ക്രാഷ് ടെസ്റ്റില്‍ മൂന്നു സ്റ്റാര്‍, ഹ്യുണ്ടായി i20 -യ്ക്ക് ദൃഢത കുറവെന്നു ഗ്ലോബല്‍ NCAP
ഹ്യുണ്ടായി i20 -യ്ക്ക് സുരക്ഷ പോര. i20 ഹാച്ച്ബാക്കിന് ദൃഢത കുറവാണെന്നു ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) വിധിയെഴുതി. 64 കിലോമീറ്റര്‍ വേഗത്തില്‍ നടന്ന ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്കു മൂന്നു സ്റ്റാര്‍ സുരക്ഷയും കുട്ടികള്‍ക്ക് രണ്ടു സ്റ്റാര്‍ സുരക്ഷയും മാത്രമാണ് i20 കാഴ്ച്ചവെച്ചത്.

ഹാച്ച്ബാക്കിന്റെ ബോഡി ഘടനയ്ക്കും മുന്നിലെ സീറ്റിംഗ് സംവിധാനങ്ങള്‍ക്കും ദൃഢത കുറവാണ്. ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ എത്തുന്ന ഹ്യുണ്ടായി 2018 മോഡല്‍ i20 ഹാച്ച്ബാക്കാണ് ക്രാഷ് ടെസ്റ്റിന് വിധേയമായത്.

സൈഡ് ബോഡി എയര്‍ബാഗുകള്‍, സൈഡ് കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ നിര്‍ണ്ണായക സുരക്ഷ സംവിധാനങ്ങളൊന്നും ഹ്യുണ്ടായി i20 ഹാച്ച്ബാക്കിന്റെ ദക്ഷിണാഫ്രിക്കന്‍ പതിപ്പിനില്ല.

1,286 കിലോ ഭാരമുണ്ട് ഹാച്ച്ബാക്കിന്. ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനറുകളും i20 ഹാച്ച്ബാക്കിലെ സുരക്ഷാ സജ്ജീകണങ്ങളില്‍പ്പെടും.
Most Read: ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി മാരുതി സ്വിഫ്റ്റ് — ഇനിയും വര്‍ധിക്കാനുണ്ട് സുരക്ഷ

ക്രാഷ് ടെസ്റ്റില്‍ ഹ്യുണ്ടായി ശുപാര്‍ശ ചെയ്യുന്ന ചൈല്‍ഡ് സീറ്റുകളാണ് ഗ്ലോബല്‍ NCAP ഉപയോഗിച്ചത്. എന്നാല്‍ ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളുടെ അഭാവം സുരക്ഷയില്‍ പാളിച്ചകള്‍ സംഭവിക്കാന്‍ കാരണമായി.

ഇന്ത്യയില്‍ വില്‍പനയ്ക്കുവരുന്ന i20 ഹാച്ച്ബാക്കില്‍ ഇരട്ട മുന്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, സെന്‍ട്രല്‍ ലോക്കിംഗ് എന്നിവയെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഒരുങ്ങുന്നുണ്ട്.
ഉയര്‍ന്ന i20 മോഡലുകളില്‍ സൈഡ് കര്‍ട്ടന്‍ എയര്‍ബാഗുകളും ക്യാമറയോടുകൂടിയ റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകളും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും കുടുതലായി ഇടംപിടിക്കുന്നുണ്ടുതാനും. നിലവില്‍ ഇന്ത്യയില്‍ നിന്നും ആഫ്രിക്കന്‍ വിപണികളിലേക്കു ഹ്യുണ്ടായി കാറുകള്‍ കയറ്റുമതി ചെയ്യുന്നില്ല.

നേരത്തെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള സ്വിഫ്റ്റ് ഹാച്ച്ബാക്കിന് കാലിടറിയിരുന്നു. അഞ്ചില്‍ രണ്ടു സ്റ്റാര്‍ മാത്രമാണ് ക്രാഷ് ടെസ്റ്റില്‍ മാരുതി സ്വിഫ്റ്റ് നേടിയത്. മുതിര്‍ന്ന യാത്രക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷയേകുന്നതില്‍ സ്വിഫ്റ്റ് പരാജയപ്പെട്ടു.
Most Read: ക്ലാസിക് തനിമ, ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

പുതിയ സ്വിഫ്റ്റിന്റെ ബോഡിയ്ക്കും ദൃഢത കുറവാണെന്നു ക്രാഷ് ടെസ്റ്റ് ഫലം പറഞ്ഞു. ഇരട്ട എയര്‍ബാഗുകളും സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനറുകളും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും സ്വിഫ്റ്റിലുണ്ട്. എന്നാല്‍ നാലു ചാനല്‍ എബിഎസ് സംവിധാനം വേണ്ടെന്ന തീരുമാനം സ്വിഫ്റ്റിന് വിനയായി.


Click it and Unblock the Notifications








