വിട, ഇനിയില്ല മാരുതി ഒമ്‌നി
മൂന്ന് പതിറ്റാണ്ടിലേറെ ഒരു വാഹനം വിപണിയില്‍ നിലകൊള്ളുകയെന്നാല്‍ അത് ചില്ലറക്കാര്യമൊന്നിമാവില്ലല്ലോ. കൃത്യമായി പറഞ്ഞാല്‍ 35 കൊല്ലം. അതെ, നീണ്ട 35 കൊല്ലത്തെ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണ് മാരുതി ഒമ്‌നി. ഒരു കാലത്ത് സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ഒമ്‌നി. കാണികളെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളിലെ സ്ഥിരം കാഴ്ചയാണ് സിനിമയിലെ വില്ലന്മാരെത്തുന്ന ഈ വാഹനം. എന്നാലിനി മാരുതി നിരയില്‍ ഒമ്‌നിയുണ്ടാവില്ല.

ഒമ്‌നിയുടെ ഉത്പാദനം നിര്‍ത്തിയതായി നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇനി മുതല്‍ ഈക്കോയായിരിക്കും മാരുതിയുടെ വാന്‍ ശ്രേണിയിലെ ഏക വാഹനം.

ഇന്ത്യയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ക്രാഷ് ടെസ്റ്റ്, മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ഒമ്‌നിയുടെ ഉത്പാദനം നിര്‍ത്തുന്നതെന്ന് മാരുതി സുസുക്കി അറിയിച്ചു.
Most Read:കെടിഎം ഡ്യൂക്കാവാന്‍ ശ്രമിച്ച് പുതിയ യമഹ MT-15

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എല്ലാ നാലുചക്ര വാഹനങ്ങളിലും എയര്‍ബാഗ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷ സജ്ജീകരണങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടുള്ള സുരക്ഷ ചട്ടങ്ങള്‍ നിലവില്‍ വന്നത്. സുരക്ഷ ചട്ടങ്ങള്‍ക്കനുസരിച്ച് ഒമ്‌നിയെ മാരുതി പരിഷ്‌കരിച്ചെങ്കിലും 2019 ഒക്ടോബറില്‍ വരാനിരിക്കുന്ന ക്രാഷ് ടെസ്റ്റ് ചട്ടങ്ങള്‍ മറികടക്കാന്‍ ഒമ്‌നിക്കാവുന്നില്ല എന്നതിനാലാണ് ഉത്പാദനം നിര്‍ത്തുന്നത്.

1984 -ല്‍ വിപണിയിലെത്തിയ ഒമ്‌നിയക്ക് വിവിധ കാലഘട്ടങ്ങളിലായി ഒരുപിടി മികച്ച പരിഷ്‌കരണങ്ങള്‍ മാരുതി നല്‍കി. എങ്കിലും ആദ്യ മോഡലിന്റെ 'ബോക്‌സ്' ശൈലിയിലുള്ള ഡിസൈന്‍ മാതൃക തന്നെ ഇക്കാലമത്രയും കമ്പനി തുടര്‍ന്നു.

വര്‍ഷം 35 കഴിഞ്ഞെങ്കിലും പ്രതിമാസം 6,000 - 7,000 യൂണിറ്റ് വില്‍പ്പനയെന്ന സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഒമ്‌നി കാഴ്ചവെയ്ക്കുന്നത്. മാരുതി വാന്‍ എന്നറിപ്പെടുന്ന ഒമ്‌നിയ്ക്ക് രണ്ട് വകഭേദങ്ങളാണുള്ളത്. 2.85 ലക്ഷം രൂപ വില വരുന്ന അഞ്ച് സീറ്ററും 2.88 ലക്ഷം രൂപ വില വരുന്ന ഏഴ് സീറ്ററും.

ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ് ഇരു വിലകളും. ഒമ്‌നിയെക്കാളും 70,000 രൂപ അധിക വിലയുള്ള ഈക്കോയായിരിക്കും ഇനി ഈ സ്ഥാനത്തെത്തുക. അടുത്തിടെ പുതിയ സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഈക്കോയെ മാരുതി പരിഷ്‌കരിച്ചിരുന്നു.

ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹൈ സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് പുതിയ 2019 ഈക്കോയിലെ സുരക്ഷ സജ്ജീകരണങ്ങള്‍.

800 സിസി ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി ഒമ്‌നിയിലുള്ളത്. ഇത് 34 bhp കരുത്തും 59 Nm torque ഉം സൃഷ്ടിക്കുന്നതാണ്. നാല് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. തങ്ങളുടെ നിരയിലെ 800 സിസി പെട്രോള്‍ എഞ്ചിനുള്ള എല്ലാ മോഡലുകളും നിര്‍ത്തുകയാണെന്ന് മാരുതി ഇതിനകം തന്നെ അറിയിച്ചിരുന്നു.


Click it and Unblock the Notifications








