ഫോക്‌സ്‌വാഗണ്‍ ചെറുകാര്‍ ബ്രാന്‍ഡ് വരുന്നു
ലോകം മുഴുവന്‍ ചെറുകാറുകളിലേക്ക് നീങ്ങുകയാണെന്ന് പറയുമ്പോള്‍ താങ്കള്‍ക്ക് എന്തെങ്കിലും അവിശ്വാസം തോന്നിയിരുന്നോ? ഉണ്ടെങ്കില്‍ ഇതാ മറ്റൊരു തെളിവുകൂടി തരാം. ഫോക്‌സ്‌വാഗണ്‍ ആണ് താരം. ഒരു പുതിയ ഉപ ബ്രാന്‍ഡ് നിര്‍മിക്കുവാന്‍ ഫോക്‌സ് തീരുമാനമെടുത്തിരിക്കുകയാണ്. ചെറുകാറുകള്‍ മാത്രം നിര്‍മിക്കുന്ന ഒരു ബ്രാന്‍ഡ്!
നിസ്സാനാണ് ഈ വഴിക്ക് ആദ്യമായി നീക്കം നടത്തിയത്. ഹ്യൂണ്ടായ്, കിയ തുടങ്ങിയ ചെറുകാര്‍ ബ്രാന്‍ഡുകളോട് ഏറ്റുമുട്ടിത്തുടങ്ങിയപ്പോഴാണ് നിസ്സാന് കാര്യങ്ങളുടെ കിടപ്പുവശം ബോധ്യമായത്. പ്രീമിയം ബ്രാന്‍ഡ് എന്ന ബാധ്യത സ്വയം ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്ന നിസ്സാന് ഇറങ്ങിനില്‍ക്കാന്‍ കഴിയാത്ത ചിലയിടങ്ങളുണ്ട്. ചെറുകാറുകളുടേത് മാത്രമായ ആ ലോകത്തേക്ക് ഡെഡിക്കേറ്റഡായ ഒരു ബ്രാന്‍ഡിനെ, ഡാറ്റ്‌സനെ അയച്ചത്. ഇപ്പോള്‍ ഈ ബ്രാന്‍ഡിനെ പിന്‍പറ്റി ഫോക്‌സ്‌വാഗണ്‍ ചെറുകാര്‍ ബ്രാന്‍ഡ് എത്തുകയാണ്.
ടോക്കിയോ മോട്ടോര്‍ ഷോയില്‍ വെച്ചാണ് ഫോക്‌സിന്റെ പുതിയ പ്രഖ്യാപനം വന്നത്. ഫോക്‌സ്‌വാഗണ്‍ വികസന തലവന്‍ ഹെയിന്‍സ് ജേക്കബ് ന്യൂസ്സറിനെയാണ് പ്രഖ്യാപനം നടത്താന്‍ ഏല്‍പ്പിച്ചിരുന്നത്. 12 മാസത്തിനുള്ളില്‍ ഫോക്‌സ്‌വാഗണ്‍ ഉപബ്രാന്‍ഡ് ലോഞ്ച് ചെയ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പദ്ധതി ഇപ്പോഴും അതിന്റെ ബാല്യദശയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഫോക്‌സ്‌വാഗണ്‍ ആശങ്കപ്പെടുന്നത് ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തിലാണ്. വിലക്കുറവുള്ള വാഹനങ്ങള്‍ ഗുണനിലവാരത്തില്‍ ഒട്ടും കുറവില്ലാതെ എങ്ങനെ വിപണിയിലെത്തിക്കാം എന്നതായിരിക്കും തങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്ന വെല്ലുവിളി എന്ന് അദ്ദേഹം അറിയിച്ചു.
വാഹനത്തിന്റെ ചെലവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്തുവരികയാണ് തങ്ങളെന്ന് ഫോക്‌സ്‌വാഗണ്‍ പറയുന്നു. സുരക്ഷ, കംഫര്‍ട്ട്, ഗുണനിലവാരം തുടങ്ങിയവയില്‍ അന്തര്‍ദ്ദേശീയ നിലവാരം കാത്തുസൂക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ ഫോക്‌സ്‌വാഗണ്‍ പുതിയ ബ്രാന്‍ഡ് പദ്ധതിയുമായി മുന്നോട്ട് നീങ്ങൂവെന്ന് കമ്പനി പറയുന്നു.


Click it and Unblock the Notifications









