ഓരോ 24 മിനിറ്റിലും ഒരു ഇന്ത്യക്കാർ വാങ്ങുന്ന സെഡാൻ, 4 വയസ് പൂർത്തിയാക്കി ഫോക്‌സ്‌വാഗൺ വെർട്ടിസ്
ഇന്ത്യയിൽ സെഡാനുകളുടെ കാലം കഴിഞ്ഞുവെന്ന് വിധിയെഴുതിയവർക്ക് വെർട്ടിസ് എന്ന തട്ടുപൊളിപ്പൻ മോഡലിലൂടെ ചുട്ടമറുപടി നൽകിയവരാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ (Volkswagen Virtus Sedan). ത്രീ ബോക്‌സ് ടൈപ്പ് വാഹനങ്ങൾ വാങ്ങാൻ ഇനിയും ഇവിടെ ആളുണ്ടാവുമെന്ന് തെളിയിച്ച കാർ ഒരിക്കലും വിൽപ്പനയുടെ കാര്യത്തിൽ ഫോക്‌സിയെ നിരാശപ്പെടുത്തിയിരുന്നില്ല. 2022-ലാണ് ഫോക്‌സ്‌വാഗൺ ആദ്യമായി വെർട്ടിസ് സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണിതിറക്കിയ സെഡാൻ അക്കാലത്ത് സെഗ്‌മെന്റിലെ ഏറ്റവും മികച്ച സേഫ്റ്റിയുള്ള കാർ കൂടിയായിരുന്നു.
ഫോക്‌സ്‌വാഗൺ ഇന്ത്യ ശരാശരി ഓരോ 24 മിനിറ്റിലും ഒരു വെർട്ടിസ് സെഡാൻ വിൽക്കുന്നുണ്ടെന്നാണ് കണക്കുകൾ. അങ്ങനെ ഇന്ത്യയുടെ പ്രിയപ്പെട്ട പ്രീമിയം, എക്സിക്യൂട്ടീവ് സി സെഗ്മെന്റ് സെഡാനായി ഇത് മാറുന്നു. ഇന്ത്യയിൽ വാങ്ങുന്നവർക്ക് ജിടി വേരിയന്റുകളും ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമാണ് കൂടുതൽ ഇഷ്ടമെന്നും വിൽപ്പന കണക്കുകൾ പറഞ്ഞുവെക്കുന്നുണ്ട്. വിപണിയിലെത്തിയ നാൾ മുതൽ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്ന ഫോക്‌സ്‌വാഗൺ വെർട്ടിസ് ഇപ്പോഴിതാ നാലാം വാർഷികം ആഘോഷിക്കുകയാണ്.

ഇതിന്റെ ഭാഗമായി ജർമൻ വാഹന നിർമാതാക്കൾ ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ വരെ ഒരുക്കി കാത്തിരിക്കുകയാണ്. മിഡ്-സൈസ് സെഡാന്റെ ചില വകഭേദങ്ങളിൽ വമ്പൻ ഓഫറുകളാണ് വാങ്ങുന്നവർക്ക് ലഭിക്കാൻ പോവുന്നത്. ഇതിന്റെ വിശദാംശങ്ങൾ ഇനി പങ്കുവെക്കാം. ഫോക്‌സ്‌വാഗൺ വെർട്ടിസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളിലാണ് സ്പെഷ്യൽ ആനിവേഴ്‌സറി ബെനഫിറ്റുകൾ വാഗ്ദാനം ചെയ്യുന്നത്.
ബൈ നൗ ആൻഡ് പേ ലേറ്റർ സ്കീം, ലോയൽറ്റി ആനുകൂല്യങ്ങൾ, പ്രത്യേക വാർഷിക ആഘോഷ ആനുകൂല്യങ്ങൾ, ഡോക്ടർമാർക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും പ്രത്യേക ഓഫറുകൾ എന്നിവയെല്ലാമാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ ഓഫറുകളുടെ കൃത്യമായ മൂല്യം വേരിയന്റ്, ഡീലർഷിപ്പ്, നഗരം എന്നിവയെ ആശ്രയിച്ചിരിക്കും. വാഹനം വാങ്ങാൻ താത്പര്യമുള്ളവർക്ക് വിശദാംശങ്ങൾ അറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഫോക്‌സ്‌വാഗൺ ഷോറൂം സന്ദർശിക്കാം.

കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, ജിടി, ജിടി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ വിപണനത്തിന് എത്തുന്ന ഫോക്‌സ്‌വാഗൺ വെർട്ടിസിന് നിലവിൽ 10.71 ലക്ഷം മുതൽ 19.20 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എകസ്ഷോറൂം വില. 1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് മിഡ്-സൈസ് സെഡാന് തുടിപ്പേകുന്നത്. പെർഫോമൻസിലും ഉഗ്രനാണ് കക്ഷി.
6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ 111 bhp പവറിൽ പരമാവധി 178 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. അതേസമയം മറുവശത്ത് 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന 1.5 ലിറ്റര്‍ എഞ്ചിന് 150 bhp കരുത്തിൽ പരമാവധി 250 Nm ടോർക്ക് നൽകാനും ശേഷിയുള്ളതാണ്.

മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ ARAI സാക്ഷ്യപ്പെടുത്തിയ 19.62 കിലോമീറ്റര്‍ മൈലേജും സെഡാന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ഇന്ത്യക്കാർക്ക് ആശ്വാസമാവുന്ന കാര്യമാണ്. ഫീച്ചറുകളുടെ കാര്യമെടുത്താൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് മൊബൈൽ ചാർജിംഗ്, മൈ ഫോക്സ്‌വാഗൺ കണക്റ്റ് പ്ലസ് പോലുള്ള സംവിധാനങ്ങൾ അകത്തളത്തിൽ ഒരുക്കിയാണ് കാർ വിപണിയിലെത്തുന്നത്.
ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റെഡ് ആംബിയന്റ് ലൈറ്റുകള്‍, 6 എയര്‍ബാഗുകള്‍, അലൂമിനിയം പെഡലുകള്‍ പോലുള്ള മോഡേൺ കിടിലന്‍ ഫീച്ചറുകളും ഫോക്‌സ്‌വാഗൺ വെർട്ടിസിൽ കുത്തിനിറച്ചിട്ടുണ്ട്. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ റേറ്റിംഗ് സ്വന്തമാക്കിയ ഈ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നുകൂടിയാണ്. ഈ വർഷം മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും വിപണിയിലെത്തുന്നതായിരിക്കും.


Click it and Unblock the Notifications