അപകടത്തില്‍ എയര്‍ബാഗ് പുറത്തുവരാതെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്
ഉള്ളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണല്ലോ എയര്‍ബാഗുകള്‍. എന്നിട്ടും തന്റെ ഭര്‍ത്താവ് അപകടത്തില്‍പ്പെട്ടപ്പോള്‍ ഇക്കോസ്‌പോര്‍ടിന്റെ എയര്‍ബാഗ് പുറത്തുവരാഞ്ഞത് എന്തുകൊണ്ടാണ്? മൈസൂര്‍ സ്വദേശിയായ ശോഭാ ഗംഗാധര്‍ ഫോര്‍ഡ് ഇന്ത്യയോട് ചോദിക്കുന്നു. അഞ്ചു മാസം മുമ്പാണ് കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയില്‍ വെച്ച് ഡോക്ടറായ ഗംഗാധര്‍ അപകടത്തില്‍പ്പെട്ടത്.

ഹൊലൈനര്‍സീപൂരിനടുത്ത് ദേശീയ പാത 57 -ല്‍ വെച്ച് വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സമീപത്തെ വൈദ്യുത തൂണിലേക്ക് എസ്‌യുവി ഇടിച്ചു കയറിയതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന ഗംഗാധറിന് ഗുരുതര പരുക്കുകളേറ്റത്.

അപകടത്തില്‍ എയര്‍ബാഗ് പുറത്തുവന്നില്ല. ഗംഗാധറിന്റെ തലയ്ക്ക് സാരമായ പരുക്കുകളേല്‍ക്കാന്‍ ഇതു കാരണമായി. ആറാഴ്ച്ചക്കാലം ആശുപത്രിയില്‍ കിടക്കേണ്ടി വന്ന ഗംഗാധര്‍ സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ.
Most Read: വീണ്ടും ടാറ്റയുടെ സുരക്ഷ പറഞ്ഞുവെച്ച് നെക്‌സോണ്‍

എന്തുകൊണ്ടു ഇക്കോസ്‌പോര്‍ടില്‍ എയര്‍ബാഗ് പുറത്തുവന്നില്ല? അപകടത്തില്‍ തകര്‍ന്നടിഞ്ഞ ഇക്കോസ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ സഹിതം ഫോര്‍ഡ് ഇന്ത്യയ്ക്ക് പരാതി കൊടുത്തെങ്കിലും കൃത്യമായ വിശദീകരണം ശോഭാ ഗംഗാധറിന് നാളിതുവരെയും ലഭിച്ചിട്ടില്ല.

120 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കവെ നായ കുറുകെ ചാടിയതോടെയാണ് എസ്‌യുവിക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. വെട്ടിച്ചുമാറിയെങ്കിലും പാതയോരത്തെ കൈവരിയില്‍ തട്ടി കാര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായി തകര്‍ന്നു.

മൂക്ക് കുത്തിയുള്ള ഇടിയില്‍ എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റ് ഇളകി പുറത്തുവന്ന നിലയിലാണ്. ഷാസിയും സസ്‌പെന്‍ഷനും ഉള്‍പ്പെടെ എസ്‌യുവിയുടെ പ്രധാന ഭാഗങ്ങള്‍ക്ക് മുഴുവന്‍ കേടുപാടു സംഭവിച്ചു.

അതേസമയം കീഴ്‌മേല്‍ മറിഞ്ഞിട്ടും ഒരുപരിധി വരെ A, B പില്ലറുകള്‍ ആഘാതം പ്രതിരോധിച്ചെന്നു ചിത്രങ്ങളില്‍ കാണാം. അപകട സമയത്തു ഗംഗാധര്‍ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

അപകടം ഇത്ര ഭീകരമായിട്ടു കൂടി എയര്‍ബാഗ് എന്തുകെണ്ടു പുറത്തുവന്നില്ല? ഗംഗാധര്‍ ഓടിച്ച ഇക്കോസ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്. ഫോര്‍ഡിന് സംഭവിച്ച സുരക്ഷാ വീഴ്ച്ചയായി പലരും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ അപകട സമയത്ത് ഇദ്ദേഹം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. സാധാരണയായി അപകടങ്ങളില്‍ സെന്‍സറുകള്‍ മുഖേനയാണ് എയര്‍ബാഗുകള്‍ പുറത്തുവരാറ്.

നിശ്ചിത അളവില്‍ കൂടുതല്‍ ആഘാതമേല്‍ക്കുമ്പോള്‍ മാത്രമെ എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശം സെന്‍സറുകള്‍ നല്‍കുക. ഒരുപക്ഷെ അപകടത്തിന്റെ ആഘാതം തിരിച്ചറിയാന്‍ സെന്‍സറുകള്‍ക്ക് കഴിയാതെ പോയതാകും എയര്‍ബാഗുകള്‍ പുറത്തുവരാതിരിക്കാനുള്ള കാരണം. ഇക്കാര്യം സുരക്ഷാ വീഴ്ച്ചയായി തന്നെ വിലയിരുത്താം.

എന്നാല്‍ അടുത്തകാലത്തായി സീറ്റ് ബെല്‍റ്റുകളെ കൂടി ആശ്രയിച്ചാണ് എയര്‍ബാഗിന്റെ പ്രവര്‍ത്തനം നിര്‍മ്മാതാക്കള്‍ ആവിഷ്‌കരിക്കുന്നത്. എയര്‍ബാഗുകള്‍ ഫലപ്രദമായ സുരക്ഷ ഒരുക്കണമെങ്കില്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത് അനിവാര്യമാണ്.

ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു തെറിക്കുന്ന യാത്രക്കാരനെ സീറ്റ് ബെല്‍റ്റ് പിടിച്ചിരുത്തും. ഈ അവസരത്തിലാണ് ചെറിയ സ്‌ഫോടനത്തോടെ എയര്‍ബാഗുകള്‍ പുറത്തുവരിക.
Most Read: മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ ഒരു റെയിൽ പാത

സീറ്റ് ബെല്‍റ്റ് ധരിക്കാത്തപക്ഷം എയര്‍ബാഗ് പുറത്തുവരുമ്പോള്‍ യാത്രക്കാരന് ഗുരുതര പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യം മുന്‍നിര്‍ത്തി സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മാത്രം എയര്‍ബാഗ് പുറത്തുവരാനുള്ള നടപടികള്‍ നിര്‍മ്മാതാക്കള്‍ സ്വീകരിച്ചു വരികയാണ്.
Image Source: Facebook


Click it and Unblock the Notifications








