ടാറ്റ ഹാരിയറിന് മറുപടിയുമായി ഫോര്‍ഡ് വരുന്നൂ
ഇനി മുന്നോട്ടുള്ള കാലം തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് ഫോര്‍ഡും മഹീന്ദ്രയും. വൈദ്യുത കാറുകള്‍, സാങ്കേതികവിദ്യ, അടിത്തറ തുടങ്ങിയ മേഖലകളിലെല്ലാം ഇരു കമ്പനികളും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇതിന് പുറമെ വിപണിയില്‍ നില മെച്ചപ്പെടുത്താനുള്ള നടപടികളും മുഖ്യ അജണ്ടയിലുണ്ട്. കൂട്ടുകെട്ടിന്റെ ഭാഗമായി ഫോര്‍ഡും മഹീന്ദ്രയും സംയുക്തമായി വികസിപ്പിക്കുന്ന ആദ്യ മോഡല്‍ അടുത്തവര്‍ഷം രണ്ടാംപാദം വിപണിയില്‍ യാഥാര്‍ത്ഥ്യമാവും.

മഹീന്ദ്രയുടെ സഹായത്തോടെ പുത്തന്‍ സി സെഗ്മന്റ് എസ്‌യുവിയെ ആവിഷ്‌കരിക്കുന്ന തിരക്കിലാണ് ഫോര്‍ഡ് ഇപ്പോള്‍. അണിയറയില്‍ മഹീന്ദ്ര ഒരുക്കുന്ന പുതുതലമുറ XUV500 -യുടെ അടിത്തറ ഇടത്തരം എസ്‌യുവിക്കായി അമേരിക്കന്‍ കമ്പനി കടമെടുക്കും. അടുത്തവര്‍ഷമാണ് പുതുതലമുറ XUV500 -യെ മഹീന്ദ്ര വില്‍പ്പനയ്ക്ക് കൊണ്ടുവരാനിരിക്കുന്നത്.

അടിത്തറകൂടാതെ എഞ്ചിനും മറ്റു ഘടകങ്ങളും മഹീന്ദ്ര എസ്‌യുവിയില്‍ നിന്നുതന്നെ ഫോര്‍ഡ് പങ്കിടും. മഹീന്ദ്ര ശാലയില്‍ XUV500 -യ്ക്ക് ഒപ്പം പുതിയ ഫോര്‍ഡ് എസ്‌യുവിയെയും പുറത്തിറക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടിത്തറയും എഞ്ചിനും ഒന്നായിരിക്കുമെങ്കിലും വ്യത്യസ്തമായ ഡിസൈന്‍ ഭാഷ്യമാണ് സി സെഗ്മന്റ് എസ്‌യുവിക്ക് അമേരിക്കന്‍ കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

അകത്തളത്തിലും സ്വന്തം നിലപാടുകള്‍ക്ക് ഫോര്‍ഡ് പ്രാധാന്യം കല്‍പ്പിക്കും. പതിവുപോലെ കൂടുതല്‍ ഡ്രൈവര്‍ കേന്ദ്രീകൃതമായി മോഡലിനെ ആവിഷ്‌കരിക്കാനാണ് ഫോര്‍ഡിന് താത്പര്യം. അഞ്ച്, ഏഴ് സീറ്റര്‍ പതിപ്പുകള്‍ പുതിയ എസ്‌യുവിയില്‍ അണിനിരക്കും.
Most Read: ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

രാജ്യാന്തര നിരയിലുള്ള എഡ്ജ്, എക്‌സ്‌പ്ലോറര്‍, എക്‌സ്‌പെഡീഷന്‍ മോഡലുകള്‍ എസ്‌യുവിക്ക് പ്രചോദനമാവുമെന്നാണ് സൂചന. ശ്രേണിയില്‍ വര്‍ധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത് നവീന സൗകര്യങ്ങളും സംവിധാനങ്ങളും കമ്പനി ലഭ്യമാക്കുമെന്ന കാര്യമുറപ്പ്.

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയുള്ള SYNC3 ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, സണ്‍റൂഫ്, തുകല്‍ സീറ്റുകള്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സ്മാര്‍ട്ട് കീ എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, തുടങ്ങിയ ഫീച്ചറുകളെല്ലാം എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

വികസന ഘട്ടത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് മോഡലില്‍ സാധ്യത കൂടുതല്‍. ഇതേ എഞ്ചിന്‍ യൂണിറ്റ് പുതുതലമുറ XUV500 -യ്ക്കും കരുത്തു പകരും. 180 bhp വരെയാകും ഭാരത് സ്റ്റേജ് VI ചട്ടങ്ങള്‍ പാലിച്ചുള്ള എഞ്ചിന്‍ കരുത്തുത്പാദനം കുറിക്കുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ എസ്‌യുവിക്ക് ലഭിക്കും.
Most Read: ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

ഹ്യുണ്ടായി ക്രെറ്റയെക്കാള്‍ കൂടുതല്‍ പ്രീമിയം പകിട്ടില്‍ എസ്‌യുവിയെ അവതരിപ്പിക്കാനാണ് ഫോര്‍ഡിന്റെ നീക്കം. നിലവില്‍ കോമ്പാക്ട് എസ്‌യുവി നിരയില്‍ അണിനിരക്കുന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് 7.8 ലക്ഷം മുതല്‍ 11.9 ലക്ഷം രൂപ വരെ വില കുറിക്കുന്നുണ്ട്.

ഈ വസ്തുത മുന്‍നിര്‍ത്തി 12 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ ഫോര്‍ഡിന്റെ പുതിയ ഇടത്തരം എസ്‌യുവിക്ക് വില കരുതുന്നില്‍ തെറ്റില്ല. പ്രധാനമായും ടാറ്റ ഹാരിയറിനോട് മത്സരിച്ചാകും മോഡല്‍ കടന്നുവരിക.
*ചിത്രങ്ങൾ പ്രതീകാത്മകം മാത്രം


Click it and Unblock the Notifications








