രഹസ്യങ്ങളെല്ലാം പരസ്യമാക്കി ഫോക്‌സ്‌വാഗൻ്റെ വലിയ 7-സീറ്റർ എസ്‌യുവി, അങ്കത്തിനുള്ള സമയമായി
ഇന്ത്യയിൽ പുതുമോഡലുകളിലൂടെ വിസ്‌മയിപ്പിക്കാൻ ഒരുങ്ങുകയാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. വെർട്ടിസും ടൈഗൂണും ടിഗുവാൻ R ലൈനും മാത്രമുള്ള നിരയിലേക്ക് പുതുതായി അഞ്ചോളം മോഡലുകൾ വിപണനത്തിന് എത്തുന്നതായിരിക്കും. ഇക്കൂട്ടത്തിലെ ആദ്യത്തെ വാഹനത്തെ കമ്പനി അവതരപ്പിക്കാൻ തയാറെടുത്തും കഴിഞ്ഞു. ഇതിൻ്റെ ഭാഗമായി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്ന ടെയ്‌റോൺ R-ലൈൻ്റെ (Volkswagen Tayron R-Line SUV) എല്ലാ വിശദാംശങ്ങളും ഫോക്‌സ്‌വാഗൺ പുറത്തുവിട്ടു. ടിഗുവാൻ R ലൈനിന് മുകളിലായി ഫോക്‌സിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായിട്ടാവും ഈ 7 സീറ്റർ മോഡൽ വിപണനത്തിന് എത്തുക.
2021-ൽ ടിഗുവാൻ ഓൾസ്‌പേസ് നിർത്തലാക്കിയതിന് ശേഷം പ്രീമിയം ത്രീ-റോ എസ്‌യുവി ശ്രേണിയിലേക്കുള്ള ഫോക്‌സ്‌വാഗൻ്റെ രണ്ടാംവരവാണിത്. ടിഗുവാൻ R-ലൈൻ പൂർണമായും വിദേശത്ത് നിർമിച്ച് CBU വാഹനമായിട്ടാണ് ഇന്ത്യയിലെത്തുന്നതെങ്കിലും ടെയ്‌റോൺ പ്രാദേശികമായി അസംബിൾ ചെയ്‌താണ് വിപണനത്തിന് എത്തിക്കുക. അതിനാൽ വില പിടിച്ചുനിർത്താൻ ഒരു പരിധി വരെ ജർമൻ വാഹന നിർമാതാക്കൾക്ക് സാധിച്ചേക്കും.

ഡിസൈനിലേക്ക് നോക്കിയാൽ സ്‌പോർട്ടി ബമ്പറുകളും 19 ഇഞ്ച് അലോയ് വീലുകളും R-ലൈൻ ബാഡ്ജുകളും സഹിതം ടെയ്‌റോൺ R-ലൈൻ പക്കാ സ്പോർട്ടിയറായിരിക്കും. ടിഗുവാൻ R-ലൈൻ 5-സീറ്റർ എസ്‌യുവിയുടെ അതേ MQB EVO പ്ലാറ്റ്‌ഫോമിലാണ് പണികഴിച്ചിരിക്കുന്നതെങ്കിലും വലിപ്പത്തിൻ്റെ കാര്യത്തിൽ ആള് കൂടുതൽ നീളമേറിയതാവും. ഒരു അധിക നിര സീറ്റുകൾ ഉൾക്കൊള്ളാൻ നീളമുള്ള വീൽബേസാണ് ഫോക്‌സ്‌വാഗൺ അവതരിപ്പിക്കുന്നത്.
4,792 മില്ലീമീറ്റർ നീളം, 1,866 മില്ലീമീറ്റർ വീതി, 1,665 മില്ലീമീറ്റർ ഉയരം, 2,789 മില്ലീമീറ്റർ വീൽബേസ് എന്നിവയാണ് പുതിയ ഫോക്‌സ്‌വാഗൺ ടെയ്‌റോൺ R-ലൈനുള്ള വലിപ്പം. R-ലൈൻ നിർദ്ദിഷ്ട ഫ്രണ്ട്, റിയർ ബമ്പറുകൾ, ഗ്രില്ലിലും ഡോറുകളിലും വ്യത്യസ്തമായ ബാഡ്ജിംഗ്, 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയ എക്സ്ക്ലൂസീവ് സ്പോർട്ടി ഘടകങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് എസ്‌യുവി പണിതിറക്കിയിരിക്കുന്നത്.

ഡൈനാമിക് കോർണറിംഗ് ഫംഗ്ഷനോടുകൂടിയ HD മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും ഇലുമിനേറ്റഡ് ഫോക്‌സ്‌വാഗൺ ലോഗോകൾ, വേരിയബിൾ ലൈറ്റിംഗ് സിഗ്‌നേച്ചറുകളുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയും ഫോക്‌സ്‌വാഗൺ ടെയ്‌റോൺ R-ലൈൻ എസ്‌യുവിയെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. മോഡേൺ ഫീച്ചറുകളാൽ സമ്പന്നമായ അകത്തളമാണ് ഫ്ലാഗ്ഷിപ്പ് മോഡലിൽ ഒരുക്കിവെച്ചിരിക്കുന്നത്.
15 ഇഞ്ച് വലിപ്പമുള്ള ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വെൻ്റിലേഷൻ, മെമ്മറി, മസാജ് ഫംഗ്ഷൻ എന്നിവയുള്ള ഫ്രണ്ട് സീറ്റുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 30-കളർ ആംബിയൻ്റ് ലൈറ്റിംഗ്, 11 സ്പീക്കറുകളുള്ള ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവയാണ് ഇൻ്റീരിയറിലെ ഹൈലൈറ്റുകൾ. സേഫ്റ്റിയിലും വേറെ ലെവലാണ് ഈ പ്രീമിയം എസ്‌യുവി.

9 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട്, ഹിൽ-ഡിസെൻ്റ് കൺട്രോളുകൾ, 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS സ്യൂട്ട് എന്നിവയെല്ലാമാണ് സേഫ്റ്റിക്കായി ഒരുക്കിയിരിക്കുന്ന ഫീച്ചറുകൾ. യൂറോ NCAP ക്രാഷ് ടെസ്റ്റിൽ ഫോക്‌സ്‌വാഗൺ ടെയ്റോണിന് 5-സ്റ്റാർ റേറ്റിംഗും നേടാനായിട്ടുണ്ട്. 2026 മാർച്ചോടെ പ്രാദേശികമായി അസംബിൾ ചെയ്ത മോഡലായി വാഹനം ലോഞ്ച് ചെയ്യാനാണ് ജർമൻ ബ്രാൻഡിൻ്റെ പദ്ധതി.
കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ (CKD) യൂണിറ്റുകളായി കൊണ്ടുവരുന്ന ഫോക്‌സ്‌വാഗൺ ടെയ്‌റോൺ R-ലൈനിന് 45 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ, എംജി ഗ്ലോസ്റ്റർ, ടൊയോട്ട ഫോർച്യൂണർ, എംജി മജസ്റ്റർ പോലുള്ള വമ്പൻ എസ്‌യുവികളോടാണ് ജർമൻ മോഡൽ മത്സരിക്കേണ്ടി വരിക. പ്രീമിയം വാഹനമായതിനാൽ തന്നെ പണക്കാരെല്ലാം പിന്നാലെ കൂടാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








