ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തണ്ടര്‍ എഡിഷന്‍ വിപണിയില്‍
ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തണ്ടര്‍ എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി. 10.68 ലക്ഷം രൂപ മുതലാണ് ഇക്കോസ്‌പോര്‍ട് തണ്ടര്‍ പെട്രോളിന് വില. ഡീസല്‍ പതിപ്പ് 10.68 ലക്ഷം രൂപ പ്രാരംഭ വില കുറിക്കും (ദില്ലി ഷോറൂം). ഇക്കോസ്‌പോര്‍ട് നിരയിലെ ടൈറ്റാനിയം വകഭേദം അടിസ്ഥാനപ്പെടുത്തിയാണ് തണ്ടര്‍ എഡിഷന്‍ വില്‍പ്പനയ്ക്ക് വരുന്നത്.

പുറംമോടിയില്‍ ഫോര്‍ഡ് കൈക്കൊണ്ടിട്ടുള്ള മോടിപിടിപ്പിക്കലുകള്‍ പുതിയ തണ്ടര്‍ എഡിഷന് കൂടുതല്‍ ചുറുചുറുക്കും പുതുമയും പകരുന്നു. ഇരട്ടനിറമുള്ള ബോണറ്റ്, കറുത്ത മേല്‍ക്കൂര, കറുത്ത അലോയ് വീലുകള്‍, കറുത്ത മിററുകള്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാട് ഇക്കോസ്‌പോര്‍ട് തണ്ടര്‍ എഡിഷനില്‍ കാണാം. കറുത്ത അലോയ് വീലുകളില്‍ സ്‌പോര്‍ടി ഭാവം പ്രകടമാണ്.

17 ഇഞ്ചാണ് അലോയ് വീലുകള്‍ക്ക് വലുപ്പവും. പുതിയ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് എസ്‌യുവി കൂടുതല്‍ ഗൗരവം പ്രതിഫലിപ്പിക്കും. കറുപ്പു നിറം ഗ്രില്ലിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നുണ്ട്. തണ്ടര്‍ എഡിഷന്റെ ഉള്ളിലും സ്‌പോര്‍ടി ശൈലി കൊണ്ടുവരാന്‍ കമ്പനി പരമാവധി ശ്രമിച്ചതു കാണാം.

കറുപ്പും തവിട്ടും കലര്‍ന്നാണ് ക്യാബിന്റെ ഒരുക്കം. ശ്രേണിയില്‍ വര്‍ധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത് ഇക്കോസ്‌പോര്‍ട് തണ്ടറിലെ ഫീച്ചറുകളിലും ഫോര്‍ഡ് പിശുക്കു കാണിച്ചിട്ടില്ല. വൈദ്യുത സണ്‍റൂഫും 9.0 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും അടക്കം ടൈറ്റാനിയം വകഭേദത്തിലെ സൗകര്യങ്ങളും സംവിധാനങ്ങളും മുഴുവന്‍ ഇക്കോസ്‌പോര്‍ട് തണ്ടര്‍ എഡിഷനും ലഭിച്ചിട്ടുണ്ട്.

1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനാണ് ഇക്കോസ്‌പോര്‍ട് തണ്ടര്‍ എഡിഷന്‍ പെട്രോളില്‍ തുടിക്കുന്നത്. എഞ്ചിന് 123 bhp കരുത്തും 150 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു എസ്‌യുവിയിലെ സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇതേസമയം, ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ TDCI ടര്‍ബ്ബോ എഡിഷന്‍ ഒരുങ്ങുന്നു. 98.6 bhp കരുത്തും 215 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്.
Most Read: ഹ്യുണ്ടായി വെന്യുവിനെക്കാള്‍ കേമന്‍ വിറ്റാര ബ്രെസ്സ — കാരണങ്ങള്‍ നിരത്തി മാരുതി

അഞ്ചു സ്പീഡാണ് ഡീസല്‍ പതിപ്പിലും മാനുവല്‍ ഗിയര്‍ബോക്‌സ്. കോമ്പാക്ട് എസ്‌യുവി ശ്രേണിയ്ക്ക് തുടക്കമിട്ടത് ഇക്കോസ്‌പോര്‍ടാണെങ്കിലും പുതുതലമുറ മോഡലുകളുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ ഫോര്‍ഡ് എസ്‌യുവി നിലവില്‍ പാടുപെടുകയാണ്.
Most Read: ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു എസ്‌യുവികളുടെ കടന്നുവരവ് ഇക്കോസ്‌പോര്‍ട് വില്‍പ്പനയെ കാര്യമായി ബാധിച്ചിരിക്കുന്നു. പുതിയ ഇക്കോസ്‌പോര്‍ട് എഡിഷന്‍ വില്‍പ്പനയ്ക്ക് പുത്തനുണര്‍വേകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ മാനിച്ച് ഇക്കോസ്‌പോര്‍ടിന്റെ ബിഎസ് VI പതിപ്പിനെ അണിയറയില്‍ ഫോര്‍ഡ് ഒരുക്കുന്നുണ്ട്.
Most Read: മാരുതി വില്‍പ്പന വീണ്ടും കൂപ്പുകുത്തി, നിസഹായരായി ബ്രെസ്സയും എര്‍ട്ടിഗയും

2020 ഏപ്രിലിന് ശേഷവും ഡീസല്‍ കാറുകള്‍ നിരയില്‍ തുടരുമെന്ന കാര്യം ഫോര്‍ഡ് വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഇക്കോബൂസ്റ്റ് ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് ഇക്കോസ്‌പോര്‍ട് നിരയിലുള്ളത്.


Click it and Unblock the Notifications








