വിപണി കിടുക്കാൻ മഹീന്ദ്ര, വരാനിരിക്കുന്നത് എസ്‌യുവികളുടെ വലിയ താരനിര; ആരൊക്കെയാണെന്ന് നോക്കിക്കെ
ഇന്ത്യയിൽ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ കമനീയ ശേഖരമുള്ളവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബൊലേറോ മുതൽ XEV 9S വരെ നീളുന്ന മോഡൽ നിര കണ്ടാൽ ആരായാലും വാങ്ങാൻ ഒന്ന് മോഹിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. ICE പോലെ തന്നെ ഇവി നിരയും വളർത്തിയെടുക്കുന്ന കമ്പനി ഇന്ത്യയ്ക്കായി പുതുപുത്തൻ എസ്‌യുവികളുടെ വലിയൊരു നിരയും അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന മോഡലുകളിൽ പുതിയ സ്റ്റൈലിംഗ്, ആധുനിക സാങ്കേതികവിദ്യ, മെച്ചപ്പെടുത്തിയ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം ചേർത്തുകൊണ്ടാവും കമ്പനി ഞെട്ടിക്കാൻ പോവുന്നത്.
അധികം വൈകാതെ ഇന്ത്യൻ വിപണി ഭരിക്കാൻ എത്തുന്ന മഹീന്ദ്ര എസ്‌യുവികളെ നമുക്കൊന്ന് പരിചയപ്പെട്ടാലോ? പഴയ കാർ കൊടുത്ത് പുത്തനൊരു എസ്‌യുവി സ്വന്തമാക്കാനിരിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന മോഡലുകളുടെ വരവിനായി കാത്തിരിക്കുന്നതാവും നല്ലത്. അല്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരുമെന്നതിൽ സംശയമൊന്നും വേണ്ട. അധികം വൈകാതെ നിരത്തുകൾ ഭരിക്കാൻ എത്തുന്ന മഹീന്ദ്ര എസ്‌യുവികളുടെ പട്ടിക ഇതാ.

XUV 3XO സിഎൻജി
കോംപാക്‌ട് എസ്‌യുവി വിഭാഗത്തെ ഇളക്കിമറിച്ച XUV 3XO മോഡലിന് പുതിയ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾ ഉടനെത്തുന്നതായിരിക്കും. കുറഞ്ഞ പ്രവർത്തനച്ചെലവ് ആഗ്രഹിക്കുന്ന വാങ്ങുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്യുന്ന വാഹനത്തിന് ഫാക്ടറിയിൽ ഘടിപ്പിച്ച CNG കിറ്റുമായി ജോടിയാക്കിയ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാവും തുടിപ്പേകാനായി എത്തുക. ദൈനംദിന ഡ്രൈവിംഗിന് ആവശ്യമായ പ്രായോഗികതയിൽ വിട്ടുവീഴ്ച ചെയ്യാതെ മെച്ചപ്പെട്ട ഇന്ധനക്ഷമത വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.
സ്കോർപിയോ N ഫെയ്‌സ്‌ലിഫ്റ്റ്
നിലവിൽ മഹീന്ദ്രയുടെ ടോപ്പ് സെല്ലിംഗ് മോഡലായ സ്കോർപിയോ N അധികം വൈകാതെ മുഖംമിനുക്കി വിപണിയിലെത്തുന്നതായിരിക്കും. പുതുക്കി പണിത ഗ്രിൽ, പുതുക്കിയ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവയുടെ രൂപത്തിലാവും എക്സ്റ്റീരിയറിലെ മാറ്റങ്ങൾ കാണാനാവുക. അതേസമയം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുള്ള കൂടുതൽ പ്രീമിയം ക്യാബിനും ഇതിലുണ്ടാകും.

നവീകരിച്ച ADAS സേഫ്റ്റി ഫീച്ചറുകളും പുതിയ സ്കോർപിയോ N ഫെയ്‌സ്‌ലിഫ്റ്റിൽ വാഗ്ദാനം ചെയ്തേക്കാം. മെക്കാനിക്കലായി കാര്യമായ നവീകരണങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി ജോടിയാക്കിയ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിനുകൾ തന്നെയാവും എസ്‌യുവിക്ക് തുടിപ്പേകാനായി എത്തുക. ഏകദേശം 14 ലക്ഷം രൂപയിൽ നിന്നാവും എക്സ്ഷോറൂം വില ആരംഭിക്കുക.
ന്യൂജെൻ ബൊലേറോ
ബൊലേറോയുടെ ന്യൂജെൻ മോഡലും ഈ വർഷം വിപണിയിലെത്തുമെന്നാണ് നിഗമനം. 2025 ഓഗസ്റ്റ് 15-ന് അരങ്ങേറ്റം കുറിച്ച വിഷൻ S കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാവും പുതുതലമുറ ആവർത്തനത്തെ ഒരുക്കുകയെന്നാണ് വിവരം. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഉപയോഗിച്ച് കൂടുതൽ ആധുനികമായ ഇൻ്റീരിയറും മോഡലിനൊപ്പം എത്താൻ സാധ്യതയുണ്ട്. ഡീസൽ എഞ്ചിൻ നിലനിർത്തുന്ന വാഹനത്തിൽ പുതിയ പെട്രോൾ ഓപ്ഷനും വാഗ്ദാനം ചെയ്യാം.

വിഷൻ T
കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിൽ പ്രദർശിപ്പിച്ച വിഷൻ T കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പും അധികം കാത്തിരുത്താതെ മഹീന്ദ്ര പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ഹ്യുണ്ടായി ക്രെറ്റ ആധിപത്യം പുലർത്തുന്ന ഉയർന്ന മത്സരാധിഷ്ഠിത മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇതിനെ ഒരുക്കുക. സ്പോർട്ടി എൽഇഡി ലൈറ്റിംഗ് സജ്ജീകരണം, ബീഫി ക്ലാഡിംഗ്, കൂപ്പെ സ്റ്റൈലിലുള്ള പ്രൊഫൈൽ എന്നിവയുള്ള ശക്തമായ ഡിസൈൻ ഭാഷയായിരിക്കും ഇത് അവതരിപ്പിക്കുക.
ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകൾ, പനോരമിക് സൺറൂഫ്, ലെവൽ 2 ADAS സാങ്കേതികവിദ്യ എന്നിവയുള്ള പ്രീമിയം ഇന്റീരിയറെല്ലാം ഇതിലുണ്ടാവും. മെക്കാനിക്കലായി പ്രൊഡക്ഷൻ-സ്പെക്ക് വിഷൻ T എസ്‌യുവിക്ക് ടർബോ പെട്രോൾ, ഡീസൽ ഓപ്ഷനുകൾ ലഭിച്ചേക്കാം. എസ്‌യുവിയുടെ പ്രാരംഭ വില 13 ലക്ഷം രൂപ മുതൽ പ്രതീക്ഷിക്കാവുന്നതാണ്. ഇതോടെ സെഗ്മെന്റിലെ ഹ്യുണ്ടായുടെ ആധിപത്യവും മഹീന്ദ്രയ്ക്ക് അവസാനിപ്പിക്കാനാവുമെന്നാണ് അനുമാനം.
BO7 ഇവി
വരാനിരിക്കുന്ന BO7 ഇലക്ട്രിക് എസ്‌യുവി ബ്രാൻഡിന്റെ ഏറ്റവും നൂതനമായ ഇവികളായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. BE 6, XEV 9e എന്നിവയ്ക്ക് അടിസ്ഥാനമായ അതേ INGLO പ്ലാറ്റ്‌ഫോമിലാണ് ഇതും പണികഴിപ്പിക്കുക. എയറോഡൈനാമിക് ബോഡി വർക്ക്, ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാറുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവ ഉപയോഗിച്ച് മഹീന്ദ്ര വൈദ്യുതീകരിച്ച എസ്‌യുവിക്ക് ഉയർന്ന ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗ് നൽകിയേക്കാം. 59 kWh, 79 kWh ബാറ്ററി ഓപ്ഷനുകളും ലഭിക്കുന്ന മോഡലിന് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ചും നൽകാനായേക്കും.


Click it and Unblock the Notifications