എസ്‌യുവി കണക്കെ ചമഞ്ഞ് പുതിയ മാരുതി ആള്‍ട്ടോ
നിലവിലെ മാരുതി ആള്‍ട്ടോയെ പുതുക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. 2019 ഒക്ടോബറില്‍ മുതല്‍ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാവുന്നതോടെ ആള്‍ട്ടോയെ പുതുക്കാതെ മാരുതിക്ക് വേറെ തരമില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറുകളില്‍ ഒന്നാണെങ്കിലും ഒരേ അവതാരത്തില്‍ ആള്‍ട്ടോ തുടരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഇക്കാര്യത്തില്‍ കമ്പനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. അതുകൊണ്ടാണ് കാറിനെ പുതുക്കാന്‍ മാരുതി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

പുതിയ മുഖവുമായി കൂടുതല്‍ ദൃഢതയോടെ 2019 മാരുതി ആള്‍ട്ടോ വൈകാതെ കടന്നുവരും. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി കാഴ്ച്ചവെച്ച ഫ്യൂച്ചര്‍-S കോണ്‍സെപ്റ്റാണ് പുതിയ ആള്‍ട്ടോയ്ക്ക് പ്രചോദനം. സമകാലിക ഹാച്ച്ബാക്ക് സങ്കല്‍പ്പങ്ങളില്‍ നിന്നുമാറി മൈക്രോ ക്രോസ്ഓവര്‍ ശൈലി മോഡലിന് കമ്പനി കല്‍പ്പിക്കും. പരീക്ഷണയോട്ടത്തിനിടെ ക്യാമറ പകര്‍ത്തിയ ചിത്രത്തില്‍ ഇക്കാര്യം വ്യക്തം.

കാറിനെ പൂര്‍ണ്ണമായി മറച്ചുപിടിച്ചാണ് കമ്പനി പരീക്ഷിക്കുന്നതെങ്കിലും മോഡലിന്റെ ആകാരം സംബന്ധിച്ച കാര്യങ്ങളില്‍ വിപണിക്ക് ധാരണ ലഭിച്ചിരിക്കുന്നു. നിലവിലെ മോഡലുമായി നാമമാത്രമായ സാമ്യത മാത്രമെ പുതിയ ആള്‍ട്ടോയ്ക്കുള്ളൂ. ഇഗ്നിസിനോടാണ് കാറിന് കൂടുതൽ ഇണക്കം. ഗ്രില്ലും A പില്ലറും ഗ്രൗണ്ട് ക്ലിയറന്‍സും ഹാച്ച്ബാക്കില്‍ ഉയര്‍ന്നതായി കാണാം.

പുതുതലമുറ മാരുതി കാറുകള്‍ പുറത്തിറങ്ങുന്ന HEARTECT അടിത്തറ പുത്തന്‍ ആള്‍ട്ടോയും പങ്കിടും. ബോക്‌സി ഘടനയാണ് കാറിന്. വലിയ ടയറുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ മുതലായ വിശേഷങ്ങളെല്ലാം ആള്‍ട്ടോയില്‍ കരുതാം.

അകത്തളം കൂടുതല്‍ വിശാലമാക്കാന്‍ കമ്പനി കാര്യമായി ശ്രമിച്ചിട്ടുണ്ട്. ഉയര്‍ന്നായിരിക്കും സീറ്റുകളുടെ ക്രമം. വാഗണ്‍ആറിന് ലഭിച്ച സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആള്‍ട്ടോയിലും പ്രതീക്ഷിക്കാം. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ കമ്പനിയുടെ സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്.
Most Read: ആവശ്യക്കാരില്ല, എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മാരുതി നിര്‍ത്തി

നിലവിലുള്ളതുപോലെ മൂന്നു സ്‌പോക്ക് സ്റ്റീയറിങ് വീല്‍ കാറില്‍ തുടരും. കൂടുതല്‍ ലെഗ് റൂമിന് വേണ്ടി ഗിയര്‍ ലെവര്‍ ഡാഷ്‌ബോര്‍ഡിലേക്ക് മാരുതി മാറ്റി സ്ഥാപിച്ചേക്കാം. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ പുതിയ എല്‍സിഡി സ്‌ക്രീനിനും കമ്പനി കളമൊരുക്കിയിട്ടുണ്ടെന്നാണ് സൂചന.

ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇരട്ട എയര്‍ബാഗുകള്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ ആള്‍ട്ടോയില്‍ നിര്‍ബന്ധമായും ഒരുങ്ങേണ്ടതുണ്ട്. വിപണിയില്‍ മത്സരം മുറുകിയത് പ്രമാണിച്ച് കൂടുതല്‍ ബൂട്ട് സ്‌പേസ് സൃഷ്ടിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമവും മാരുതി നടത്തും. HEARTECT അടിത്തറയായതുകൊണ്ട് പുതിയ ആള്‍ട്ടോയ്ക്ക് നിലവിലെ മോഡലിനെക്കാള്‍ ഭാരം കുറവായിരിക്കും.
Most Read: ഒരുമാസംകൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

800 സിസി, 1.0 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റുകളില്‍ തന്നെയാവും ആള്‍ട്ടോ തുടരുക. അതേസമയം എഞ്ചിന്‍ യൂണിറ്റുകള്‍ ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേങ്ങള്‍ പാലിക്കും. വിപണിയില്‍ മൂന്നുലക്ഷം മുതല്‍ നാലരലക്ഷം രൂപ വരെ കാറിന് വില പ്രതീക്ഷിക്കാം. റെനോ ക്വിഡാണ് മാരുതി ആള്‍ട്ടോയുടെ പ്രധാന എതിരാളി.
Spy Image Source: ZigWheels


Click it and Unblock the Notifications








