ടാറ്റ ടിയാഗൊയ്ക്കും ടിഗോറിനും ആപ്പിള്‍ കാര്‍പ്ലേ കിട്ടി
ടിയാഗൊ ഹാച്ച്ബാക്കിനും ടിഗോര്‍ സെഡാനും പുതിയ ആപ്പിള്‍ കാര്‍പ്ലേ സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി സമര്‍പ്പിച്ച് ടാറ്റ. ഇനി ഇരു മോഡലുകളുടെയും ഏറ്റവും ഉയര്‍ന്ന വകഭേദങ്ങള്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ അവകാശപ്പെടും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ ആപ്പുകള്‍ മുഖേനയാണ് കാറിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് ഐഫോണ്‍, ആന്‍ട്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളുമായി കണക്ട് ചെയ്യപ്പെടുക.

അടുത്തിടെ വിപണിയിലെത്തിയ XZ പ്ലസാണ് ടിയാഗൊ, ടിഗോര്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദം. ഇപ്പോള്‍ ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ലഭിച്ചിരിക്കുന്നതും XZ പ്ലസ് മോഡലിനുതന്നെ. കൂടുതല്‍ ഫീച്ചറുകളും സ്റ്റൈലിങ് ഘടകങ്ങളും XZ പ്ലസ് മോഡലിനെ നിരയില്‍ വേറിട്ടുനിര്‍ത്തും. നിലവില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ടാറ്റ കാര്‍ ടിയാഗൊയാണ്. പ്രതിമാസം 6,000 മുതല്‍ 8,000 യൂണിറ്റുകളുടെ വില്‍പ്പന ഹാച്ച്ബാക്ക് മുടങ്ങാതെ കുറിക്കുന്നുണ്ട്.
Most Read: ഇലക്ട്രിക്കോ, ഹൈബ്രിഡോ? ആശയക്കുഴപ്പം സൃഷ്ടിച്ച് പുതിയ ടാറ്റ നെക്‌സോണ്‍

കോമ്പാക്ട് സെഡാന്‍ ലോകത്ത് ടിഗോറും നേടുന്നു 2,000 മുതല്‍ 3,000 യൂണിറ്റുകളുടെ പ്രതിമാസ വില്‍പ്പന. ഇന്ത്യന്‍ വിപണിയില്‍ ടാറ്റയുടെ തിരിച്ചുവരവിന് കളമൊരുക്കിയ മോഡലുകളെന്ന ഖ്യാതി ഇരു മോഡലുകള്‍ക്കുമുണ്ട്. മൂന്നുവര്‍ഷം മുന്‍പ് 3.2 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് വന്ന ടിയാഗൊ, ഇപ്പോള്‍ 4.34 ലക്ഷം രൂപ പ്രാരംഭ വിലയ്ക്കാണ് ഷോറൂമുകളിലെത്തുന്നത്.

വിലകൂടിയെങ്കിലും പണത്തിനൊത്ത മൂല്യം കാഴ്ച്ചവെക്കുന്നതില്‍ ടിയാഗൊ ഒട്ടും പിന്നിലല്ല. മാരുതി സുസുക്കി സെലറിയോ, വാഗണ്‍ആര്‍ ഹാച്ച്ബാക്കുകളുമായി ടിയാഗൊ ഇന്നും ഇഞ്ചോടിഞ്ച് നില്‍ക്കുന്നു. മൂന്നു എഞ്ചിന്‍ യൂണിറ്റുകളാണ് ടിയാഗൊയില്‍ — ഒന്ന് 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ (84 bhp - 115 Nm torque). രണ്ടാമത്തേത് 1.1 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ (69 bhp - 140 Nm torque). മൂന്നാമത്തേത് 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും (112 bhp - 150 Nm torque).

മൂന്നു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റില്‍ അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സും ലഭ്യമാണ്. ടിയാഗൊയുടെ എഞ്ചിനും ഗിയര്‍ബോക്‌സുംതന്നെ കോമ്പാക്ട് സെഡാന്‍ ടിഗോറിലും.
Most Read: ഹ്യുണ്ടായി വെന്യു മെയ് 21 -ന്, ഭീഷണി മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്‌സോണിനും

പ്രത്യേക ടിയാഗൊ, ടിഗോര്‍ JTP എഡിഷനുകളെയും കമ്പനി നിരയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇരു കാറുകളുടെ പ്രകടനക്ഷമത കൂടിയ പതിപ്പാണ് JTP. ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ ഒരുങ്ങുന്നതിന് പുറമെ പരിഷ്‌കരിച്ച ഗിയര്‍ അനുപാതവും സസ്‌പെന്‍ഷനും JTP എഡിഷന്‍ മോഡലുകളുടെ മാറ്റുകൂട്ടും.
ഡിസൈനിലും സ്‌പോര്‍ടി ശൈലി കുറിച്ചാണ് JTP കാറുകള്‍ പുറത്തിറങ്ങുന്നത്. രാജ്യത്ത് വില്‍പ്പനയിലുള്ള ഏറ്റവും വിലകുറഞ്ഞ പെര്‍ഫോര്‍മന്‍സ് കാറുകളെന്ന വിശേഷണം ടിയാഗൊ, ടിഗോര്‍ JTP എഡിഷനുകള്‍ക്ക് മുതല്‍ക്കൂട്ടാവുന്നു. 6.39 ലക്ഷം രൂപ മുതലാണ് ടിയാഗൊ JTP -ക്ക് വില. ടിഗോര്‍ JTP -ക്ക് വില 7.49 ലക്ഷം രൂപ മുതലും. തിരഞ്ഞെടുത്ത ടാറ്റ ഡീലര്‍ഷിപ്പുകളില്‍ മാത്രമേ JTP എഡിഷന്‍ കാറുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നുള്ളൂ.


Click it and Unblock the Notifications








