നെഞ്ചിടിപ്പോടെ ഫോർച്യൂണർ, 7-സീറ്റർ ജർമൻ ഫാമിലി എസ്‌യുവിയുടെ വില നാളെ അറിയാം
വെർട്ടിസും ടൈഗൂണും ടിഗുവാൻ R ലൈനും മാത്രമുള്ള നിരയിലേക്ക് പുതുതായി അഞ്ചോളം കാറുകളെ അവതരിപ്പിക്കാനുള്ള പദ്ധതികളെല്ലാം ആവിഷ്ക്കരിച്ച് മുമ്പോട്ട് പോവുകയാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. ഇക്കൂട്ടത്തിലെ ആദ്യ മോഡലായിട്ടുള്ള ടൊയോട്ട ഫോർച്യൂണറിൻ്റെ എതിരാളി നാളെ ഇന്ത്യയിൽ അവതരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. അടുത്തിടെ ബുക്കിംഗ് ആരംഭിച്ച ടെയ്റോൺ R ലൈൻ പ്രീമിയം എസ്‌യുവിയുടെ വിലയും മറ്റ് കാര്യങ്ങളും നാളെ അതായത് ഫെബ്രുവരി 23-ന് അറിയാം. സർപ്രൈസുകളെല്ലാം മറനീക്കിയെത്തുമ്പോൾ ടൊയോട്ടയ്ക്ക് വെല്ലുവിളി ഉയർത്താൻ ഫോക്‌സ്‌വാഗണ് സാധിക്കുമോ എന്നത് കണ്ടറിയാം.
പ്രീമിയം മോഡലായതിനാൽ തന്നെ വില കുറച്ച് കൂടുതലായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. എങ്കിലും പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് പകരം പെർഫോമൻസ് അധിഷ്ഠിത ഫാമിലി എസ്‌യുവി പ്രാദേശികമായി അസംബിൾ ചെയ്‌താണ് അവതരിപ്പിക്കുക. അതിനാൽ വില ഒരു പരിധി വരെ പിടിച്ചുനിർത്താൻ ജർമൻ വാഹന നിർമാതാക്കൾക്ക് സാധിച്ചേക്കും.

ടിഗുവാൻ R ലൈനിന് മുകളിലായി ഫോക്‌സിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായിട്ടാവും ഈ 7 സീറ്റർ മോഡൽ വിപണനത്തിന് എത്തുക. 2021-ൽ ടിഗുവാൻ ഓൾസ്‌പേസ് നിർത്തലാക്കിയതിന് ശേഷം പ്രീമിയം ത്രീ-റോ എസ്‌യുവി ശ്രേണിയിലേക്കുള്ള ഫോക്‌സ്‌വാഗൻ്റെ രണ്ടാംവരവാണിത്. അതിനാൽ തന്നെ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധകൊടുത്താണ് ടെയ്റോൺ R ലൈൻ പണിതിറക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ ആർക്കായാലും ഈ മിടുക്കനെ ഇഷ്‌ടപ്പെടും.
ഡോൾഫിൻ ഗ്രേ മെറ്റാലിക്, ഒറിക്സ് വൈറ്റ് മദർ-ഓഫ്-പേൾ ഇഫക്റ്റ്, നൈറ്റ്ഷെയ്ഡ് ബ്ലൂ മെറ്റാലിക് തുടങ്ങിയ ആകർഷകമായ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് ടെയ്റോൺ R ലൈൻ വിപണനത്തിന് എത്തിക്കുക. സെഗ്‌മെന്റിൽ ആദ്യമായി HD മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളുള്ള IQ ലൈറ്റുകൾ, ബമ്പറുകളിലും ഫ്രണ്ട് ഡോറുകളിലും സ്‌പോർട്ടി R-ലൈൻ ഡിസൈൻ ഘടകങ്ങൾ എന്നിവയും ഫോക്‌സ്‌വാഗൺ തങ്ങളുടെ സെവൻ സീറ്റർ എസ്‌യുവിയിൽ ഒരുക്കും.

എസ്‌യുവിക്ക് ഇലുമിനേറ്റഡ് ഫ്രണ്ട്, റിയർ ഫോക്‌സ്‌വാഗൺ ലോഗോകൾ, ഗ്രില്ലിലും ഡോറുകളിലും വ്യത്യസ്തമായ ബാഡ്ജിംഗ്, 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയവയും ഗ്ലാമറാക്കുവാനായി കൊടുത്തിട്ടുണ്ട്. ടിഗുവാൻ R-ലൈൻ 5-സീറ്റർ എസ്‌യുവിയുടെ അതേ MQB EVO പ്ലാറ്റ്‌ഫോമിലാണ് പണികഴിച്ചിരിക്കുന്നതെങ്കിലും ടെയ്റോൺ R ലൈൻ 7-സീറ്റർ എസ്‌യുവി വലിപ്പത്തിൻ്റെ കാര്യത്തിൽ കൂടുതൽ സമ്പന്നമായാണ് പണിതിറക്കുന്നത്.
മൊത്തത്തിൽ 4,792 മില്ലീമീറ്റർ നീളം, 1,866 മില്ലീമീറ്റർ വീതി, 1,665 മില്ലീമീറ്റർ ഉയരം, 2,789 മില്ലീമീറ്റർ വീൽബേസ് എന്നിങ്ങനെയാണ് മൊത്തത്തിലുള്ള വലിപ്പം വരുന്നത്. 15 ഇഞ്ച് വലിപ്പമുള്ള ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വെൻ്റിലേഷൻ, മെമ്മറി, മസാജ് ഫംഗ്ഷൻ എന്നിവയുള്ള ഫ്രണ്ട് സീറ്റുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 30-കളർ ആംബിയൻ്റ് ലൈറ്റിംഗ്, 11 സ്പീക്കറുകളുള്ള ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകളാണ് അകത്തളത്തിനെ മോടിയാക്കുന്നത്.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ 9 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട്, ഹിൽ-ഡിസെൻ്റ് കൺട്രോളുകൾ, 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS സ്യൂട്ട് എന്നിവയെല്ലാമാണ് ടെയ്റോൺ R ലൈനിൽ വാഗ്ദാനം ചെയ്യുന്ന സുരക്ഷാ സന്നാഹങ്ങൾ. യൂറോ NCAP ക്രാഷ് ടെസ്റ്റിൽ ഫോക്‌സ്‌വാഗൺ ടെയ്റോണിന് 5-സ്റ്റാർ റേറ്റിംഗും നേടാനായിട്ടുണ്ടെന്നതും ശ്രദ്ധേയമായ നേട്ടമാണ്.
ഫോക്‌സ്‌വാഗൻ്റെ 2.0 ലിറ്റർ TSI EA888 evo4 പെട്രോൾ എഞ്ചിനാണ് ഈ വലിയ സെവൻ സീറ്ററിന് തുടിപ്പേകാനായി എത്തുന്നത്. 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4MOTION ഓൾ-വീൽ ഡ്രൈവുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് പരമാവധി 204 bhp പവറും 320 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. വെറും 7.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ടോപ്പ് സ്പീഡ് മണിക്കൂറിൽ 224 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.


Click it and Unblock the Notifications








