ജൂലായില്‍ കാര്‍ വില കൂട്ടുമെന്ന് മഹീന്ദ്ര — വിലവര്‍ധനവ് 36,000 രൂപ വരെ
ജൂലായ് മുതല്‍ മഹീന്ദ്ര കാറുകള്‍ക്ക് ഇന്ത്യയില്‍ വില കൂടും. പാസഞ്ചര്‍ ശ്രേണിയിലെ മുഴുവന്‍ മോഡലുകള്‍ക്കും ജൂലായ് ഒന്നു മുതല്‍ 36,000 രൂപ വരെ വില വര്‍ധിക്കുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര അറിയിച്ചു. പുതിയ സുരക്ഷാ ചട്ടം പ്രകാരം കാറുകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ധനവ്.

കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം എന്നിവ വകഭേദങ്ങള്‍ വ്യത്യാസമില്ലാതെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ജൂലായ് ഒന്നു മുതലാണ് പുതിയ സുരക്ഷാ ചട്ടം വിപണിയില്‍ പ്രാബല്യത്തില്‍ വരിക.

ഇതിന്‍പ്രകാരം കാറുകള്‍ക്ക് കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഘടിപ്പിക്കാനുള്ള തിരക്കിലാണ് നിര്‍മ്മാതാക്കളെല്ലാം. മഹീന്ദ്ര നിരയില്‍ പുതുതായി വന്നിട്ടുള്ള XUV300, ആള്‍ട്യുറാസ് G4 എസ്‌യുവികളില്‍ ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം ആദ്യം മുതല്‍ക്കെയുണ്ട്. ഇക്കാരണത്താല്‍ നാമമാത്രമായ വിലവര്‍ധനവായിരിക്കും ഇരു മോഡലുകളിലും സംഭവിക്കുക.

എന്നാല്‍ മറ്റു എസ്‌യുവികളുടെ ചിത്രമിതല്ല. സ്‌കോര്‍പിയോ, ബൊലേറോ, TUV300, KUV100 NXT എസ്‌യുവികള്‍ക്ക് വില കാര്യമായി വര്‍ധിക്കും. പുതിയ ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ മറകടക്കാന്‍ ഥാറിന് ബുദ്ധിമുട്ടായതിനാല്‍, ഇപ്പോഴുള്ള ഥാറിനെ നിര്‍ത്താന്‍ ഒരുങ്ങുകയാണ് കമ്പനി.

ഥാറിന്റെ വിടവാങ്ങലെന്നോണം സ്‌പെഷ്യല്‍ എഡിഷന്‍ ഥാര്‍ 700 വിപണിയില്‍ എത്തിയിട്ട് ദിവസങ്ങളേറെയായിട്ടില്ല. ആകെ 700 യൂണിറ്റുകള്‍ മാത്രമേ കമ്പനി പുറത്തിറക്കുകയുള്ളൂ. ഥാര്‍ 700 -ന്റെ വില കമ്പനി കൂട്ടുമോയെന്ന കാര്യം വ്യക്തമല്ല. നിലവില്‍ 9.99 ലക്ഷം രൂപയാണ് മോഡലിന്റെ ഷോറൂം വില.
Most Read: കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

പുതിയ രണ്ടു നിറഭേദങ്ങളും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളും സ്‌പെഷ്യല്‍ എഡിഷന്‍ ഥാറിനെ നിരയില്‍ വേറിട്ടുനിര്‍ത്തും. മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പ് പതിഞ്ഞ ബാഡ്ജ് ഥാര്‍ 700 -ന്റെ മുഖ്യവിശേഷമാണ്. കറുപ്പഴകുള്ള ഗ്രില്ല്, സില്‍വര്‍ തിളക്കമുള്ള ബമ്പര്‍, ഥാര്‍ ലോഗോ പതിപ്പിച്ച സീറ്റുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം എന്നിവയെല്ലാം ഥാര്‍ 700 -ന്റെ പ്രത്യേകതകളായി ചൂണ്ടിക്കാട്ടാം.
Most Read: ആള്‍ട്ടോയുടെ ചേട്ടനാവാന്‍ മാരുതി എസ്-പ്രെസ്സോ

2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ഥാര്‍ 700 -ലും തുടരുന്നത്. എഞ്ചിന്‍ 105 bhp കരുത്തും 247 Nm torque ഉം സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് എസ്‌യുവിയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം സ്‌പെഷ്യല്‍ എഡിഷന്‍ ഥാറിലും തുടരുന്നുണ്ട്.
Most Read: റെനോ കാറുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

മഹീന്ദ്രയ്ക്ക് പുറമെ ഹോണ്ടയും ജൂലായ് മുതല്‍ കാര്‍ വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ നിര്‍മ്മാതാക്കള്‍ വില വര്‍ധനവ് പ്രഖ്യാപിച്ചു രംഗത്തുവരുമെന്നാണ് സൂചന.


Click it and Unblock the Notifications








