ഇന്ത്യയിലേക്ക് വരുമോ? HR-V എസ്‌യുവിയുടെ മൂന്നാം തലമുറ മോഡലിനെ ഇന്തോനേഷ്യയിൽ അവതരിപ്പിച്ച് Honda
ഇന്ത്യൻ വിപണിയിൽ എസ്‌യുവി മോഡലുകളൊന്നുമില്ലാത്ത ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട സെഡാനുകളുടെ കരുത്തിലാണ് രാജ്യത്ത് വിലസുന്നത്. എന്നാൽ വിദേശ വിപണികളിലാകട്ടെ കിടിലൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ കമ്പനിയുടെ നിരയിലുണ്ടുതാനും.

ദേ ഇപ്പോൾ ഇന്തോനേഷ്യൻ വിപണിയിൽ പുതിയ മൂന്നാം തലമുറ HR-V എസ്‌യുവി പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട. മുൻഗാമിയിൽ നിന്നും കാര്യമായ മാറ്റങ്ങളുമായാണ് HR-V തലമുറ മാറ്റം നടത്തിയിരിക്കുന്നത്. കൂടുതൽ ആവേശകരമായ ഡ്രൈവ് തേടുന്നവരെ ആകർഷിക്കാനായി ടർബോ-ചാർജ്ഡ് എഞ്ചിനുമായാണ് വാഹനത്തിന്റെ വരവ് തന്നെ.

നാല് വേരിയന്റ് തലങ്ങളിൽ വാഗ്‌ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോണ്ട HR-V എക്കാലവും ഇറങ്ങിയ ഈ മോഡലിന്റെ ഏറ്റവും ശക്തമായ പെട്രോൾ പതിപ്പാണെന്നും കമ്പനി അവകാശപ്പെടുന്നു. എസ്‌യുവിയുടെ ഏറ്റവും ടോപ്പ് എൻഡ് പതിപ്പിന് ഏകദേശം 26.60 ലക്ഷം രൂപയും വിലയുണ്ട്. എന്നാൽ പുത്തൻ HR-V വില ആരംഭിക്കുന്നത് 19 ലക്ഷം മുതലാണെന്നതും ശ്രദ്ധേയമാണ്.

ഹോണ്ട HR-V എസ്‌യുവിയുടെ നാല് വേരിയന്റ് ലെവലുകൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും 175 bhp പവറിൽ 240 Nm torque നൽകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കുന്നത് RS പതിപ്പിന് മാത്രമാണ്. നിലവിൽ ചൈനയിൽ മാത്രം വിൽക്കുന്ന വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് മാത്രമാണ് ഈ കണക്കുകൾ മറികടക്കാൻ പ്രാപ്‌തമായത്.

ഹോണ്ട HR-V RS വേരിയന്റിന്റെ പവർ കണക്കുകളുമായി പൊരുത്തപ്പെടാൻ ധാരാളം കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും ഹോണ്ട സമ്മാനിച്ചിട്ടുണ്ട്. ധാരാളം ബോഡി കിറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പ് ഔട്ട്‌ലെറ്റുകൾ, 'RS' ബാഡ്ജ് എന്നിവയ്‌ക്കൊപ്പം വളരെ സ്‌പോർട്ടി വിഷ്വൽ ഭാഷയാണ് പുറംമോടിയിൽ കാണാനാവുന്നത്. എൽഇഡി ഡിആർഎല്ലുകളുള്ള ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകളും 17 ഇഞ്ച് അലോയ് വീലുകളും മോഡലിന്റെ ഭാഗമാണ്.

റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, പെയിന്റഡ് ഫോഗ്‌ലാമ്പ്, ഫ്രണ്ട് ബമ്പർ ഗാർണിഷ്, ഷിഫ്റ്റ് പാഡിൽസ്, ഓട്ടോ-ഫോൾഡിംഗ് എന്നിവയും വാഹനത്തിന്റെ രൂപത്തിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. എൽഇഡ ടേൺ സിഗ്നലുകളുള്ള ബാഹ്യ മിററുകളും പുതുതലമുറയുടെ രൂപത്തോട് ഇഴുകി ചേരുന്നുണ്ട്.

അകത്ത് HR-V യുടെ RS വേരിയന്റിൽ ഇഷ്‌ടാനുസൃതമാക്കാൻ കഴിയുന്ന ഏഴ് ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീൻ, നാല് സ്പീക്കറുകൾ പ്ലസ് ടു ട്വീറ്റർ യൂണിറ്റ്, റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ഉള്ള ബ്ലാക്ക് ലെതർ അപ്‌ഹോൾസ്റ്ററി, മൂന്ന് ഡ്രൈവ് മോഡുകൾ, ഹാൻഡ്‌സ് ഫ്രീ ടെയിൽഗേറ്റ് എന്നിവയെല്ലാം ഉൾപ്പെടുന്നു.

മികച്ച രൂപവും ഡ്രൈവിംഗ് കരുത്തും മാത്രമല്ല, ധാരാളം സുരക്ഷാ സന്നാഹങ്ങളും ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് കമ്പനി നൽകിയിട്ടുണ്ട്. അതുപോലെ തന്നെ ഏറ്റവും പുതിയ HR-V എസ്‌യുവിക്ക് നിരവധി ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകൾ നൽകുന്ന സുരക്ഷാ ഫീച്ചറുകളുടെ ഹോണ്ട സെൻസിംഗ് സ്യൂട്ടും ലഭിക്കുന്നുണ്ട്. ആറ് എയർബാഗുകളാണ് വാഹനത്തിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നതും.

മറ്റ് അധിക സൗകര്യങ്ങളിൽ വോക്ക്-എവേ ഓട്ടോ ലോക്ക് ഫംഗ്‌ഷനും റിയർ സീറ്റ് റിമൈൻഡറും ഹോണ്ട HR-V എസ്‌യുവിയിൽ ഉൾപ്പെടുന്നു. അതേസമയം സുരക്ഷാ കിറ്റിൽ ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോ ബ്രേക്ക് ഹോൾഡ് എന്നിവയും കമ്പനി അണിനിരത്തിയിട്ടുണ്ട്.

സ്‌പോർട്, നോർമൽ, ഇക്കോൺ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും മൂന്നാം തലമുറ HR-V എസ്‌യുവിയിലുണ്ട്. ക്രിസ്റ്റൽ ബ്ലാക്ക് പേൾ, പ്ലാറ്റിനം വൈറ്റ് പേൾ, ലൂണാർ സിൽവർ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, സാൻഡ് കാക്കി പേൾ 2-ടോൺ, ഇഗ്നൈറ്റ് റെഡ് മെറ്റാലിക് 2-ടോൺ എന്നിങ്ങനെ ആറ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് 2022 ഹോണ്ട HR-V തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

പല ആഗോള വിപണികളിലും HR-V മോഡലിന് ഒരു ഹൈബ്രിഡ് എഞ്ചിൻ ലഭിക്കുന്നുണ്ട്. എന്നാൽ ഇത് ഇന്തോനേഷ്യയിൽ നിന്ന് ഫിലിപ്പീൻസ് പോലുള്ള മറ്റ് വിപണികളിലേക്കും കൊണ്ടുപോകാൻ സാധ്യത വളരെ കുറവാണ്. ഇന്ത്യയിൽ ഹോണ്ട എസ്‌യുവിയെ അവതരിപ്പിക്കാൻ പരിഗണിക്കുന്നുണ്ടെന്ന് മുമ്പ് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും കാത്തിരിപ്പ് നീളുകയാണ്.

ഹോണ്ട കാർസ് ഇന്ത്യ മൊബിലിയോ, BR-V, CR-V എന്നിവയെ കമ്പനി നിരയിൽ നിന്നും പിൻവലിച്ചതിനാൽ നിലവിൽ എസ്‌യുവിയോ എംപിവിയോ ജാപ്പനീസ് വാഹന നിർമാതാക്കളുടെ ആഭ്യന്തര നിരയിലില്ല. എന്നാൽ ഭാവിയിൽ പുതിയ സ്പോർട്‌സ് യൂട്ടിലിറ്റി മോഡലുകൾ പുറത്തിറക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെന്നാണ് സൂചന.


Click it and Unblock the Notifications