കുറഞ്ഞത് 65 കിലോ ഭാരം, വകഭേദങ്ങള്‍ ഏഴ്: 2019 മാരുതി വാഗണ്‍ആര്‍ വിശേഷങ്ങള്‍
ജനുവരി 23 -ന് പുതിയ മാരുതി വാഗണ്‍ആര്‍ വില്‍പ്പനയ്ക്ക് എത്തും. പുറംമോടിയിലും അകത്തളത്തിലും കാര്യമായ പരിഷ്‌കാരങ്ങള്‍ നേടിയാണ് വാഗണ്‍ആറിന്റെ വരവ്. ഇക്കുറി സിഎന്‍ജിക്കൊപ്പം എല്‍പിജി വകഭേദവുമുണ്ട് കാറില്‍. വില്‍പ്പനയ്ക്ക് അണിനിരക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഡീലര്‍ഷിപ്പുകളില്‍ ടെസ്റ്റ് ഡ്രൈവിനായി പുതിയ വാഗണ്‍ആര്‍ വന്നുതുടങ്ങി.

ഇപ്പോള്‍ പുറത്തുവരുന്ന ബ്രോഷര്‍ വിവരങ്ങള്‍ വാഗണ്‍ആറിനെ കുറിച്ചുള്ള കാര്യങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തുകയാണ്. നിലവിലെ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെ 2019 വാഗണ്‍ആറിലും തുടരും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് വകഭേദങ്ങളില്‍ മുഴുവന്‍ അടിസ്ഥാന ഫീച്ചറാണ്.

അതേസമയം ആവശ്യക്കാര്‍ക്ക് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുമുണ്ട് നിരയില്‍. സിഎന്‍ജി, എല്‍പിജി പതിപ്പുകളും പുതിയ വാഗണ്‍ആറില്‍ അണിനിരക്കും. ഇടത്തരം, ഉയര്‍ന്ന വകഭേദങ്ങളില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിക്കുക. സ്വിഫ്റ്റില്‍ നിന്നുള്ള എഞ്ചിനാണിത്.

1.0 ലിറ്റര്‍ എഞ്ചിന്‍ 67 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കും. 83 bhp കരുത്തും 113 Nm torque -മുണ്ട് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്. ഇരു എഞ്ചിന്‍ പതിപ്പുകളും ബിഎസ് IV നിര്‍ദ്ദേശങ്ങളാണ് പാലിക്കുന്നത്.
Most Read: പുതിയ കാർ വാങ്ങുമ്പോൾ മറക്കരുത് ഈ പത്തു കാര്യങ്ങൾ

ആകാരയളവില്‍ നിലവിലെ വാഗണറിനെക്കാള്‍ വലുപ്പം വരാനിരിക്കുന്ന മോഡല്‍ അവകാശപ്പെടും. 3,655 mm നീളവും 1,620 mm വീതിയും 1,675 mm ഉയരവും പുത്തന്‍ ഹാച്ച്ബാക്കിനുണ്ട്. വീല്‍ബേസ് 2,435 mm. 4.7 മീറ്ററാണ് ടേണിംഗ് റേഡിയസ്.

അതായത് 19 mm നീളവും 145 mm വീതിയും 5 mm ഉയരവും 2019 വാഗണ്‍ആറിന് അധികമുണ്ട്. അതേസമയം 14 ഇഞ്ച് വലുപ്പത്തില്‍ തന്നെ ടയറുകള്‍ തുടരും. 32 ലിറ്ററാണ് ഇന്ധനശേഷി. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി 805 മുതല്‍ 845 കിലോ വരെ ഭാരം ഹാച്ച്ബാക്ക് രേഖപ്പെടുത്തും.

പുതിയ വാഗണ്‍ആറിന് നിലവിലെ മോഡലിനെക്കാള്‍ 65 കിലോ വരെ ഭാരം കുറവാണ്. പരിഷ്‌കരിച്ച അടിത്തറ ഭാരം ഗണ്യമായി വെട്ടിക്കുറച്ചു. ടാറ്റ ടിയാഗൊയെക്കാള്‍ 135 കിലോയോളം ഭാരം പുതിയ വാഗണ്‍ആറിന് കുറവുണ്ട്; സാന്‍ട്രോയെക്കാള്‍ നൂറു കിലോയും.

വൈറ്റ്, സില്‍വര്‍, ഗ്രെയ്, ഓറഞ്ച്, ബ്രൗണ്‍, ബ്ലൂ എന്നി നിറങ്ങളിലാണ് പുതിയ വാഗണ്‍ആര്‍ അണിനിരക്കുക. LXi 1.0 ലിറ്റര്‍ മാനുവല്‍, VXi 1.0 ലിറ്റര്‍ മാനുവല്‍, VXi 1.0 ലിറ്റര്‍ എഎംടി, VXi 1.2 ലിറ്റര്‍ മാനുവല്‍, VXi 1.2 ലിറ്റര്‍ എഎംടി, ZXi 1.2 ലിറ്റര്‍ മാനുവല്‍, ZXi 1.2 ലിറ്റര്‍ എഎംടി വകഭേദങ്ങള്‍ വരാനിരിക്കുന്ന വാഗണ്‍ആറിലുണ്ട്.

നേരത്തെ പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. നിലവിലെ വാഗണ്‍ആര്‍ അടിത്തറ പരിഷ്‌കരിച്ചാണ് പുതിയ ഹാച്ച്ബാക്കിനെ മാരുതി കൊണ്ടുവരുന്നത്. മുഖച്ഛായ മാറി. ബോഡി ഘടനയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചു.

കാഴ്ച്ചക്കാരുടെ കണ്ണുകള്‍ പിന്നഴകിലും പതിയുമെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. പുതിയ ഹെഡ്‌ലാമ്പ് ശൈലിയാണ് ഹാച്ച്ബാക്കിന്. ഗ്രില്ല് ചെറുതായി. ഗ്രില്ലിന് നടുവിലൂടെ പ്രത്യേക ക്രോം വര കടന്നുപോകുന്നു.

വലിയ എയര്‍ഡാം ഇടംകണ്ടെത്തുന്ന മുന്‍ബമ്പര്‍ ഹാച്ച്ബാക്കിന്റെ സ്പോര്‍ടി പരിവേഷം ഉയര്‍ത്തിക്കാട്ടും. താഴെ ബമ്പറിലാണ് ഫോഗ്‌ലാമ്പുകള്‍. പിറകിലെ ടെയില്‍ലാമ്പുകള്‍ വോള്‍വോ മോഡലുകളെ ഓര്‍മ്മപ്പെടുത്തും.

വീതികൂടിയ ഇ പില്ലറില്‍ പ്രത്യേക കറുത്ത ഡിസൈന്‍ ശൈലി കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. മേല്‍ക്കൂരയ്ക്ക് ഒഴുകിയിറങ്ങുന്ന പ്രഭാവം നല്‍കാന്‍ ഇതു സഹായിക്കും. കഴിഞ്ഞവര്‍ഷം ജാപ്പനീസ് വിപണിയിലെത്തിയ വാഗണ്‍ആറില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് വരാനിരിക്കുന്ന മോഡല്‍.

ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം മുന്‍നിര്‍ത്തി സുരക്ഷാ സജ്ജീകരണങ്ങള്‍ കൂടുതലായി പുതിയ വാഗണ്‍ആറില്‍ ഒരുങ്ങും. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങളില്‍പ്പെടും.
Source: Team-BHP, GaadiWaadi


Click it and Unblock the Notifications








