5 ലക്ഷം കുറച്ച് 7-സീറ്റർ എസ്‌യുവിയുടെ പുതിയ ബേസ് മോഡലുമായി ഫോക്‌സ്‌വാഗൺ, ഫോർച്യൂണറിന് പാരയായി
ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലെ ഫോർച്യൂണറിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാൻ എംജി, സ്കോഡ, ഫോക്‌സ്‌വാഗൺ തുടങ്ങിയ ബ്രാൻഡുകളെല്ലാം കിണഞ്ഞുശ്രമിക്കുന്നുണ്ട്. എന്നാൽ ആർക്കും ജാപ്പനീസ് വാഹന നിർമാതാക്കളുടെ രോമത്തിൽ പോലും തൊടാനാവുന്നില്ലെന്നതാണ് സത്യം. എങ്കിലും ജർമൻ ബ്രാൻഡായ ഫോക്‌സ്‌വാഗൺ ടൊയോട്ടയെ വിടാതെ പിന്തരുകയാണ്. ഫോർച്യൂണറിന് പാരയായി കമ്പനി അടുത്തിടെ ടെയ്റോൺ R-ലൈൻ (Volkswagen Tayron) എന്നൊരു യൂറോപ്യൻ എസ്‌യുവിയെ ഇന്ത്യയിൽ പുറത്തിറക്കുകയുണ്ടായി. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാൽ വില അൽപം കൂടുതലായിരുന്നു. അതെന്തായാലും ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ഫോർച്യൂണറിന് അനുഗ്രഹമായി.
എന്നാൽ ടൊയോട്ടയെ അങ്ങനെയൊന്നും വിടില്ലെന്ന വാശിലായിരുന്നു ഫോക്‌സ്‌വാഗൺ. ടെയ്‌റോണിന്റെ ഒരു കുറഞ്ഞ വിലയുള്ള വേരിയന്റ് പുറത്തിറക്കിയാണ് ഫോർച്യൂണറിന്റെ ഉറക്കം കെടുത്താനെത്തിയിരിക്കുന്നത്. ലോവർ ലൈഫ് ട്രിം 41.99 ലക്ഷം രൂപയ്ക്കാണ് ജർമൻ വാഹന നിർമാതാക്കൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. റേഞ്ച്-ടോപ്പിംഗ് R-ലൈൻ വേരിയന്റിനേക്കാൾ 5 ലക്ഷം രൂപ കുറവാണ് ഇതിന്റെ വില.

രണ്ടും ഒരേ ടർബോ-പെട്രോൾ എഞ്ചിൻ പങ്കിടുന്നുണ്ടെങ്കിലും സ്പോർട്ടി R-ലൈൻ പതിപ്പിന്റെ കോസ്മെറ്റിക് ട്രീറ്റ്‌മെന്റ് ടെയ്‌റോൺ ലൈഫിൽ നിന്നും കമ്പനി ഒഴിവാക്കിയാണ് വില കുറച്ചിരിക്കുന്നത്. R-ലൈൻ സ്റ്റൈലിംഗ് പാക്കേജിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ ഫ്രണ്ട് ഗ്രിൽ, ഡോറുകൾക്ക് താഴെയും വീൽ ആർച്ചുകൾക്ക് മുകളിലുമുള്ള ക്ലാഡിംഗ്, റിയർ ബമ്പർ ട്രിം തുടങ്ങിയ ഭാഗങ്ങൾ ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയിട്ടില്ല.
മുന്നിലുള്ള ബമ്പറിനെക്കുറിച്ച് പറയുമ്പോൾ ഗ്രില്ലിൽ ക്രോം-ഫിനിഷ്ഡ് L-ആകൃതിയിലുള്ള സ്ലാറ്റുകൾ ഉള്ളതിനാൽ എസ്‌യുവിക്ക് കൂടുതൽ വൃത്തിയുള്ള രൂപമുണ്ട്. ഗ്രില്ലിന് താഴെയായി ഒരു സിൽവർ പെയിന്റ് ട്രിം സ്ഥാപിച്ചിരിക്കുന്നതും മനോഹരമായിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള രൂപത്തെ ആകർഷകമാക്കാൻ സഹായിച്ചിട്ടുണ്ട്. എങ്കിലും സ്ലിം മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകളും വിശാലമായ ലൈറ്റ് ബാറുള്ള ഇലുമിനേറ്റഡ് ഫോക്‌സ്‌വാഗൺ ലോഗോയുമെല്ലാം ടോപ്പ്-സ്പെക്ക് ട്രിമിന് സമാനമാണ്.

ഇനി വശങ്ങളിലേക്ക് വന്നാൽ അലോയ് വീലുകളിൽ വ്യത്യസ്തമായ ഡിസൈൻ കാണാം. മാത്രമല്ല വലിപ്പത്തിലും ഒരിഞ്ച് കുറവുണ്ട്. ടെയ്റോൺ ലൈഫ് വേരിയന്റിൽ 19 ഇഞ്ച് വീലുകളാണ് ഫോക്‌സ്‌വാഗൺ ഒരുക്കിയിരിക്കുന്നത്. രണ്ട് എസ്‌യുവികൾക്കും 2,789 മില്ലീമീറ്റർ വീൽബേസുണ്ടെന്നതിനാൽ മറ്റ് മാറ്റങ്ങളൊന്നുമില്ല കേട്ടോ. റിയർ ഡോറുകളിൽ നിന്ന് ടെയിൽ വരെ ഷോൾഡർ ലൈൻ നൽകിയിരിക്കുന്നതും രസകരമായ കാഴ്ച്ചയാണ്.
റൂഫിൽ നിന്ന് റിയർ ഗ്ലാസ് സെക്ഷനിലേക്ക് സിൽവർ സറൗണ്ട് താഴേക്ക് ഒഴുകുന്നതും ഗ്ലാമർ വർധിപ്പിക്കുന്നുണ്ട്. പിന്നിൽ മാറ്റങ്ങൾ ബമ്പർ ഡിസൈനിൽ പരിമിതപ്പെടുത്തിയിരിക്കുന്നതും കൊള്ളാം. അതേസമയം എൽഇഡി ഘടകങ്ങളുള്ള ടെയിൽ-ലൈറ്റുകൾ, ലൈറ്റ് ബാർ, ഇലുമിനേറ്റഡ് ഫോക്‌സ്‌വാഗൺ ലോഗോ, റൂഫ് സ്‌പോയിലർ തുടങ്ങിയ സവിശേഷതകൾ നിലനിർത്തിയിട്ടുണ്ട് എന്നതിനാൽ അടിപൊളിയാണ്.

ചില ഭാഗങ്ങളിലെ 'R' ബാഡ്ജുകൾ ഒഴികെ ഇന്റീരിയറിന്റെ കാര്യത്തിൽ വലിയ വ്യത്യാസമില്ല. 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, 9 എയർബാഗുകൾ, ലെവൽ 2 ADAS എന്നിവയുൾപ്പെടെ ഫീച്ചറുകളെല്ലാം സമാനമാണ്. ടെയ്‌റോണിൽ 7 സീറ്റർ എസ്‌യുവിയായതിനാൽ വലിയ കുടുംബങ്ങൾക്ക് വരെ അനുയോജ്യമാണ്.
ടെയ്‌റോൺ R-ലൈനിൽ ഉപയോഗിക്കുന്ന അതേ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാണ് ഫോക്‌സ്‌വാഗൺ ടെയ്റോൺ ലൈഫ് വേരിയന്റിലും ഉപയോഗിച്ചിരിക്കുന്നത്. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 204 bhp പവറിൽ പരമാവധി 320 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതോടൊപ്പം ഫോർ-വീൽ ഡ്രൈവ് ഓപ്ഷനും കമ്പനി സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications