കേന്ദ്ര ബജറ്റിൽ വാഹന വിപണി പ്രതീക്ഷിച്ചതും കിട്ടയതും! സെമികണ്ടക്ടർ മിഷനിൽ ഒതുക്കിയോ ധനമന്ത്രി?
മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചു. വാഹന മേഖലയ്ക്ക് ഊർജം പകരുന്ന നിരവധി പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്ന 2026-27 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് മൊത്തത്തിൽ നിരാശയാണ് സമ്മാനിക്കുന്നത്. കുന്നോളം ഇളവുകളും മറ്റും പ്രതീക്ഷിച്ചിരുന്ന വാഹന വിപണിയിലും കാര്യമായ ചലനങ്ങൾ സർഷ്‌ടിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും ഇത്തവണയുണ്ടായില്ല. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി വളരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്കും ബജറ്റില്‍ ലഭിക്കാവുന്ന ഇളവുകളെ കുറിച്ചാണ് വാഹന നിര്‍മ്മാതാക്കളും ഒപ്പം ജനങ്ങളും ഉറ്റുനോക്കിയിരുന്നത്.
എന്നാൽ വാഹന മേഖലയ്ക്ക് ഊർജമാവുന്ന സെമികണ്ടക്ടർ മിഷൻ്റെ പ്രഖ്യാപനം ശ്രദ്ധേയമായി. ഇന്ത്യയുടെ സെമികണ്ടക്ടർ പദ്ധതികളുടെ വികസനത്തിനായി 40,000 കോടി രൂപയുടെ പ്രഖ്യാപനം ബജറ്റിലുണ്ടായി. ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0 ( ISM 2.0) എന്നാണ് ഈ പദ്ധതിയുടെ പേര് സെമികണ്ടക്ടർ വ്യവസായവുമായി ബന്ധപ്പെട്ട ഗവേഷണം, പരിശീലനം എന്നിവയ്ക്കാവും മുൻതൂക്കം നൽകുകയെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി.

ധാതുസമ്പത്തുള്ള നാല് സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്ത് റെയർ എർത്ത് കോറിഡോർ പദ്ധതിയും ബജറ്റിൽ ഉൾഫ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അപൂർവ ഭൗമമൂലകങ്ങളുടെ ഗവേഷണവും ഖനനവും സംസ്‌കരണവും ഉത്പാദനവും വർധിപ്പിക്കാനുള്ള പദ്ധതിയാണ് റെയർ എർത്ത് കോറിഡോർ. ഫീച്ചറുകളാൽ സമ്പന്നമായ ഇന്ത്യയിലെ വാഹന നിർമാണത്തിന് സെമികണ്ടക്ടറുകൾ അത്യാവിശ്യമായ ഘടകമായി മാറിയ സാഹചര്യത്തിൽ ഇതൊരു നാഴികക്കല്ലാവും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ ഓട്ടോമോട്ടീവ് വ്യവസായത്തിൽ സെമികണ്ടക്ടറുകളുടെ കടുത്ത ക്ഷാമം നേരിടുന്നു. ഇതിനൊരു ആശ്വാസമായിരിക്കും പുതിയ പ്രഖ്യാപനം. ഭാവിയിൽ ഇലക്ട്രിക് കാറുകൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര ബജറ്റിൽ സൂപ്പർ ആപ്പ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററി നിർമ്മാണത്തിനുള്ള സബ്‌സിഡികൾ, പ്രോത്സാഹനങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നായിരുന്നു പലരും വിശ്വസിച്ചിരുന്നത്.

എന്നാൽ ഇവിടെയും നിരാശയാണ് ബജറ്റ് സമ്മാനിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (FAME) പദ്ധതിയുടെ അടുത്ത ഘട്ടം ഉണ്ടായേക്കുമെന്നായിരുന്നു സൂചന. എന്നാൽ നിർമ്മല സീതാരാമൻ്റെ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് അവതരണത്തിൽ ഇതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഉൾപ്പെടുത്തിയിരുന്നില്ല.
ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ വികസനത്തിനായി നികുതി ഇളവുകളും ഇന്‍സെന്റീവുകളും ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശങ്ങളും ബജറ്റ് അവതരണത്തിൽ ഉൾപ്പെടുത്താതിരുന്നത് പല നിർമാതാക്കൾക്കും തിരിച്ചടിയാവും. എങ്കിലും 2026 കേന്ദ്ര ബജറ്റിൽ ഹരിത ഊർജ്ജവും ഇലക്ട്രിക് വാഹന മേഖലയും ശക്തിപ്പെടുത്തുന്നതിന് സർക്കാർ ഒരു പ്രധാന നടപടി സ്വീകരിച്ചിട്ടുണ്ട്. ലിഥിയം-അയൺ ബാറ്ററികൾ, ബയോ-മിക്സ് സിഎൻജി, സോളാർ ഗ്ലാസ്, നിർണായക ധാതുക്കൾ എന്നിവയ്ക്ക് നികുതി ഇളവ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.
ലിഥിയം-അയൺ സെല്ലുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന മൂലധന വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഇളവ് തുടരുമെന്നാണ് ബജറ്റിലൂടെ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിൽ ബാറ്ററി സംഭരണത്തിന്റെയും ഇവി ബാറ്ററികളുടെയും ആഭ്യന്തര ഉത്പാദനം വിലകുറഞ്ഞതും എളുപ്പവുമാക്കും. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കുകയും ഇന്ത്യയിൽ ബാറ്ററി നിർമ്മാണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ബയോഗ്യാസുമായി കലർത്തിയ സിഎൻജിക്കും ബജറ്റിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ബയോഗ്യാസിന്റെ മുഴുവൻ മൂല്യവും ഇപ്പോൾ എക്സൈസ് തീരുവ കണക്കുകൂട്ടലുകളിൽ നിന്ന് ഒഴിവാക്കും. ഇത് ഹരിത ഇന്ധനത്തെ പ്രോത്സാഹിപ്പിക്കുകയും സിഎൻജി വിലകുറഞ്ഞതാക്കുകയും ചെയ്യും. ബയോ-മിക്സ് സിഎൻജി കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്, ബയോഗ്യാസ് എന്നിവയുടെ മിശ്രിതമാണ്. ഇത് പരമ്പരാഗത സിഎൻജിയെ ജൈവ മാലിന്യത്തിൽ നിന്ന് നിർമ്മിച്ച വാതകവുമായി സംയോജിപ്പിക്കുന്നു.
പശുവിന്റെ ചാണകം, വിള അവശിഷ്ടങ്ങൾ, ഭക്ഷ്യ അവശിഷ്ടങ്ങൾ, കാർഷിക, ജൈവ മാലിന്യങ്ങൾ എന്നിവയിൽ നിന്നാണ് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നത്. വായുരഹിത ദഹനം എന്ന പ്രത്യേക പ്രക്രിയയിലൂടെ ഇവ വാതകമാക്കി മാറ്റുന്നു. ശുദ്ധീകരിക്കുമ്പോൾ അത് ബയോ-സിഎൻജി ആയി മാറുന്നു. സിഎൻജി കാറുകളിലും ബസുകളിലും പൊതുഗതാഗതം, ഓട്ടോകൾ, ടാക്സികൾ എന്നിവയിലും ബയോ-മിക്സഡ് സിഎൻജി സിഎൻജിയാണ് ഉപയോഗിക്കുന്നത്. ഇത്തരം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയായിരുന്നു ഇത്തവണത്തെ ബജറ്റ് അവതരണം.


Click it and Unblock the Notifications








