പഴയ കാർ മാറ്റി ഇവി വാങ്ങുന്നോ? ഇലക്‌ട്രിക് എസ്‌യുവികൾക്ക് 1.30 ലക്ഷത്തിൻ്റെ എക്സ്ചേഞ്ച് ഓഫറുമായി VinFast
ടാറ്റ മോട്ടോർസും മഹീന്ദ്രയും എംജിയുമെല്ലാം വിരാജിക്കുന്ന ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് മെറിറ്റിൽ എത്തിയവരാണ് വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ്. ഇന്ത്യക്കായി പുറത്തിറക്കിയ ആദ്യ രണ്ട് മോഡലുകളൂടേയും വില നിർണയത്തിലൂടെ എല്ലാവരേയും ഞെട്ടിച്ച കമ്പനി വിൽപ്പനയിലും കുതിക്കുകയാണിപ്പോൾ. വിപണനം ആരംഭിച്ച് വെറും നാല് മാസത്തിനുള്ളില്‍ 1,000 ഇവികൾ നിരത്തിലെത്തിച്ച് വരവറിയിക്കാനും വിൻഫാസ്റ്റിന് സാധിച്ചിരുന്നു. നിലവിൽ പ്രമുഖർ പിന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായി വിലസുകയാണ് ആശാൻമാർ. ഹ്യുണ്ടായി, കിയ, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളെയാണ് പിന്നിലാക്കിയുള്ള കുതിപ്പ് അങ്ങനെ നിസാരവത്ക്കരിക്കാനുമാവില്ലല്ലോ.
കുതിപ്പ് തുടരാനായി തങ്ങളുടെ മോഡൽ നിരയിൽ കിടിലൻ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് വിൻഫാസ്റ്റ്. വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ VF6, VF7 ഇലക്ട്രിക് എസ്‌യുവികൾക്കായി ഒരു 'വാല്യു അഷ്വർഡ്' പ്രോഗ്രാം പ്രഖ്യാപിച്ചകൊണ്ടാണ് മുമ്പോട്ടെത്തിയിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനത്തിന് പകരമായി VF6 അല്ലെങ്കിൽ VF7 ഇവികളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോൾ 1.30 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.

ഈ എക്സ്ചേഞ്ച് ഓഫറിന് പുറമേ വിൻഫാസ്റ്റ് എക്സ്ഷോറൂം വിലയുടെ 75 ശതമാനം വരെ ഉറപ്പായ റീസെയിൽ വാല്യുവും VF6, VF7 ഇലക്ട്രിക് എസ്‌യുവികളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 2 മുതൽ 5 വർഷം വരെയുള്ള പ്ലാനുകളിൽ കമ്പനി പിന്തുണയുള്ള ബൈബാക്ക് ഓപ്ഷനുകൾ ലഭ്യമാണ്. രണ്ട് എസ്‌യുവികളിലും 3 ശതമാനം ലോയൽറ്റി ആനുകൂല്യവും ലഭ്യമാണെന്നതിനാൽ വൈദ്യുത വാഹനങ്ങളിലേക്ക് ചേക്കേറാനിരിക്കുന്നവർക്ക് കൈവന്നിരിക്കുന്ന സുവർണാവസരമാണിത്.
പഴയ ഇൻ്റേണൽ കംബഷൻ എഞ്ചിൻ കാറുകളിൽ നിന്നും ഇവികളിലേക്ക് മാറാനിരിക്കുന്നവർക്ക് ധൈര്യമായി വിൻഫാസ്റ്റിൻ്റെ ഓഫർ ഉപയോഗപ്പെടുത്താനാവുന്നതാണ്. ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന രണ്ട് മോഡലുകളും നല്ല മിടുക്കൻമാരാണെന്നത് കൂടി കണക്കിലെടുക്കുമ്പോൾ സംഗതി ഉഷാറാവുകയും ചെയ്യും. ബ്രാൻഡിൻ്റെ നിലവിലെ എൻട്രി ലെവൽ ഓഫറായ VF6 ഇവി 59.6kWh ബാറ്ററി പായ്ക്ക് നൽകുന്ന ഒരു ഇടത്തരം ഇലക്ട്രിക് എസ്‌യുവിയാണ്.

ഇതിന് 17.29 ലക്ഷം മുതൽ 19.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില നൽകേണ്ടി വരിക. 21.89 ലക്ഷം രൂപ മുതൽ 26.79 ലക്ഷം രൂപ വരെ വിലയുള്ള ഫ്ലാഗ്ഷിപ്പ് VF7 മോഡലും ഇന്ത്യക്കാർക്ക് തികച്ചും അനുയോജ്യമായ ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നാണ്. 59.6kWh ബാറ്ററി പായ്ക്ക് വേരിയന്റുകളിലും 70kWh ബാറ്ററി പായ്ക്ക് വേരിയന്റുകളിലും ലഭ്യമാണെന്നത് വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആകർഷിക്കും.
59.6 kWh ബാറ്ററി പായ്ക്കുമായി വരുന്ന വിൻഫാസ്റ്റ് VF6 ഫുൾ ചാർജിൽ 468 കിലോമീറ്റർ വരെ റേഞ്ച് നൽകുമ്പോൾ VF7 ഇവിയിൽ ഉപയോഗിച്ചിരിക്കുന്ന 75.3 kWh ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 431 കിലോമീറ്റർ റേഞ്ച് വരെയും നൽകുമെന്നാണ് വിയറ്റ്നാമീസ് ബ്രാൻഡ് പറയുന്നത്. കമ്പനി ഉടൻ തന്നെ ഒരു ഇലക്ട്രിക് എംപിവി പുറത്തിറക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ.

ലിമോഗ്രീൻ എംപിവിക്ക് ശേഷം ഈ വർഷം അവസാനത്തോടെ വിൻഫാസ്റ്റ് VF3 മൈക്രോ ഇവി, VF5 ഇലക്ട്രിക് ഹാച്ച്ബാക്ക് എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നതായിരിക്കും. വാഹനങ്ങള്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്നത് വഴി ഇറക്കുമതി തീരുവ കുറയ്ക്കാനും കുറഞ്ഞ വിലയില്‍ വാഹനങ്ങള്‍ വിപണിയിലെത്തിക്കാനും കമ്പനിക്ക് സാധിക്കുന്നുണ്ട്.
ഇതുതന്നെയാണ് അതിവേഗം ഹിറ്റടിക്കാനും കാരണമായിരിക്കുന്നത്. കാറുകള്‍ക്ക് പുറമെ ഇലക്ട്രിക് ബസ്, സ്‌കൂട്ടര്‍ വിപണിയിലേക്കും കടക്കാന്‍ പോകുന്ന വിന്‍ഫാസ്റ്റ് ഇതിനായി സിപ്കോട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ 200 ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കാന്‍ തമിഴ്നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. അങ്ങനെ ഇന്ത്യയുടെ വൈദ്യുത വാഹന രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള എല്ലാ പദ്ധതികളും ഒരുക്കി മുമ്പോട്ട് പോവുകയാണ് വിൻഫാസ്റ്റ്.


Click it and Unblock the Notifications








