627+ KM റേഞ്ചുള്ള ടാറ്റയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി, വരവിന് മുമ്പേ വിശ്വരൂപം പുറത്തുകാട്ടി സിയറ ഇവി
ഇലക്‌ട്രിക് വാഹന വിപണിയിൽ എംജിയും മഹീന്ദ്രയും ആഞ്ഞുപിടിച്ചിട്ടും ടാറ്റ മോട്ടോർസിന്റെ (Tata Motors) ആധിപത്യം തകർക്കാനാവുന്നില്ലെന്നതാണ് സത്യം. ജനങ്ങളുടെ പൾസറിഞ്ഞ് കൃത്യമായി മോഡലുകളെ വൈദ്യുതീകരിക്കുന്ന കമ്പനി അടുത്തതായി കൊണ്ടുവരുന്നത് ഇതിഹാസ മോഡലായ സിയറയുടെ ഇവി പതിപ്പാണ്. ഇതിനോടകം ടീസറുകളിലൂടെ ഹൈപ്പുയർത്തിവെച്ചിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി ജൂൺ 30-ന് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. അതായത് ദിവസങ്ങൾക്കുള്ളിൽ സിയറ ഇലക്ട്രിക് നമ്മുടെ നിരത്തുകളിൽ എത്തുമെന്ന് ചുരുക്കം. CE എഞ്ചിൻ സിയറയുടെ വിജയം ആവർത്തിക്കാൻ വൈദ്യുത പതിപ്പും കൂടിയെത്തുമ്പോൾ ആരാധകരെല്ലാം വമ്പൻ ആവേശത്തിലാണ്.
ഈ ആവേശത്തിന് ഇരട്ടിയാക്കുവാനായി സിയറ ഇവിയുടെ രൂപവും വെളിപ്പെടുത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവി ശ്രേണിയിലെ ഹാരിയർ ഇവിക്ക് താഴെയായിരിക്കും സിയറ ഇവിയുടെ സ്ഥാനം എന്നതിനാൽ 20 ലക്ഷത്തിൽ താഴെയാണ് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. ICE പതിപ്പിൽ നിന്നും നിന്ന് വലിയ മാറ്റമൊന്നും വരുത്താതെയുള്ള ഡിസൈൻ തന്നെ സ്വീകരിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

ആരുകണ്ടാലും കൊതിക്കുന്ന സുന്ദര രൂപത്തിൽ ഇവി നിർദിഷ്ട മാറ്റങ്ങൾ മാത്രമാണ് നടപ്പിലാക്കിയിരിക്കുന്നത്. സിയറ ഇവിയിൽ സാധാരണ സിയറയുടെ ബ്ലാക്ക്ഡ്-ഔട്ട് ഫങ്ഷണൽ ഗ്രില്ലിന് പകരം ബോഡി-കളർ ബ്ലാങ്ക്ഡ്-ഓഫ് ഗ്രിൽ നൽകിയിരിക്കുന്നത് മനോഹരമായിട്ടുണ്ട്. ലൈറ്റിംഗ് ഘടകങ്ങൾ അതേപടി തുടരുന്നതും കൈയടി നേടും. പെട്രോൾ, ഡീസൽ സിയറയിലുള്ള എൽഇഡി ലൈറ്റ് ബാറിന് തൊട്ടുതാഴെയുള്ള 'സിയറ' ബ്രാൻഡിംഗ് ഇവിയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
ബമ്പറിന് ഗ്ലോസ് ബ്ലാക്ക് ഫിനിഷും ഒരു ഫോക്സ് സിൽവർ സ്കിഡ് പ്ലേറ്റും മുൻവശത്തിന് ചെറിയ മാറ്റങ്ങളൊക്കെ നൽകുന്നുണ്ട്. ചുരുക്കത്തിൽ സിയറ ഇവിയിൽ വ്യത്യസ്‌ത കളർ കോമ്പിനേഷൻ ഉപയോഗിച്ചാണ് നവീകരണങ്ങൾ കൊണ്ടുവന്നിരിക്കുന്നതെന്ന് സാരം. വശങ്ങളിലും പിൻഭാഗത്തും കാര്യമായ നവീകരണമൊന്നുമില്ല. ഫ്രണ്ട് ഡോറുകളിലും ടെയിൽ ഗേറ്റിലെയും 'സിയറ ഇവി' ബാഡ്ജിംഗ് മാത്രമാണ് ആകെയുള്ള കൂട്ടിച്ചേർക്കൽ.

അതേസമയം 19 ഇഞ്ച് അലോയ് വീലുകളും ICE പതിപ്പിന് സമാനമാണ്. കാഴ്ച്ചയിൽ കൂടുതൽ പുതുമ കൊണ്ടുവരുവാനായി ആകർഷകമായ കളർ ഓപ്ഷനുകളും അവതരിപ്പിച്ചേക്കും. ഇനി ഇന്റീരിയറിലേക്ക് വന്നാൽ അകത്തളവും ഏറെക്കുറെ സമാനമായിരിക്കും. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ, 12.3 ഇഞ്ച് പാസഞ്ചർ സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം ഉയർന്ന ട്രിമ്മുകളിൽ നിലനിർത്തിയേക്കും.
അതേസമയം ലോവർ വേരിയന്റുകളിൽ ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണവും ഹെഡ്-അപ്പ് ഡിസ്‌പ്ലേയും (HUD) ലഭിക്കും. പനോരമിക് സൺറൂഫ്, പവർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പ്രീമിയം ഓഡിയോ സിസ്റ്റം, ഡ്രൈവ് മോഡുകൾ എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയിൽ പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകൾ. മെക്കാനിക്കലായി ഹാരിയർ ഇവിയുടെ 65kWh, 75kWh ബാറ്ററി ഓപ്ഷനുകൾ സിയറ ഇവിയും കടമെടുത്തേക്കാം.

ടോപ്പ്-സ്പെക്ക് ട്രിമ്മിൽ ഓൾ-വീൽ ഡ്രൈവ് സഹിതമാവും സിയറ ഇവിയും വാഗ്ദാനം ചെയ്യുന്നതെന്ന് ടാറ്റ അടുത്തിടെ സ്ഥിരീകരിച്ചിട്ടുണ്ട്. താഴ്ന്ന വകഭേദങ്ങൾ റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ വരുമെന്ന് പ്രതീക്ഷിക്കാം. സിയറ ഹാരിയർ ഇവിയേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമായിരിക്കും. അതിനാൽ റേഞ്ച് കണക്കുകളും കൂടുതലായിരിക്കും. നിലവിൽ ഹാരിയർ ഇലക്ട്രിക്കിന്റെ വലിയ ബാറ്ററി പായ്ക്ക് ഫുൾ ചാർജിൽ 627 കിലോമീറ്റർ വരെ റേഞ്ചാണ് അവകാശപ്പെടുന്നത്.
മെച്ചപ്പെട്ട റൈഡ് ക്വാളിറ്റിക്കായി ടാറ്റ സിയറ ഇവിൽ മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷൻ ഉണ്ടായിരിക്കും. ബാറ്ററി പായ്ക്കിൽ സംഭരിച്ചിരിക്കുന്ന ഊർജം വഴി ബാഹ്യ ഉപകരണങ്ങൾക്ക് പവർ നൽകാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു വെഹിക്കിൾ-ടു-ലോഡ് (V2L) ബൈ-ഡയറക്ഷണൽ ചാർജിംഗ് ഫംഗ്ഷനും സിയറ ഇവിയിൽ സ്റ്റാൻഡേർഡായിരിക്കും. വിപണിയിലെത്തുമ്പോൾ 18 ലക്ഷം മുതൽ 25 ലക്ഷം വരെ എക്സ്ഷോറൂം വിലയാവും വാഹനത്തിനുണ്ടാവുക.


Click it and Unblock the Notifications