40KM മൈലേജ്? ഹൈബ്രിഡാവാൻ പോവുന്ന മാരുതി കാറുകൾ, ഞെട്ടിക്കാൻ സ്വിഫ്റ്റ് മുതൽ ബലേനോ വരെ
മാരുതി സുസുക്കിയുടെ കാറുകളെ അന്നും ഇന്നും എന്നും ആളുകൾ ഇഷ്‌ടപ്പെടാനുള്ള പ്രധാന കാരണം മൈലേജ് തന്നെയാണ്. കൊണ്ടുനടക്കാൻ പോക്കറ്റ് കീറില്ലെന്ന ഉറപ്പ് എന്തായാലും ഗ്യാരണ്ടിയാണ്. ഡീസൽ എഞ്ചിനുകളോട് ഗുഡ്ബൈ പറഞ്ഞപ്പോൾ പലരും നിരാശരായെങ്കിലും പകരം കൊണ്ടുവന്ന ഹൈബ്രിഡ് ടെക്കിനെ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. ഗ്രാൻഡ് വിറ്റാരയിലും ഹൈറൈഡറിലും ഉപയോഗിച്ച ഈ സംവിധാനം കാരണം ഇന്ത്യയിൽ ഹൈബ്രിഡുകൾക്ക് സ്വീകാര്യത വർധിച്ചുവരികയാണ്. മാരുതിക്കും ടൊയോട്ടയ്ക്കും പുറമെ നിരവധി നിർമാതാക്കൾ ഇപ്പോൾ ഇന്ത്യയ്ക്കായി ഹൈബ്രിഡ് കാറുകൾ പണികഴിപ്പിക്കുന്നുമുണ്ട്.
ഗ്രാൻഡ് വിറ്റാരയ്ക്കും വിക്ടോറിസിനും പുറമെ ഏഴോളം പുതിയ ഹൈബ്രിഡ് കാറുകളാണ് മാരുതി സുസുക്കി തങ്ങളുടെ നിരയിലേക്ക് ചേർക്കാൻ ഒരുങ്ങുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇവയ്ക്കായി ഒന്നിലധികം മോഡലുകളിൽ ഉപയോഗിക്കുന്നതിനായി ചെലവ് കുറഞ്ഞ ഒരു സീരീസ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഹൈബ്രിഡാവാൻ പോവുന്ന മാരുതി കാറുകൾ ഏതെല്ലാമെന്ന് ഒന്ന് പരിചയപ്പെട്ടാലോ?

മാരുതി ഫ്രോങ്ക്‌സ്
മാരുതി സുസുക്കിക്കായി സർപ്രൈസ് ഹിറ്റ് ഒരുക്കിയ ഫ്രോങ്ക്‌സിലേക്ക് സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ എത്തുമെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. ഇതിനോടകം വിദേശ വിപണികളിൽ എത്തിയ മോഡൽ അധികം വൈകാതെ ഇന്ത്യയിലേക്കും എത്തുമെന്ന് തന്നെയാണ് വിവരം. പുതിയ സീരീസ് ഹൈബ്രിഡ് എഞ്ചിൻ ലഭിക്കുന്ന ആദ്യത്തെ മാരുതി സുസുക്കി മോഡലായിരിക്കും ഫ്രോങ്ക്സ്. വരും മാസങ്ങളിൽ ഇത് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
മിക്കവാറും 2027 കലണ്ടർ വർഷത്തിന്റെ തുടക്കത്തിൽ ഫ്രോങ്ക്‌സ് ഹൈബ്രിഡ് യാഥാർഥ്യമായേക്കാം. 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നതാവും നല്ലത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ അടിസ്ഥാനമായി ഉപയോഗിക്കുന്ന ഒരു സീരീസ് ഹൈബ്രിഡ് പവർട്രെയിൻ ആയിരിക്കും ഫ്രോങ്ക്‌സ് ഹൈബ്രിഡിന് തുടിപ്പേകാൻ എത്തുക. ഇതുവഴി 35 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമതയും നൽകാൻ വാഹനത്തിനായേക്കും.

മാരുതി സ്വിഫ്റ്റ്
മാരുതി സുസുക്കിയുടെ ഹോട്ട് സെല്ലിംഗ് മോഡലായ സ്വിഫ്റ്റും പുതിയ സീരീസ് ഹൈബ്രിഡ് എഞ്ചിൻ സ്വീകരിക്കുന്നതായിരിക്കും. ഫ്രോങ്ക്‌സിന് തുടിപ്പേകാൻ എത്തുന്ന അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ അധിഷ്ഠിത സീരീസ് ഹൈബ്രിഡ് സജ്ജീകരണം തന്നെയായിരിക്കും ജനകീയ കാറിലും ഉപയോഗിക്കുക. ഹൈബ്രിഡ് സ്വിഫ്റ്റ് 2027 ഓടെ വിപണിയിലെത്തുമെന്നാണ് നിലവിൽ പ്രതൾക്ഷിക്കുന്നത്. വില ഫ്രോങ്ക്സിലും താഴെയായിരിക്കുമെന്നതാണ് രസകരമാവുന്ന കാര്യം.
മാരുതി ഡിസയർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ മാരുതി സുസുക്കി ഡിസയറും ഹൈബ്രിഡ് എഞ്ചിനിലേക്ക് അടുത്ത വർഷത്തോടെ മാറുന്നതായിരിക്കും. 1.2 ലിറ്റർ Z12E അടിസ്ഥാനമാക്കിയുള്ള അതേ ഹൈബ്രിഡ് സജ്ജീകരണം തന്നെയായിരിക്കും ഇതിലും ലഭിക്കുക. നിലവിലെ കച്ചോടം ഇരട്ടിയാക്കാൻ സഹായിക്കുന്ന സംവിധാനത്തിലൂടെ കോംപാക്‌ട് സെഡാൻ എതിരാളികളില്ലാതെ മാറുമോയെന്നതാണ് കണ്ടറിയേണ്ടത്.

മാരുതി ബലേനോ
ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഒരു ക്രോസ്ഓവറാണ് ഫ്രോങ്ക്സ് എന്നതിനാൽ ബലേനോയ്ക്കും സീരീസ് ഹൈബ്രിഡ് പവർട്രെയിൻ ലഭിച്ചേക്കാം. ഫ്രോങ്ക്സ്, സ്വിഫ്റ്റ്, ഡിസയർ എന്നിവയിലെ അതേ സജ്ജീകരണം ഇതിന് ലഭിക്കാൻ സാധ്യതയുണ്ട്. അടുത്ത വർഷമോ അല്ലെങ്കിൽ അതിന് ശേഷമോ ഹൈബ്രിഡ് ബലേനോ അരങ്ങേറ്റം കുറിക്കുമെന്നാണ് അനുമാനം. നല്ല മൈലേജും അകത്തെ സ്പേസുമെല്ലാം ബലേനോയെ കൂടുതൽ ഫാമിലി ഫ്രണ്ട്ലിയാക്കും.
മാരുതി എർട്ടിഗ/XL6
മാരുതി എർട്ടിഗ, XL6 എന്നീ രണ്ട് ജനപ്രിയ എംപിവികൾക്കും 1.5 ലിറ്റർ പെട്രോൾ എഞ്ചിനെ അടിസ്ഥാനമാക്കിയുള്ള ശക്തമായ ഒരു ഹൈബ്രിഡ് സജ്ജീകരണം ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗ്രാൻഡ് വിറ്റാര, വിക്ടോറിസ് പോലുള്ള മോഡലുകളിൽ കമ്പനിക്ക് ഇതിനകം തന്നെ 1.5 ലിറ്റർ ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ആയതിനാൽ ഇവ 7-സീറ്റർ, 6-സീറ്റർ മോഡലുകളിലേക്ക് അവതരിപ്പിക്കാൻ മാരുതിക്ക് എളുപ്പത്തിൽ സാധിക്കും.


Click it and Unblock the Notifications