മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് ഓള്‍-ടെറെയ്ന്‍ വിപണിയില്‍
75 ലക്ഷം രൂപ വിലയില്‍ മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് ഓള്‍-ടെറെയ്ന്‍ വിപണിയില്‍. ഇന്ത്യയില്‍ മെര്‍സിഡീസ് കൊണ്ടുവരുന്ന ആദ്യ എസ്‌റ്റേറ്റ് മോഡലാണിത്. പുതിയ ഓള്‍-ടെറെയ്ന്‍ മോഡല്‍ നിരയില്‍ എത്തിയതോടെ ഇനി മുതല്‍ മൂന്നു ബോഡി ഘടനകള്‍ ഇ-ക്ലാസ് ശ്രേണിയില്‍ ലഭ്യമാണ്.

ലോങ് വീല്‍ ബേസ് (സ്റ്റാന്‍ഡേര്‍ഡ് ഇ-ക്ലാസ് സെഡാന്‍), സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ് (E63 AMG സെഡാന്‍), എസ്‌റ്റേറ്റ് (ഓള്‍-ടെറെയ്ന്‍) എന്നിവര്‍ ഉള്‍പ്പെടും ഇ-ക്ലാസ് നിരയില്‍. രാജ്യാന്തര വിപണിയിൽ ഇ-ക്ലാസ് സെഡാന്റെ ഓഫ്‌റോഡ് പതിപ്പായാണ്ഇ-ക്ലാസ് ഓള്‍-ടെറെയ്ന്‍ അറിയപ്പെടുന്നത്.

ഇ-ക്ലാസ് SWB (ഷോര്‍ട്ട് വീല്‍ബേസ്) മോഡലാണ് ഓള്‍-ടെറെയ്‌ന് ആധാരം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും പുറംമോടിയിലുള്ള കൂടുതല്‍ വെച്ചുകെട്ടലുകളും മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് ഓള്‍-ടെറെയ്‌നിനെ നിരയില്‍ വേറിട്ടുനിര്‍ത്തും.

മോഡലിന് മുന്നില്‍ വെള്ളിയലങ്കാരമുള്ള ഗ്രില്ലാണ് ഒരുങ്ങുന്നത്. മുന്‍ ബമ്പറിലെ സ്‌കിഡ് പ്ലേറ്റിലും കാണാം വെള്ളിയുടെ പ്രഭാവം. വശങ്ങളില്‍ വീല്‍ ആര്‍ച്ചുകള്‍ക്ക് മേലെയോടുന്ന കറുത്ത ക്ലാഡിംഗ് മോഡലിന് പരുക്കന്‍ വേഷം സമ്മാനിക്കുന്നു.
Most Read: ഏറ്റവും വിലകുറഞ്ഞ ഫെറാറി കാര്‍ ഇന്ത്യയില്‍; പുഞ്ചിരി തൂകി പോര്‍ട്ടോഫീനൊ

ചെരിഞ്ഞിറങ്ങും വിധത്തിലാണ് മേല്‍ക്കൂരയും അതിനോടുചേര്‍ന്ന സില്‍വര്‍ റൂഫ് റെയിലുകളും. മോഡലില്‍ 19 ഇഞ്ച് അഞ്ചു സ്‌പോക്ക് അലോയ് വീലുകളാണ്. വീല്‍ ആര്‍ച്ചുകളിലുള്ള ക്ലാഡിംഗ് പിന്‍ സ്‌കിഡ് പ്ലേറ്റിനും ഇരട്ട എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിനും അടിവരയിടുന്നുണ്ട്.

പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നേര്‍ത്ത ക്രോം വര ഡിസൈന്‍ സവിശേഷതകളില്‍പ്പെടും. സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും പുതിയ ഇ-ക്ലാസ് ഓള്‍-ടെറെയ്‌ന് 116 mm നീളം കുറവാണ്; വീല്‍ബേസ് 158 mm ഉം.

അതേസമയം എസ്‌റ്റേറ്റ് മോഡലായതുകൊണ്ടു പിറകിലേക്ക് വലിഞ്ഞുനീണ്ട ബോഡി ഘടന ഓള്‍-ടെറെയ്‌ന് കൂടുതല്‍ ബൂട്ട് സ്‌പേസ് സമര്‍പ്പിക്കുന്നു. 640 ലിറ്ററാണ് ബൂട്ട് സ്‌പേസ്. പിന്‍ സീറ്റുകള്‍ മടക്കിവെച്ചാല്‍ 1,820 ലിറ്ററായി ബൂട്ട് സ്‌പേസ് ഉയരും.

അകത്തളത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഇ-ക്ലാസ് സെഡാനുകള്‍ക്ക് സമാനമാണ് പുതിയ ഇ-ക്ലാസ് ഓള്‍-ടെറെയ്‌നും. COMAND ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എയര്‍ സസ്‌പെന്‍ഷന്‍, പാനരോമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, മൂന്നു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ പ്രവര്‍ത്തിക്കുന്ന ടെയില്‍ഗേറ്റ് മുതലായവ ഇ-ക്ലാസ് ഓള്‍-ടെറെയ്‌ന്റെ പ്രത്യേകതകളാണ്.

മോഡലിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന് 194 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഓള്‍-ടെറെയ്‌നില്‍. ഓള്‍-ടെറെയ്ന്‍, ഇന്‍ഡിവീജ്വല്‍ ഉള്‍പ്പെടെ അഞ്ചു ഡ്രൈവിംഗ് മോഡുകള്‍ കാറിലുണ്ട്.

2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് ഇ-ക്ലാസ് ഓള്‍-ടെറെയ്‌നെ മെര്‍സിഡീസ് ആദ്യമായി ഇന്ത്യയില്‍ കാഴ്ച്ചവെച്ചത്. വിപണിയില്‍ വോള്‍വോ V90 ക്രോസ് കണ്‍ട്രിയാണ് മോഡലിന്റെ പ്രധാന എതിരാളി.


Click it and Unblock the Notifications