എയര്‍ബാഗിലെ നിര്‍മ്മാണപ്പിഴവ്, ഹോണ്ട അക്കോര്‍ഡ് തിരിച്ച് വിളിക്കുന്നു
ഇന്ത്യയില്‍ അക്കോര്‍ഡ് സെഡാനെ നിര്‍മ്മാതാക്കളായ ഹോണ്ട തിരിച്ച് വിളിക്കുന്നു. തകാറ്റയില്‍ നിന്നുമുള്ള ഡ്രൈവര്‍ സൈഡ് എയര്‍ബാഗുകളിലെ തകരാര്‍ മൂലമാണ് അക്കേര്‍ഡിനെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഹോണ്ട തിരിച്ചു വിളിക്കുന്നത്. കമ്പനിയുടെ ഗ്ലോബല്‍ പ്രിക്കോഷണറി ക്യാംപയിന്റെ ഭാഗമായാണ് ഇന്ത്യയിലും അക്കോര്‍ഡിനെ തിരിച്ച് വിളിക്കുന്നത്.

പരിശോധനയ്ക്കായി 3,699 യൂണിറ്റ് അക്കോര്‍ഡാണ് തിരിച്ച് വിളിക്കുന്നത്. 2003-2006 കാലയളവില്‍ നിര്‍മ്മിച്ച എല്ലാ അക്കോര്‍ഡ് സെഡാനുകളിലും ഈ പ്രശ്‌നമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ഏപ്രില്‍ 18 മുതല്‍ ഹോണ്ട ഡീലര്‍ഷിപ്പുകളിലൂടെ തകരാറിലായ എയര്‍ബാഗുകള്‍ മാറ്റി നല്‍കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

ഈ സേവനം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുമെന്നും കമ്പനി അറിയിച്ചു. 2003-2006 കാലഘട്ടത്തില്‍ അക്കോര്‍ഡ് സെഡാന്‍ സ്വന്തമാക്കിയവരെ വ്യക്തിപരമായി ബന്ധപ്പെടാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
Most Read:ടാറ്റ ടിയാഗൊയ്ക്കും ടിഗോറിനും ആപ്പിള്‍ കാര്‍പ്ലേ കിട്ടി

വാഹനത്തിന്റെ VIN (വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കോര്‍ഡിലും ഈ പ്രശ്‌നമുണ്ടോയെന്ന് കമ്പനി സൈറ്റിലൂടെ പരിശോധിക്കാം. ഇത് രണ്ടാം തവണയാണ് കമ്പനി അക്കോര്‍ഡിനെ തിരിച്ച് വിളിക്കുന്നത്.

2018 ജനുവരിയിലാണ് ഇതിന് മുമ്പ് സമാന പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തത്. 2013 അക്കോര്‍ഡ്, സിറ്റി, ജാസ്സ് മോഡലുകളുള്‍പ്പടെ 22,834 യൂണിറ്റാണ് അന്ന് അന്ന് തിരിച്ച് വിളിച്ചത്. എന്നാല്‍ ഹോണ്ട മാത്രമല്ല മോഡലുകള്‍ തിരിച്ച് വിളിക്കുന്നത്.
Most Read:അപ്രീലിയ സ്റ്റോം ഉടന്‍ വിപണിയില്‍, വില 65,000

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍, സുബരു, ഫെറാറി, ടെസ്‌ല എന്നിവരും സമാന പ്രശ്‌നങ്ങള്‍ കാരണം കാറുകള്‍ തിരിച്ച് വിളിക്കുകയാണ്. തകാറ്റ എയര്‍ബാഗുകളുടെ പ്രശ്‌നം യുഎസില്‍ മാത്രം 1.7 മില്യണ്‍ വാഹനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ ഒമ്പതാം തലമുറ ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡാണ് ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. ദില്ലി എക്‌സ്‌ഷോറൂം പ്രകാരം 43.21 ലക്ഷം രൂപയാണ് ഹോണ്ട അക്കോര്‍ഡിന് വില. അക്കോര്‍ഡിന്റെ പത്താം തലമുറ മോഡല്‍ ഹോണ്ട വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








