ഇനി ക്ലച്ച് ചവിട്ടി ക്ഷീണിക്കില്ല, രണ്ട് കാറുകളിലേയും മാനുവൽ വേരിയൻ്റുകൾ നിർത്തലാക്കി ഫോക്‌സി
ഒരുകാലത്ത് പോളോ എന്ന പ്രീമിയം ഹാച്ച്ബാക്കിലൂടെയായിരുന്നു ഫോക്‌സ്‌വാഗൺ (Volkswagen) അറിയപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ വെർട്ടിസും ടൈഗൂണുമാണ് ജർമൻ വാഹന നിർമാതാക്കളുടെ അഡ്രസ്. ഇന്ത്യ 2.0 പ്രൊജക്റ്റിൻ്റെ ഭാഗമായി എത്തിയ ഇരുമോഡലുകളും രാജ്യത്ത് വലിയ ഓളമുണ്ടാക്കിയിട്ടുണ്ട്. എത്തിയിട്ട് കുറച്ച് വർഷമായെങ്കിലും ഇതുവരെ ജനപ്രീതിയിൽ ഇടിവൊന്നും സംഭവിക്കാതെ മുമ്പോട്ട് കൊണ്ടുപോവാൻ കമ്പനിക്കാവുന്നുണ്ട്. ഇപ്പോഴിതാ ഈ മോഡലുകൾ വാങ്ങിനിരിക്കുന്നവരെ കാത്ത് ഞെട്ടിക്കുന്നൊരു വാർത്തയാണ് ഫോക്‌സ്‌വാഗണിൽ നിന്നും വരുന്നത്. ഇരുമോഡലുകളുടെയും 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ ബ്രാൻഡ് നിർത്തലാക്കിയിരിക്കുകയാണ്.
വെർട്ടിസ്, ടൈഗൂൺ 1.5 TSI വകഭേദങ്ങൾ ഇപ്പോൾ 7-സ്പീഡ് DSG ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ. അപ്രതീക്ഷിതമായ ഈ നീക്കം മാനുവൽ ഗിയർബോക്‌സ് പ്രേമികളെ സങ്കടത്തിലാഴ്ത്തുമെന്നതിൽ സംശയമൊന്നുമില്ല. റെസ്പോൺസീവായ ഡ്രൈവിംഗ് അനുഭവത്തിനായി ഫോക്‌സ്‌വാഗൺ തങ്ങളുടെ മെയ്‌ഡ് ഇൻ ഇന്ത്യ മോഡലുകളിൽ 1.5 TSI 6-സ്പീഡ് മാനുവൽ വകഭേദങ്ങൾക്കാണ് മുൻഗണന നൽകിയിരുന്നത്.

ഇവ കൂടുതൽ താങ്ങാനാവുന്ന വിലയിലും ലഭ്യമായിരുന്നുവെന്നതും ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ സഹായിച്ചിരുന്നു. വെർട്ടിസ് 1.5 TSI മാനുവലിന് 17.09 ലക്ഷം രൂപയും ടൈഗൂണിന് 17.04 ലക്ഷം രൂപയുമായിരുന്നു പ്രാരംഭ വിലയായി നിശ്ചയിച്ചിരുന്നത്. 6-സ്പീഡ് മാനുവൽ മോഡലുകൾ ഇനി ലഭ്യമല്ലെങ്കിലും ഓട്ടോമാറ്റിക്കിൽ വാങ്ങാനാവുമെന്നത് ആശ്വാസകരമാണ്. ക്ലച്ചിൻ്റെ പേടിയില്ലാതെ ചീറിപ്പായാല്ലോ.
വെർട്ടിസിൻ്റെയും ടൈഗൂണിൻ്റെയും 1.5 TSI GT പ്ലസ് ക്രോം DSG വേരിയൻ്റുകൾക്ക് യഥാക്രമം 18.80 ലക്ഷം രൂപയിലും 18.95 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്. അതേസമയം കാറുകളുടെ 1.5 TSI GT പ്ലസ് സ്‌പോർട് DSG പതിപ്പുകൾക്ക് യഥാക്രമം 19 ലക്ഷം രൂപയും 19.19 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇവയിലെ 1,500 സിസി ടർബോ പെട്രോൾ എഞ്ചിന് 150 bhp പവറിൽ പരമാവധി 250 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ട്രാൻസ്മിഷനിൽ വ്യത്യാസമുണ്ടെങ്കിലും മാനുവലിലും ഓട്ടോമാറ്റിക്കിലും പവർഔട്ട്പുട്ട് കണക്കുകൾ സമാനമാണ് കേട്ടോ. 2024 സെപ്റ്റംബറിൽ സ്ലാവിയ, കുഷാഖ് മോഡലുകൾക്ക് വേണ്ടി സ്കോഡ നടത്തിയ സമാനമായ നീക്കത്തിന് പിന്നാലെയാണ് 1.5 TSI എഞ്ചിനുള്ള മാനുവൽ ഓപ്ഷൻ നിർത്തലാക്കാനുള്ള ഫോക്‌സ്‌വാഗണിൻ്റെ തീരുമാനവും എത്തുന്നത്. നിലവിൽ ഓട്ടോമാറ്റിക് കാറുകൾക്കാണ് ഡിമാൻ്റ് കൂടുതൽ ലഭിക്കുന്നത് എന്നതിനാലാവാം മാനുവൽ ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചത്.
വെർട്ടിസ് അല്ലെങ്കിൽ ടൈഗൂൺ എന്നിവയിൽ മാനുവൽ ഗിയർബോക്‌സ് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് 1.0 ലിറ്റർ TSI എഞ്ചിൻ ഓപ്ഷനിലേക്ക് പോവാം. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ഈ എഞ്ചിൻ തുടർന്നും ലഭ്യമാവും. ഇവയ്ക്ക് 115 bhp പവറിൽ 178 Nm ടോർക്ക് വരെ നിർമിക്കാനും യോഗ്യമാണ്. വെർട്ടിസ്, ടൈഗൂൺ 1.0 ലിറ്റർ TSI വേരിയൻ്റുകൾ യഥാക്രമം 10.49 ലക്ഷം രൂപയും 10.58 ലക്ഷം രൂപയുമാണ് വില ആരംഭിക്കുന്നത്.

ഇതോടൊപ്പം പുതുവർഷത്തോട് അനുബന്ധിച്ച് ഫോക്‌സ്‌വാഗൺ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുകയും ചെയ്‌തിരുന്നു. ബേസ് വേരിയൻ്റുകളുടെ വില വെട്ടിക്കുറച്ചുകൊണ്ടാണ് മറ്റ് മോഡലുകളിൽ വില പരിഷ്ക്കരിച്ചിരിക്കുന്നത്. ഈ നീക്കം ടൈഗൂണിൻ്റെയും വെർട്ടിസിൻ്റെയും പ്രാരംഭ ലെവൽ വിലകളെ കൂടുതൽ ആകർഷകമാക്കാൻ സഹായിച്ചുവെന്ന് വേണം പറയാൻ. ഫോക്‌സ്‌വാഗൺ ടൈഗൂൺ എസ്‌യുവിയുടെ ബേസ് കംഫർട്ട്‌ലൈൻ മാനുവൽ വേരിയൻ്റിന് 84,000 രൂപയാണ് വില കുറച്ചിരിക്കുന്നത്.
ഇതോടെ എൻട്രി ലെവൽ പതിപ്പിന് വില 11.42 ലക്ഷത്തിൽ നിന്ന് 10.58 ലക്ഷമായി കുറഞ്ഞു. ടൈഗൂണിലേത് പോലെ വെർട്ടിസിൻ്റെ കംഫർട്ട്‌ലൈൻ മാനുവൽ ബേസ് വേരിയൻ്റിൽ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് മുമ്പത്തെ 11.16 ലക്ഷത്തിൽ നിന്നും 66,000 രൂപ കുറഞ്ഞ് 10.50 ലക്ഷം രൂപയായി എക്സ്ഷോറൂം വില. പുതുക്കിയ വില പ്രകാരം ഫോക്‌സ്‌വാഗൺ വെർട്ടിസ് സ്വന്തമാക്കാൻ എത്തുന്നവർ 10.50 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.


Click it and Unblock the Notifications








