ഓലയുടെ കൊടുങ്കാറ്റിൽ പോലും ആടിയുലഞ്ഞില്ല, 10 ലക്ഷം വീടുകളെ പെട്രോൾ മുക്തമാക്കിയ ടിവിഎസ് ഇലക്‌ട്രിക് സ്കൂട്ടർ
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ തരംഗമായി മാറിയിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്. ഓല S1 തീർത്ത കൊടുങ്കാറ്റിൽ പോലും ആടിയുലയാതെ പിടിച്ചുനിന്ന ഇവി ഇന്ന് രാജ്യത്തെ ടോപ്പ് സെല്ലിംഗ് ഇലക്ട്രിക് ടൂവീലറാണ്. വിശ്വസിച്ച് ഏത് വാങ്ങുമെന്ന് ആലോചിച്ച് ഇന്ത്യക്കാർ ഇപ്പോൾ അധികം തലപുകയ്ക്കാറില്ല. കാരണം എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിയായി മാറിയിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്. കൂട്ടത്തിലുള്ള പലരും ചീത്തപ്പേര് കേൾപ്പിച്ചപ്പോൾ ഇതിലൊന്നും പെടാതെ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ എതിരാളികൾക്കൊന്നും അത്രവേഗം അടുക്കാനാവാത്തൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വാഹനം.
എന്താണന്നല്ലേ, 10 ലക്ഷം നിർമാണ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള നിർമാണ കേന്ദ്രത്തിൽ നിന്നാണ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഈ ചരിത്രപരമായ മുഹൂർത്തത്തിന് സാക്ഷ്യംവഹിച്ചിരിക്കുന്നത്. ഒല ഇലക്ട്രിക്കിന് ശേഷം ഈ നാഴികക്കല്ല് കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഇവി നിർമാതാക്കളാണ് ടിവിഎസ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായി 2020-ലാണ് ഐക്യൂബ് പുറത്തിറക്കുന്നത്.

അതിനുശേഷം ഒരോ കാലഘട്ടത്തിലും 2.2kWh, 3.1kWh, 3.5kWh എന്നിങ്ങനെ വ്യത്യസ്‌ത ബാറ്ററി ഓപ്ഷനുകളിലും ഐക്യൂബ് ലഭ്യമായിത്തുടങ്ങി. 4.7kWh ബാറ്ററിയുള്ള ഐക്യൂബ് S, 5.3kWh ബാറ്ററിയുള്ള ശ്രേണിയിലെ ഏറ്റവും മികച്ച ഐക്യൂബ് ST എന്നിവയുടെ വരവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. 3,000 ത്തിലധികം നഗരങ്ങളിലായി 3,300 ലധികം ടച്ച്‌പോയിന്റുകൾ വ്യാപിച്ചുകിടക്കുന്ന സെയിൽസ്, സർവീസ് ശൃംഖലയിലൂടെ പിന്തുണയും ടിവിഎസിന്റെ ഇവിക്കുണ്ട്.
ഇന്ന് വാങ്ങാനാവുന്നതിൽ ഏറ്റവും ബെസ്റ്റ് ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഒന്നാണ് ഐക്യൂബ്. സാക്ഷാൽ പെട്രോൾ സ്കൂട്ടറുകളെ വരെ തോൽപ്പിക്കുന്ന വിൽപ്പനയുമായി കുതിക്കുകയാണ് മോഡൽ ഇപ്പോൾ. പോയമാസം ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് സ്കൂട്ടറുകളുടെ പട്ടികയിൽ ആക്ടിവയ്ക്കും ജുപ്പിറ്ററിനും ആക്സസിനും പിന്നിൽ നാലാം സ്ഥാനം കൈവരിക്കാനും ടിവിഎസിന്റെ ബാറ്ററി ടൂവീലറിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

വിലയുടെ കാര്യമെടുത്താലും ഏതൊരു സാധാരണക്കാരന്റേയും പോക്കറ്റിൽ ഒതുങ്ങുന്ന രീതിയിലാണ് ഐക്യൂബ് വിപണിയിലെത്തുന്നത്. 94,434 രൂപ മുതൽ 1.71 ലക്ഷം രൂപ വരെയുള്ള വ്യത്യസ്‌ത വിലയിൽ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാനാവും. കൃത്യമായ ഇടവേളകളിൽ ഇവിയിലേക്ക് കൊണ്ടുവരുന്ന അപ്ഡേഷനുകളും എതിരാളികൾക്ക് വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. അടുത്തിടെ ഐക്യൂബ് S 4.7 kWh എന്ന പുതിയ വേരിയന്റ് കൊണ്ടുവന്ന് ശ്രേണി വിപുലീകരിക്കാനും ടിവിഎസിന് സാധിച്ചിരുന്നു.
പുതിയ ടിവിഎസ് ഐക്യൂബ് S 4.7 kWh വേരിയന്റിന് 1,37,142 രൂപയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 175 കിലോമീറ്റര്‍ റേഞ്ച് വരെ നൽകാനും ഇത് പ്രാപ്‌തമാണ്. പ്രായോഗികതയ്ക്കും സൗകര്യത്തിനും മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഉയര്‍ന്ന കപ്പാസിറ്റിയുള്ള ബാറ്ററി പായ്ക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ പോലും ആരേയും നിരാശപ്പെടുത്താത്ത രീതിയിലാണ് പുതിയ വേരിയന്റും എത്തിയിരിക്കുന്നത്. അതായത് 4.4kW BLDC ഹബ് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിയ്ക്ക് 6 bhp പവറിൽ പരമാവധി 33 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്ന് ടിവിഎസ് പറയുന്നു. അതേസമയം 0-40 കിലോമീറ്റർ വേഗത 4.5 സെക്കൻഡിൽ കൈവരിക്കാനാവും.ഇലക്ട്രിക് സ്കൂട്ടറിന്റെ ടോപ്പ് സ്പീഡ് 82 കിലോമീറ്ററാണ്.
7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെൻ്റ് സ്‌ക്രീനും 118 കണക്റ്റഡ് ഫീച്ചറുകളുമെല്ലാം കൂടുതൽ പൈസ മുടക്കുന്ന ടോപ്പ് വേരിയന്റിൽ കോർത്തിണക്കിയിട്ടുണ്ടെന്നതാനാൽ അക്കാര്യത്തിലും വാല്യു ഫോർ മണിയാണ് ടിവിഎസിന്റെ ഇലക്ട്രിക് സ്‌കൂട്ടർ എന്ന് പ്രത്യേകം പറയാം. ഡിസ്പ്ലേ സ്വമേധയാ നിയന്ത്രിക്കാൻ സഹായിക്കുന്ന HMI ജോയ്സ്റ്റിക്കും ST വേരിയൻ്റിന് ലഭിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്തായാലും 10 ലക്ഷം പ്രൊഡക്ഷൻ നാഴികക്കല്ല് പിന്നിട്ടത് ഇവിക്ക് വരുന്ന ദിവസം കൂടുതൽ മൈലേജ് നൽകും.


Click it and Unblock the Notifications