ബജറ്റ് 2026: വാഹന നിർമാണത്തിന് ഉണർവേകാൻ 40,000 കോടിയുടെ സെമികണ്ടക്ടർ മിഷൻ
മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. നിർമ്മലയുടെ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് അവതരണം എന്ന പ്രത്യേകതയ്ക്ക് പുറമെ ഒരു ഞായറാഴ്ച്ച ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. വാഹന വിപണിക്ക് പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രത്യേക തീരുമാനങ്ങളും ബജറ്റിൽ വന്നിട്ടില്ലെന്നതാണ് രസകരമായ കാര്യം. എങ്കിലും വാഹന മേഖലയ്ക്ക് ഊർജമാവുന്ന സെമികണ്ടക്ടർ മിഷൻ്റെ പ്രഖ്യാപനം ശ്രദ്ധേയമായി. ഇന്ത്യയുടെ സെമികണ്ടക്ടർ പദ്ധതികളുടെ വികസനത്തിനായി 40,000 കോടി രൂപയുടെ പദ്ധതി നിർമല ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0 ( ISM 2.0) എന്നാണ് ഈ പദ്ധതിയുടെ പേര് സെമികണ്ടക്ടർ വ്യവസായവുമായി ബന്ധപ്പെട്ട ഗവേഷണം, പരിശീലനം എന്നിവയ്ക്കാവും മുൻതൂക്കം നൽകുകയെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. ആഗോള സെമികണ്ടക്ടർ മത്സരത്തിൽ ഇന്ത്യയ്ക്ക് ഊർജം പകരുന്ന പ്രഖ്യാപനമാണിത്. ധാതുസമ്പത്തുള്ള നാല് സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്ത് റെയർ എർത്ത് കോറിഡോർ പദ്ധതിയും ബജറ്റ് അവതരണത്തിലെ ഹൈലൈറ്റാണ്.

കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അപൂർവ ഭൗമമൂലകങ്ങളുടെ ഗവേഷണവും ഖനനവും സംസ്‌കരണവും ഉത്പാദനവും വർധിപ്പിക്കാനുള്ള പദ്ധതിയാണ് റെയർ എർത്ത് കോറിഡോർ. റെയർ എർത്ത് മൂലകങ്ങൾക്കായി ചൈനയെ ആണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. ഫീച്ചറുകളാൽ സമ്പന്നമായ ഇന്ത്യയിലെ വാഹന നിർമാണത്തിന് സെമികണ്ടക്ടറുകൾ അത്യാവിശ്യമായ ഘടകമായി മാറിയിട്ടുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലോകമെമ്പാടും സെമികണ്ടക്ടറുകളുടെ ക്ഷാമം ഉണ്ടായിരുന്നു. അന്ന് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെയും വാഹനങ്ങളുടെയും ഉത്പാദനത്തെ ബാധിക്കുകയും ചെയ്‌തിരുന്നു. ജപ്പാൻ, തായ്‌വാൻ, ചൈന തുടങ്ങിയ രാജ്യങ്ങളെയായിരുന്നു സെമികണ്ടക്ടറുകൾക്കായി ഇന്ത്യ ആശ്രയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ സെമികണ്ടക്ടർ മേഖല വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തിവരികയായിരുന്നു.
ഇതിൻ്റെ ഭാഗമായി ഇതുവരെ 22,000 കോടിയിലധികം രൂപ നിക്ഷേപവും നടത്തിയിരുന്നു. ഇതിൽ നിന്നാണ് ഈ വർഷത്തെ ബജറ്റിൽ 40,000 കോടി രൂപയോളം നീക്കിവെച്ചിരിക്കുന്നത്. അങ്ങനെ ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾക്കുള്ള സെമികണ്ടക്ടർ ഉൽപ്പന്നങ്ങൾ വിദേശത്ത് നിന്ന് വാങ്ങാതെ തന്നെ ഇന്ത്യയിൽ നിർമ്മിക്കാൻ കഴിയും. അതോടൊപ്പം വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട ആവശ്യവും ഒഴിവാക്കാൻ കഴിയും.
ഇതോടൊപ്പം രാജ്യത്തെ പ്രധാന നഗരങ്ങളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് 7 അതിവേഗ റെയിൽ ഇടനാഴികളും ഇത്തവണത്തെ 2026-27 ബജറ്റിൽ പ്രഖ്യാപിച്ചു. നഗരങ്ങൾക്കിടയിൽ വളരെ ഉയർന്ന വേഗതയിൽ ട്രെയിനുകൾ ഓടിക്കാനുള്ള ഇടനാഴിയാണ് ഹൈ-സ്പീഡ് റെയിൽ കോറിഡോർ എന്നത് കൊണ്ട് അർഥമാക്കുന്നത്. റെയിൽവേ ലൈനുകളിൽനിന്നു പൂർണമായും വ്യത്യസ്തമായ ഇവ പ്രത്യേകമായി രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന റെയിൽ പാതകളും സംവിധാനങ്ങളുമാണ്.
പുതിയ ഹൈ-സ്പീഡ് റെയിൽ ഇടനാഴികളിൽ ഒന്നുപോലും കേരളത്തിനില്ലെന്നത് നിരാശജനകമാണ്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന റൂട്ടുകൾ. കേരളത്തിന് ബജറ്റിൽ കാര്യമായ റോളില്ലാത്തത് നിരാശാജനകമായ കാര്യമാണെന്ന് പറയാതെ വയ്യ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








