ടൊയോട്ടയുടെ കഷ്‌ടകാലം തുടങ്ങുന്നു, 7-സീറ്റർ ജർമൻ എസ്‌യുവിക്കായുള്ള ബുക്കിംഗ് തുടങ്ങി ഫോക്‌സി
ഇന്ത്യൻ വിപണിയിൽ പുത്തൻ സെവൻ സീറ്റർ എസ്‌യുവി അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിൽ എത്തിച്ചിരിക്കുകയാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. സാക്ഷാൽ ടൊയോട്ട ഫോർച്യൂണർ വരെ ഭയപ്പെടുന്ന തരത്തിലുള്ള വലിയ വാഹനം തന്നെയായിരിക്കും ടെയ്റോൺ R ലൈൻ. പ്രീമിയം മോഡലായതിനാൽ തന്നെ വില കുറച്ച് കൂടുതലായിരിക്കുമെങ്കിലും ഫോക്‌സ്‌വാഗണിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നവർ ഏറെയാണ്. വാങ്ങാൻ താത്പര്യമുള്ളവർക്കായി പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. രാജ്യത്തുടനീളമുള്ള അംഗീകൃത ഫോക്‌സ്‌വാഗൺ ഡീലർഷിപ്പുകൾ വഴിയും ബ്രാൻഡിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും 51,000 രൂപ ടോക്കൺ തുകയ്ക്ക് ടെയ്റോൺ ബുക്ക് ചെയ്യാം.
വിശാലവും സവിശേഷതകളാൽ സമ്പന്നവുമായ ഈ പെർഫോമൻസ് അധിഷ്ഠിത ഫാമിലി എസ്‌യുവി ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്നതിനാൽ ഏകദേശം 45 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. അങ്ങനെയെങ്കിൽ ഫോർച്യൂണർ പോലുള്ള എതിരാളികൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാൻ ടെയ്റോൺ R ലൈന് സാധിക്കും. കൂടാതെ സ്കോഡ കൊഡിയാക്, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ, വരാനിരിക്കുന്ന എംജി മജസ്റ്റർ എന്നിവയുമായി മത്സരിക്കാനും ഫോക്‌സ്‌വാഗണ് സാധിക്കും.

ഫോക്‌സ്‌വാഗൻ്റെ 2.0 ലിറ്റർ TSI EA888 evo4 പെട്രോൾ എഞ്ചിനാണ് ടെയ്റോൺ R ലൈന് തുടിപ്പേകുന്നത്. 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4MOTION ഓൾ-വീൽ ഡ്രൈവുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് പരമാവധി 204 bhp പവറും 320 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. വെറും 7.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ടോപ്പ് സ്പീഡ് മണിക്കൂറിൽ 224 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.
ഇനി ഡിസൈനിൻ്റെ കാര്യത്തിലേക്ക് വന്നാൽ ഡോൾഫിൻ ഗ്രേ മെറ്റാലിക്, ഒറിക്സ് വൈറ്റ് മദർ-ഓഫ്-പേൾ ഇഫക്റ്റ്, നൈറ്റ്ഷെയ്ഡ് ബ്ലൂ മെറ്റാലിക് തുടങ്ങിയ ഏഴ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാവും ഫോക്‌സ്‌വാഗൺ ടെയ്റോൺ R ലൈൻ വാഗ്ദാനം ചെയ്യുക. സെഗ്‌മെന്റിൽ ആദ്യമായി HD മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളുള്ള IQ ലൈറ്റുകൾ, ബമ്പറുകളിലും ഫ്രണ്ട് ഡോറുകളിലും സ്‌പോർട്ടി R-ലൈൻ ഡിസൈൻ ഘടകങ്ങൾ എന്നിവ ഉപയോഗിച്ച് ടെയ്‌റോൺ വേറിട്ടുനിൽക്കും.

19 ഇഞ്ച് കവൻട്രി അലോയ് വീലുകളിൽ സഞ്ചരിക്കുന്ന ഈ എസ്‌യുവിക്ക് ഇലുമിനേറ്റഡ് ഫ്രണ്ട്, റിയർ ഫോക്‌സ്‌വാഗൺ ലോഗോകളും ലഭിക്കുന്നുണ്ട്. വേരിയബിൾ ലൈറ്റിംഗ് സിഗ്‌നേച്ചറുകളുള്ള എൽഇഡി ടെയിൽ ലാമ്പുകളും ഫോക്‌സ്‌വാഗൺ ടെയ്റോൺ R-ലൈൻ എസ്‌യുവിയെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. 4,792 മില്ലീമീറ്റർ നീളം, 1,866 മില്ലീമീറ്റർ വീതി, 1,665 മില്ലീമീറ്റർ ഉയരം, 2,789 മില്ലീമീറ്റർ വീൽബേസ് എന്നിവയാണ് പുതിയ എസ്‌യുവിയുടെ വലിപ്പം.
ഇനി ഇൻ്റീരിയറിലേക്ക് കയറിയാൽ ആഡംബര എസ്‌യുവികളുടേത് പോലുള്ള അകത്തളമാണ് ടെയ്റോണിൽ ഒരുക്കിവെച്ചിരിക്കുന്നത്. പനോരമിക് സൺറൂഫ്, എർഗണോമിക് സീറ്റിംഗ്, 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാൽ സമ്പന്നമാണ് ആശാൻ. ഒപ്പം 10.25 ഇഞ്ച് ഡിജിറ്റൽ കോക്ക്പിറ്റ്, ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മെമ്മറി, വെന്റിലേഷൻ, മസാജ്, ലംബർ സപ്പോർട്ട് എന്നിവയുള്ള 12-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ എന്നിവയും കൂടിയാവുമ്പോൾ സംഗതി കളറാവും.

30 കളർ ഓപ്ഷനുകളുള്ള ആംബിയന്റ് ലൈറ്റിംഗ് എസ്‌യുവിയിലെ മറ്റൊരു ഹൈലൈറ്റാണ്. ആധുനിക സുരക്ഷാ സവിശേഷതകളും ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റവും ടെയ്‌റോൺ R ലൈനിൻ്റെ ആഡംബരത്തം വർധിപ്പിക്കും. 9 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസെന്റ് ആൻഡ് ഡിസെന്റ് കൺട്രോൾ, 14 അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റ് ഫീച്ചറുകളുള്ള ലെവൽ 2 ADAS എന്നിവയും ടെയ്റോണിലുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








