുള്ളതിനാൽ തമിഴകത്തിന്റെ നിയുക്ത മുഖ്യമന്ത്രിയുടെ യാത്രകൾ അടിപൊളിയാവും.
ഡിഎംകെയെ ഞെട്ടിച്ചുകൊണ്ട് തേരോട്ടാം നടത്തുന്ന ടിവികെ നേതാവ് വിജയിയുടെ മുറ്റത്തെ വില കൂടിയ മറ്റൊരു കാറാണ് ബിഎംഡബ്ല്യു i7. ഇന്ത്യയിൽ ഏകദേശം 2 കോടി രൂപ വിലയുള്ള ഒരു ഓൾ-ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് സെഡാനാണ് ഇത്. പിൻസീറ്റിലെ സുഖസൗകര്യങ്ങൾക്കും ഓൺബോർഡ് സാങ്കേതികവിദ്യയ്ക്കും ശക്തമായ പ്രാധാന്യം നൽകുന്ന മോഡൽ മുഖ്യന്റെ ഔദ്യോഗിക വാഹനമായാൽ അതും വലിയൊരു ചർച്ചയാവുമെന്നതിൽ സംശയമൊന്നും വേണ്ട.

ബിഎംഡബ്ല്യുവിന്റെ നിരയിലെ ഏറ്റവും ചെലവേറിയ കാറുകളിൽ ഒന്നാണ് i7 ഇലക്ട്രിക് സെഡാൻ. ജർമൻ വാഹന നിർമാതാക്കളുടെ ഐക്കണിക് ഗ്ലോ ലൈറ്റിംഗ്, വ്യത്യസ്തമായ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, പ്രൈമറി യൂണിറ്റുകൾക്ക് മുകളിൽ ഇരിക്കുന്ന ഇന്റഗ്രേറ്റഡ് ക്രിസ്റ്റൽ ഡീറ്റെയിലിംഗ് ഉള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന കിടിലൻ ഡിസൈനിലാണ് ഇലക്ട്രിക് സെഡാൻ പണികഴിപ്പിച്ചിരിക്കുന്നത്.
കർവ്‌ഡ് ഡിസ്‌പ്ലേയും ലൈവ് കോക്ക്പിറ്റ് പ്രൊഫഷണൽ സജ്ജീകരണവുമാണ് ലഭിക്കുക. അതേസമയം പിൻ യാത്രക്കാർക്ക് 42.5 ഡിഗ്രി റിക്ലൈനബിൾ സീറ്റ്, മസാജ് ഫംഗ്ഷനുകൾ, റിയർ സീറ്റ് എന്റർടെയ്ൻമെന്റിനായി തിയേറ്റർ-സ്റ്റൈൽ സ്‌ക്രീൻ, ലൈറ്റ്, സൌണ്ട്, വെന്റിലേഷൻ, സീറ്റ് ക്രമീകരണങ്ങൾ എന്നിവ സമന്വയിപ്പിക്കാൻ അനുവദിക്കുന്ന മൈ മോഡ്സ് ഫംഗ്ഷൻ, മൈബിഎംഡബ്ല്യു ആപ്പ്, ഡിജിറ്റൽ കീ പ്ലസ്, ആമസോൺ ഫയർ ടിവി തുടങ്ങിയ വമ്പൻ ഫീച്ചറുകളാണ് ഇതിലുള്ളത്.
1.20 കോടി രൂപ വില വരുന്ന ടൊയോട്ട വെൽഫയർ എംപിവിയും വിജയിയുടെ പക്കലുണ്ട്. ശരിക്കും പറഞ്ഞാൽ കാറുകളിലെ കാരവാൻ എന്നാണ് ഇപ്പോൾ വെൽഫയറിന്റെ വിളിപ്പേര്. മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓപ്പൺ/ക്ലോസ് ഫംഗ്‌ഷനുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ,, ഡാഷിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയൽ, 14 ഇഞ്ച് ഫ്ലോട്ടിംഗ്-ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, പിൻ സീറ്റുകൾക്കുള്ള മസാജർ ഫംഗ്‌ഷൻ എന്നിവയാണ് കാറിലെ പ്രധാന ഫീച്ചറുകൾ.
70-80 ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യു 5 സീരീസും താരം അടിക്കടി ഉപയോഗിക്കാറുള്ള കാറാണ്. ആഡംബര മോഡലുകൾക്ക് പുറമെ വിജയ്‌യുടെ ശേഖരത്തിൽ സാധാരണക്കാരുടെ വാഹനങ്ങളുമുണ്ട്. മാരുതി സ്വിഫ്റ്റ് പോലുള്ള ജനപ്രിയ കാറിനെ ഔദ്യോഗിക വാഹനമാക്കി മാറ്റാൻ തീരുമാനിച്ചാൽ അതും വലിയ വാർത്താ പ്രാധാന്യം അർഹിക്കും. ടിവിഎസ് XL മോപ്പെഡും തമിഴ് സൂപ്പർസ്റ്റാറിന്റെ ഗരാജിലുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട് കേട്ടോ.


Click it and Unblock the Notifications