ബേസ് മോഡലുകൾക്ക് 84,000 രൂപ വെട്ടിക്കുറച്ച് ഫോക്‌സ്‌വാഗൺ, ഇനി കണ്ണുംപൂട്ടി വേഗം വാങ്ങിക്കോ
വണ്ടിഭ്രാന്തൻമാർക്കിടയിൽ പ്രത്യേക ഫാൻബേസുള്ള വാഹന നിർമാതാക്കളാണ് ഫോക്‌സ്‌വാഗൺ. പോളോ എന്നൊരു പ്രീമിയം ഹാച്ച്ബാക്കിലൂടെ ഇന്ത്യക്കാർക്കിടയിൽ പ്രത്യേക സ്ഥാനം നേടിയെടുത്തവരാണ് ഈ ജർമൻ ബ്രാൻഡ്. ഇതിൻ്റെ സെഡാൻ മോഡലായ വെൻ്റോയും ആഭ്യന്തര വിപണിയിൽ കമ്പനിയുടെ അഡ്രസായിരുന്നു. ഒന്നാന്തരം നിർമാണ നിലവാരവും പെർഫോമൻസും കോർത്തിണക്കിയെത്തുന്ന ഫോക്‌സിയുടെ വണ്ടികൾ നിരത്തുകൾക്ക് എപ്പോഴും വിസ്‌മയം തന്നെയാണ്. നിലവിൽ ടൈഗൂണും വെർട്ടിസുമാണ് കമ്പനിയുടെ എൻട്രി ലെവൽ മോഡുകളായി പ്രവർത്തിക്കുന്നത്. ഇതുവഴി തരക്കേടില്ലാത്ത വിധത്തിൽ കച്ചോടം പിടിക്കാനും ഇവർക്കാവുന്നുണ്ട്. അടുത്തിടെ കേന്ദ്ര സർക്കാർ ജിഎസ്‌ടി നിരക്കുകൾ പുതുക്കി നിശ്ചയിച്ചതോടെ ഫോക്‌സിയുടെ മോഡലുകൾക്ക് വലിയ തോതിൽ വില കുറഞ്ഞിരുന്നു.
എന്നാൽ ഇപ്പോഴിതാ പുതുവർഷത്തോട് അനുബന്ധിച്ച് മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. പക്ഷേ ചെറിയൊരു സർപ്രൈസ് ഒരുക്കിയാണ് വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത് കേട്ടോ. എന്താണന്നല്ലേ, ബേസ് വേരിയൻ്റുകളുടെ വില വെട്ടിക്കുറച്ചുകൊണ്ടാണ് മറ്റ് മോഡലുകളിൽ വില കൂട്ടിയിരിക്കുന്നത്. ഇതെന്താണ് ഇങ്ങനെയെന്ന് പലർക്കും ഇപ്പോൾ സംശയം വന്നേക്കാം അല്ലേ.

സാധാരണയായി മിക്ക നിർമാതാക്കളും ഇത്തരം സാഹചര്യങ്ങളിൽ ബേസ് മോഡലുകളെ ഒഴിവാക്കി മറ്റ് വേരിയൻ്റുകളാണ് വില വർധനവ് നടപ്പിലാക്കാറ്. എന്നാൽ ഇതിൽ നിന്നുമെല്ലാം വ്യത്യസ്‌തമായ സമീപനമാണ് ഫോക്‌സ്‌വാഗൺ ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ഈ നീക്കം ടൈഗൂണിൻ്റെയും വെർട്ടിസിൻ്റെയും പ്രാരംഭ ലെവൽ വിലകളെ കൂടുതൽ ആകർഷകമാക്കാൻ സഹായിച്ചുവെന്ന് വേണം പറയാൻ. വാങ്ങുന്നവർക്ക് മികച്ച മൂല്യം നൽകാനുള്ള തീരുമാനം കൈയടി അർഹിക്കുന്നുമുണ്ട്.
ഫോക്‌സ്‌വാഗൺ ടൈഗൂൺ എസ്‌യുവിയുടെ ബേസ് കംഫർട്ട്‌ലൈൻ മാനുവൽ വേരിയൻ്റിന് 84,000 രൂപയാണ് വില കുറച്ചിരിക്കുന്നത്. ഇതോടെ എൻട്രി ലെവൽ പതിപ്പിന് വില 11.42 ലക്ഷത്തിൽ നിന്ന് 10.58 ലക്ഷമായി കുറഞ്ഞു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, ടാറ്റ സിയറ, ടാറ്റ കർവ്, ഹോണ്ട എലിവേറ്റ്, എംജി ആസ്റ്റർ, സ്കോഡ കുഷാഖ്, സിട്രൺ എയർക്രോസ്, ബസാൾട്ട് തുടങ്ങിയ എസ്‌യുവികളുമായി മത്സരിക്കുന്ന മോഡലിൻ്റെ പുതിയ വില പലരേയും ആകർഷിച്ചേക്കാം.

അതേസമയം മിഡ്-സൈസ് എസ്‌യുവിയുടെ മറ്റ് വേരിയൻ്റുകളിൽ 4,000 രൂപയുടെ വില വർധനവാണ് ഫോക്‌സ്‌വാഗൺ നടപ്പിലാക്കിയിരിക്കുന്നത്. അങ്ങനെ ടൈഗൂൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇനി മുതൽ 10.58 ലക്ഷം മുതൽ 19.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. അതേസമയം സി-സെഗ്മെൻ്റ് സെഡാൻ ശ്രേണിയിൽ മത്സരിക്കുന്ന വെർട്ടിസിന് വലിയ വില തന്നെയാണ് ഇനി കൊടുക്കേണ്ടി വരിക.
അതായത് വലിയ വില വർധനവിനാണ് ഫോക്‌സ്‌വാഗണിൻ്റെ സെഡാൻ നേരിട്ടിരിക്കുന്നത്. 2026 കലണ്ടർ വർഷത്തിൽ വേരിയൻ്റിനെ ആശ്രയിച്ച് 2,000 മുതൽ 51,000 രൂപ വരെ വില വർധനവ് ലഭിക്കും. അതേസമയം ടൈഗൂണിലേത് പോലെ വെർട്ടിസിൻ്റെ കംഫർട്ട്‌ലൈൻ മാനുവൽ ബേസ് വേരിയൻ്റിൽ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് മുമ്പത്തെ 11.16 ലക്ഷത്തിൽ നിന്നും 66,000 രൂപ കുറഞ്ഞ് 10.50 ലക്ഷം രൂപയായി എക്സ്ഷോറൂം വില.

പുതുക്കിയ വില പ്രകാരം ഫോക്‌സ്‌വാഗൺ വെർട്ടിസ് സ്വന്തമാക്കാൻ എത്തുന്നവർ 10.50 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. മാരുതി സുസുക്കി സിയാസ് നിർത്തലാക്കിയതോടെ ജർമൻ വാഹന നിർമാതാക്കളുടെ മോഡൽ നിലവിൽ സ്കോഡ സ്ലാവിയ, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ തുടങ്ങിയ മോഡലുകളോടാണ് മത്സരിക്കുന്നത്. സെഗ്മെൻ്റിലെ ടോപ്പ് സെല്ലർ മോഡൽ കൂടിയാണ് വെർട്ടിസ് ഇപ്പോൾ.
ടൈഗൂൺ എസ്‌യുവിയും വെർട്ടിസ് സെഡാനും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് നവീകരണം ലഭിക്കുന്ന വർഷമായിരിക്കും ഇത്. അതിനുമുമ്പായി ഫോക്‌സ്‌വാഗൺ ഇന്ത്യ മറ്റൊരു പുതിയ 7-സീറ്റർ എസ്‌യുവിയെ ഇന്ത്യക്കായി സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ടൊയോട്ട ഫോർച്യൂണർ, സ്കോഡ കൊഡിയാക് എന്നിവയുമായി മത്സരിക്കുന്നതിനായി ടെയ്‌റോണിനെയാണ് ബ്രാൻഡ് കളത്തിലിറക്കാൻ പോവുന്നത്. പൂർണമായും വിദേശത്ത് നിർമിച്ചാവും വാഹനത്തെ നമ്മുടെ രാജ്യത്ത് എത്തിക്കുക.


Click it and Unblock the Notifications








