ഇന്ധനപ്പേടി വേണ്ട, കെഎസ്ഇബിയുടെ കറണ്ടിൽ ഓടിക്കോളും; കാർ വിലയുടെ 3 ശതമാനം ഡിസ്‌കൗണ്ടുമായി VinFast
ഇലക്‌ട്രിക് പാസഞ്ചർ വാഹന വിപണിയിലേക്ക് ടാറ്റ മോട്ടോർസും എംജി മോട്ടോർസും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ആധിപത്യം സ്ഥാപിച്ചപ്പോൾ രാജ്യത്തെ പ്രമുഖരായ ഹ്യുണ്ടായിക്കും മാരുതി സുസുക്കിക്കും കാര്യമായ സംഭാവനയൊന്നും നൽകാനാവാതെ കിതക്കുകയാണ്. എന്നാൽ ഈ അവസരം മുതലെടുത്ത് വിയറ്റ്നാമീസ് വൈദ്യുത വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ഇവി ബ്രാൻഡായി വിലസുകയാണ്. VF6, VF7 തുടങ്ങിയ രണ്ട് കിടിലൻ മോഡലുകളെ ഇന്ത്യക്ക് സമ്മാനിച്ചാണ് വിൻഫാസ്റ്റ് അതിവേഗം ഈ സ്ഥാനം കൈക്കലാക്കിയത്. ആദ്യ ഇവികളുടേയും വില നിർണയത്തിൽ ഞെട്ടിച്ചതാണ് വിയറ്റ്നാമീസിന് കരുത്തായത്.
ഇത്രയും രണ്ട് കിടിലൻ ഇവികൾ മാന്യമായ വിലയിൽ നൽകാനായതിൽ വിൻഫാസ്റ്റിന് അഭിമാനിക്കാം. വിൽപ്പന തുടങ്ങി വെറും 4 മാസത്തിനുള്ളില്‍ 1,000 യൂണിറ്റുകൾ നിരത്തിലെത്തിച്ച് വരവറിയിക്കാനും ബ്രാൻഡിനായി. ഈ വേഗം നിലനിർത്തുവാനായി കഴിഞ്ഞ കുറച്ച് മാസങ്ങളായി മോഡൽ നിരയിൽ ചില ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്‌തുകൊണ്ട് കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് ആകർഷിക്കുകയാണ് നിർമാതാക്കൾ.

ഈ മാർച്ച് മാസത്തിൽ നിങ്ങളുടെ പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് VF6 അല്ലെങ്കിൽ VF7 ഇവികളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വിൻഫാസ്റ്റ് 3 ശതമാനം ഡിസ്‌കൗണ്ട് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ്. യുഎസും ഇറാനും തമ്മിൽ നടക്കുന്ന സംഘർഷങ്ങൾക്ക് പിന്നാലെ ആഗോള ഇന്ധന വില പ്രവചനാതീതമായ അവസ്ഥയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഒപ്പം ഇന്ധനക്ഷാമം വരുമോയെന്ന ആശങ്കകളും കൂടിയാവുമ്പോൾ ഇവികളിലേക്ക് മാറിയാലോ എന്ന് പലരും ചിന്തിച്ചേക്കാം.
ഇത്തരക്കാരെ എത്രയും പെട്ടന്ന് ചാക്കിലാക്കുവാനായാണ് ഇത്തരത്തിലൊരു ഗംഭീര ഓഫർ വിൻഫാസ്റ്റ് മുമ്പോട്ട് വെക്കുന്നത്. ഓഫറിന്റെ സാധുതയ്ക്കുള്ള സമയപരിധി വിൻഫാസ്റ്റ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന സംഭവവികാസങ്ങളെയും ഭാവിയിലെ ഇന്ധന വില ചലനങ്ങളെയും ആശ്രയിച്ച് പ്രോഗ്രാം കൂടുതൽ സമയത്തേക്ക് നീട്ടാൻ സാധ്യതയുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

3 ശതമാനം കിഴിവോടെ VF6 വാങ്ങുന്നവർക്ക് 57,570 രൂപ വരെ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. അതേസമയം, VF7 ഇവിക്ക് 3 ശതമാനം കിഴിവോടെ 80,370 രൂപ വരെ ആനുകൂല്യം ലഭിക്കാൻ സാധ്യതയുണ്ട്. മുമ്പ് അവതരിപ്പിച്ചിരുന്ന നിലവിലുള്ള ആനുകൂല്യങ്ങൾക്ക് പുറമേ ഈ ഓഫർ നൽകുമെന്നാണ് വിൻഫാസ്റ്റ് അറിയിച്ചിരിക്കുന്നത്. 2026 ഫെബ്രുവരിയിൽ കമ്പനി ഒരു 'വാല്യു അഷ്വർഡ്' പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനത്തിന് പകരമായി VF6 അല്ലെങ്കിൽ VF7 ഇവികളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോൾ 1.30 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താം.
ഈ എക്സ്ചേഞ്ച് ഓഫറിന് പുറമേ ഇലക്ട്രിക് എസ്‌യുവികളുടെ എക്സ്ഷോറൂം വിലയുടെ 75 ശതമാനം വരെ ഉറപ്പായ റീസെയിൽ വാല്യുവും വിൻഫാസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. 2 മുതൽ 5 വർഷം വരെയുള്ള പ്ലാനുകളിൽ കമ്പനി പിന്തുണയുള്ള ബൈബാക്ക് ഓപ്ഷനുകൾ ലഭ്യമാണ്. രണ്ട് എസ്‌യുവികളിലും 3 ശതമാനം ലോയൽറ്റി ആനുകൂല്യവും ലഭ്യമാണെന്നതിനാൽ വൈദ്യുത വാഹനങ്ങളിലേക്ക് ചേക്കേറാനിരിക്കുന്നവർക്ക് കൈവന്നിരിക്കുന്ന സുവർണാവസരമാണിത്.

നിലവിൽ വിൻഫാസ്റ്റിൻ്റെ ഇന്ത്യൻ നിരയിൽ VF6, VF7 എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവികൾ മാത്രമേയുള്ളൂ. ആദ്യത്തേതിന് 17.29 ലക്ഷം മുതൽ 19.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. രണ്ടാമത്തേതിന് 21.89 ലക്ഷം മുതൽ 26.79 ലക്ഷം രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ബ്രാൻഡിൻ്റെ നിലവിലെ എൻട്രി ലെവൽ ഓഫറായ VF6 ഇവി 59.6kWh ബാറ്ററി പായ്ക്ക് നൽകുന്ന ഒരു ഇടത്തരം ഇലക്ട്രിക് എസ്‌യുവിയാണ്.
59.6kWh, 70kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഫ്ലാഗ്ഷിപ്പ് മോഡലായ VF7 ഇവിയിൽ ഒരുക്കിയിട്ടുള്ളത്. 59.6 kWh ബാറ്ററി പായ്ക്കുമായി വരുന്ന വിൻഫാസ്റ്റ് VF6 ഫുൾ ചാർജിൽ 468 കിലോമീറ്റർ വരെ റേഞ്ച് നൽകുമ്പോൾ VF7 ഇവിയിൽ ഉപയോഗിച്ചിരിക്കുന്ന 75.3 kWh ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 431 കിലോമീറ്റർ റേഞ്ച് വരെയും നൽകുമെന്നാണ് വിയറ്റ്നാമീസ് ബ്രാൻഡ് പറയുന്നത്. അധികം വൈകാതെ ഇന്ത്യയിലെ മോഡൽ നിര വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് വിൻഫാസ്റ്റ് ഇപ്പോൾ.


Click it and Unblock the Notifications








