കൊടുംവെയിലിലെ ഭ്രാന്തന്‍ ചെന്നായ്
ആദ്യമായാണ് ഒരു സ്പോര്‍ട്സ് കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതെന്നു പറയാന്‍ സങ്കോചം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നമ്മുടെ നാട്ടിലെ റോഡുകളും റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും വഴിയരികിലെ ജനങ്ങളുമൊന്നും സ്പോര്‍ട്സ് കാറുകളെ സ്വീകരിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ഈയുള്ളവനും തയ്യാറെടുക്കുന്നേയുണ്ടായിരുന്നുള്ളൂ വാഹനത്തിനകത്തേക്ക് കയറുന്ന മാത്രയില്‍ പോലും! ഇതുവരെ വീശിയെടുത്തിട്ടുള്ള വീലുകളുമായി താരതമ്യത്തിനുപോലും സാധ്യതയില്ലാത്ത ഒന്നിലേക്കാണ് കയറിയിരിക്കുന്നതെന്ന ബോധ്യം മനസ്സിലുണ്ടായിരുന്നു.
സ്പോര്‍ട്സ് കാറിന്‍റെ അകത്തിന് ചേരുന്നതല്ല നിസ്സാന്‍ 370Z (ത്രീ സെവന്‍റി സീ)യുടെ ഇന്‍റീരിയര്‍ നിറം എന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ കാറിനകത്തെത്തിയ എനിക്ക് തോന്നിയത് മറിച്ചാണ്. ഇന്‍റീരിയറിലെ കറുപ്പുനിറത്തിന്‍റെ ചേരുവകള്‍ നല്‍കുന്ന കരുത്തിന്‍റെയും ദൃഢതയുടെയും സൂചനകള്‍ നിങ്ങളിലേക്ക് പകരുന്നു.

കാറിനകത്തെ നിങ്ങളുടെ ശരീരഭാഷയെ വിപ്ലവകരമായി മാറ്റിത്തീര്‍ക്കാന്‍ ആവശ്യപ്പെടുന്നുണ്ട് നിസ്സാന്‍ 370Z. എല്ലാ സംവിധാനങ്ങളുടെ ഓട്ടോമാറ്റിക് ആണ്. ക്ലച്ചിനു വേണ്ടിയുള്ള എന്‍റെ പരതല്‍ ഒരിത്തിരി പരിഹാസ്യമായി മാറിയെന്നു പറയാതെ വയ്യ. നിസ്സാന്‍റെ പ്രതിനിധിയിയായിരുന്നു എന്‍റെ സഹയാത്രികന്‍. ഗിയര്‍ ഷിഫ്റ്റ് മാന്വലായും ചെയ്യാം. ഇതിനുള്ള സൗകര്യം സ്റ്റീയറിംഗ് വീലില്‍ തന്നെയുണ്ട്. അതല്ല ഗിയര്‍ ലിവര്‍ തന്നെ ഉപയോഗിക്കണമെന്നുള്ളവര്‍ക്ക് ആംറെസ്റ്റില്‍ അലസമായി കൈവെച്ചുകൊണ്ടു തന്നെ കാര്യം നിര്‍വഹിക്കാവുന്നതാണ്.
സീറ്റുകള്‍ പൂര്‍ണമായി ഓട്ടോമാറ്റിക് നിയന്ത്രണത്തിന് വിധേയമാണ്. ഇതിനുള്ള സ്വിച്ച് സീറ്റിന്‍റെ ലെഫ്റ്റ് സൈഡില്‍ കണ്ടെത്തി. ആറടി ഉയരമുള്ളയാള്‍ക്ക് വളരെ സുഖകരമായ ഇരിപ്പ് പ്രദാനം ചെയ്യാന്‍ സാധിക്കുന്നു. തുകല്‍-അല്‍ക്കന്‍റാര സംയോജനത്തില്‍ സീറ്റുകള്‍ നല്‍കുന്ന കംഫര്‍ട്ട് മികച്ചതുതന്നെ. ഹെഡ്‍റൂമില്‍ വളരെ ന്യായമായ ഇടമുണ്ടെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
റെവലേഷന്‍ കൗണ്ടര്‍, സ്പീഡോമീറ്റര്‍, ഡിജിറ്റല്‍ ട്രിപ് കംപ്യൂട്ടര്‍/ഫ്യുവല്‍ ഗേജ്/എന്‍ജിന്‍ ടെപ് ഗേജ് എന്നിവ സ്റ്റിയറിംഗ് പിന്നിലായി കാണാവുന്ന വിധത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ടെക്കോമീറ്ററില്‍ നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷന്‍ വിശദാംശങ്ങള്‍ തെളിയുന്ന ചെറിയ ഇടം വാഹനം ഓടിക്കുന്ന സമയത്താണ് ഞാന്‍ ശ്രദ്ധിച്ചത്.
ബോസ്സ് സ്റ്റീരിയോ കിടിലന്‍ സംഗീതമുതിര്‍ത്തുകൊണ്ടിരുന്നു. എന്‍റെ ഹൃദയമിടിപ്പിന്‍റെ ശബ്ദം അതില്‍ ലയിച്ചുചേര്‍ന്നു. സ്റ്റിയറിംഗിന്‍റെ ഇടതുവശത്ത് സംഗീതം നിയന്ത്രിക്കാനുള്ള സൗകര്യമുണ്ട്.


Click it and Unblock the Notifications








