22.2 KM മൈലേജ്, കിടിലൻ ബിൽഡ് ക്വാളിറ്റി! തംരംഗമാവാൻ ഹോണ്ടയുടെ ഹൈബ്രിഡ് എസ്‌യുവി, ആദ്യ ടീസർ പുറത്ത്
ഒടുവിൽ പഴയ പ്രതാപത്തിലേക്ക് പറന്നുയരാൻ ആഗ്രഹിച്ച് തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. അമേസ്, സിറ്റി, എലിവേറ്റ് എന്നിവരടങ്ങുന്ന മൂവർ സംഘത്തിന് കരുത്താവാൻ പുതിയൊരു ഹൈബ്രിഡ് എസ്‌യുവിയെ രംഗത്തിറക്കാനാണ് ഹോണ്ടയുടെ പദ്ധതി. മെയ് 22-ന് ZR-V എന്ന പുത്തൻ മോഡൽ ഔദ്യോഗികമായി രാജ്യത്ത് അരങ്ങേറ്റം കുറിക്കുന്നതായിരിക്കും. സിറ്റി സെഡാനൊപ്പം വിപണിയിലെത്താനിരിക്കുന്ന വാഹനത്തിനെയും കാത്ത് ഇവിടെ വലിയൊരു നിര തന്നെയാണ് കാത്തിരിക്കുന്നത്. അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മോഡലിന്റെ പുതിയ ടീസർ ചിത്രം പുറത്തിറക്കി ഹൈപ്പുയർത്തിയിരിക്കുകയാണ് ഹോണ്ട.
ഇന്ത്യയിൽ പുതുചരിത്രം കുറിക്കാൻ ഒരുങ്ങുന്ന സ്പോർട് യൂട്ടിലിറ്റി വാഹനം പ്രീമിയം സെഗ്മെന്റിലായിരിക്കും ഇടംപിടിക്കുകയെന്നാണ് വിവരം. ആഗോള വിപണികളിൽ തരംഗമായ ZR-V ഇവിടെയും ചരിത്രം ആവർത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ടീസർ ചിത്രത്തിലെ വിശദാംശങ്ങളിലേക്ക് വരികയാണെങ്കിൽ വാഹനത്തിന്റെ മുൻഭാഗത്തിന്റെ രൂപമാണ് ഇവിടെ കാണാനാവുന്നത്. മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ഇലുമിനേറ്റഡ് ഹോണ്ട ലോഗോ തന്നെയാണ് ഹൈലൈറ്റ്.

ഒപ്പം L-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് സിഗ്നേച്ചറും ആഗോള വിപണികളിൽ കാണപ്പെടുന്ന പരിചിതമായ ഫ്രണ്ട് ഗ്രിൽ വിഭാഗവും ടീസറിൽ കാണാം. ഏകദേശം 4.5 മീറ്റർ നീളമുള്ള ZR-V ഹോണ്ടയുടെ ഇന്ത്യൻ നിരയിലെ ഏറ്റവും വലിയ മോഡലായിരിക്കും കേട്ടോ. മൊത്തത്തിലുള്ള വലിപ്പം നോക്കിയാൽ 4,568 mm നീളവും 1,840 mm വീതിയും 1,620 mm ഉയരവും 2,657 mm വീൽബേസുമായിരിക്കും എസ്‌യുവിക്കുണ്ടാവുക.
ഒപ്പം സ്ലീക്കായുള്ള രൂപഘടനയും ശക്തമായ റോഡ് പ്രസൻസുമുള്ള പ്രീമിയം, സ്‌പോർട്ടി ഡിസൈൻ ഏതൊരാളെയും വിസ്മയിപ്പിക്കാൻ പാകമായിരിക്കും. എസ്‌യുവിയിൽ ഇന്റഗ്രേറ്റഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട് ഗ്രിൽ, എയറോഡൈനാമിക് റിയർ സ്‌പോയിലർ എന്നിവയെല്ലാം കൊടുത്തിട്ടുമുണ്ട്. ഹൈബ്രിഡ് എസ്‌യുവിയുടെ സ്‌പോർട്ടിനെസ് കൂടുതൽ ഉയർത്തുവാനായി ട്വിൻ എക്‌സ്‌ഹോസ്റ്റ് സജ്ജീകരണവും വാഹനത്തിന് സമ്മാനിക്കും.

ഫ്രീസ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ്, പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, 12-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ADAS സ്യൂട്ട്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, 6 എയർബാഗുകൾ എന്നിവയാണ് ഇൻ്റീരിയറിൽ പ്രതീക്ഷിക്കുന്ന മോഡേൺ ഫീച്ചറുകൾ. ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളും ബാറ്ററി പായ്ക്കും ചേർന്ന ഹോണ്ടയുടെ 2.0 ലിറ്റർ e:HEV ഹൈബ്രിഡ് സിസ്റ്റമാണ് ZR-V എസ്‌യുവിക്ക് തുടിപ്പേകുക.
ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 184 bhp കരുത്തിൽ പരമാവധി 315 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 22.2 കിലോമീറ്റർ മൈലേജാണ് ഈ പ്രീമിയം എസ്‌യുവിയിൽ ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. അതായത് ഫുൾടാങ്ക് നിറച്ചാൽ 1,000 കിലോമീറ്റർ വരെ യാത്ര ചെയ്യാനാവുമെന്ന് സാരം. പെർഫോമൻസിലേക്ക് നോക്കിയാൽ ഏകദേശം 8 സെക്കൻഡിനുള്ളിൽ 0-100 വേഗത കൈവരിക്കാൻ ഇതിന് കഴിയും.

എന്നാൽ പരമാവധി വേഗം 170 കിലോമീറ്ററായി ഹോണ്ട നിജപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. ഹോണ്ടയുടെ മുൻനിര എസ്‌യുവിയായി വിപണിയിലിറങ്ങുന്ന ZR-V പൂർണമായും വിദേശത്ത് നിർമിച്ചാവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. ആയതിനാൽ പുതിയ ZR-V ഹൈബ്രിഡ് എസ്‌യുവിക്ക് ഏകദേശം 40 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുമെന്നാണ് അനുമാനം. പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്പേസ്, സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ തുടങ്ങിയ എതിരാളികളുമായാവും മാറ്റുരയ്ക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications