രണ്ടാം അങ്കത്തിന് പുതിയ ഹോണ്ട സിവിക്, ഭീഷണി ടൊയോട്ട കൊറോളയ്ക്ക്
വലിയ സെഡാനായ സിവിക്കിനെ ഇന്ത്യയില്‍ തിരികെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട. അടുത്തവര്‍ഷം ജനുവരിയോടെ മോഡല്‍ ഇങ്ങെത്തും. ടൊയോട്ട കൊറോളയുടെ സമഗ്രാധിപത്യം തകര്‍ത്തെറിയാന്‍ പുതിയ സിവിക്കിന് കഴിയുമെന്നു ഹോണ്ട ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു. എന്തായാലും സിവിക്കിന്റെ പത്താംതലമുറയാണ് ഇനി വരാന്‍പോകുന്നത്.

ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതിയ സിവിക്കിനെ ഇന്ത്യ ഒരുനോക്കു കണ്ടിരുന്നു. അന്നേ വിപണി പ്രവചിച്ചു, സിവിക്കിന്റെ തിരിച്ചുവരവ് ഗംഭീരമാകുമെന്ന്. ഈ സാമ്പത്തികവര്‍ഷം ഹോണ്ട ഇന്ത്യയ്ക്കായി കരുതിയിട്ടുള്ള മൂന്നാമത്തെ മോഡലാണ് സിവിക്.

ഓട്ടോ എക്‌സ്‌പോയില്‍ പിറന്ന അമേസും ഒക്ടോബര്‍ ഒമ്പതിന് അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന ഏഴു സീറ്റര്‍ CR-V എസ്‌യുവിയുമാണ് ആദ്യരണ്ടു മോഡലുകള്‍. രാജ്യാന്തര വിപണിയില്‍ വില്‍പനയിലുള്ള സിവിക്ക് തന്നെ ഇവിടെയുമെത്തും.

എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ കാറില്‍ കമ്പനി വരുത്തും. രൂപഭാവത്തില്‍ മാത്രമല്ല, എഞ്ചിന്‍ തുടിപ്പിലും പുതിയ സിവിക് മാറ്റങ്ങള്‍ അവകാശപ്പെടുമെന്നാണ് വിവരം.

മുന്‍തലമുറയെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും സിവിക്കില്‍ പ്രതീക്ഷിക്കാം. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷ്യം പിന്തുടരുന്ന സിവിക്കിന് ഒഴുകിയിറങ്ങുന്ന ശൈലിയാണ് ഹോണ്ട സമ്മാനിക്കുന്നത്.
Most Read: ഏറ്റവും വിലകുറഞ്ഞ ഫെറാറി കാര്‍ ഇന്ത്യയില്‍; പുഞ്ചിരി തൂകി പോര്‍ട്ടോഫീനൊ

കൂപ്പെ പോലെ താണിറങ്ങുന്ന പിന്‍ഭാഗം കാറിന് കൂടുതല്‍ സ്‌പോര്‍ടി ഭാവം നല്‍കുന്നു. ഇരുണ്ട ഹെഡ്‌ലാമ്പുകള്‍ (സ്‌മോക്ക്ഡ്), തിളക്കമാര്‍ന്ന കറുത്ത ഗ്രില്ല്, മുന്‍ പിന്‍ ബമ്പറുകളിലുള്ള ക്രോം അലങ്കാരം എന്നിവയെല്ലാം മോഡലിന്റെ സവിശേഷതകളില്‍പ്പെടും.

രണ്ടു എഞ്ചിന്‍ പതിപ്പുകള്‍ ഹോണ്ട സിവിക് ഫെയ്‌സ്‌ലിഫ്റ്റില്‍ പ്രതീക്ഷിക്കാം. ഒന്നു 1.8 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനും ഒന്ന് 1.6 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനും. പെട്രോള്‍ എഞ്ചിന് 138 bhp കരുത്തും 176 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

അതേസമയം ഡീസല്‍ എഞ്ചിന്‍ 118 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇരു എഞ്ചിന്‍ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുമ്പോള്‍, ഓപ്ഷനല്‍ സിവിടി ഗിയര്‍ബോക്‌സ് സിവിക് പെട്രോള്‍ മോഡല്‍ മാത്രം അവകാശപ്പെടും.

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ്, ഫോര്‍വേര്‍ഡ് കൊളീഷന്‍ വാര്‍ണിംഗ്, റോഡ് ഡിപാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലെയ്ന്‍ ഡീപാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എബിഎസ് എന്നിവയെല്ലാം മോഡലിന്റെ മറ്റു പ്രത്യേകതകളായി ഒരുങ്ങും. വിപണിയില്‍ കൊറോളയ്ക്ക് പുറമെ സ്‌കോഡ ഒക്ടാവിയ, ഫോക്‌സ്‌വാഗണ്‍ ജെറ്റ മോഡലുകളുമായും സിവിക് മത്സരിക്കും.


Click it and Unblock the Notifications








