എര്‍ട്ടിഗയ്ക്കും ജിടി പതിപ്പ്, ആഢംബരം തികഞ്ഞ് പുതിയ മാരുതി എംപിവി
ഇന്ത്യയില്‍ പുതിയ ആറു സീറ്റര്‍ എംപിവിയെ പുറത്തിറക്കാനുള്ള ആലോചനയിലാണ് മാരുതി. പുതുതലമുറ എര്‍ട്ടിഗയെ ആധാരമാക്കി പുതിയ ആറു സീറ്റര്‍ എംപിവിക്ക് രൂപം നല്‍കാന്‍ കമ്പനി നീക്കങ്ങള്‍ ആരംഭിച്ചു. നിലവില്‍ ഏഴു സീറ്റര്‍ പരിവേഷം മാത്രമെ എര്‍ട്ടിഗയ്ക്കുള്ളൂ. ഏറ്റവും ഉയര്‍ന്ന എര്‍ട്ടിഗ വകഭേദം അടിസ്ഥാനപ്പെടുത്തി ആറു സീറ്റര്‍ എംപിവി കടന്നുവരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എര്‍ട്ടിഗയെക്കാള്‍ ആഢംബരം മോഡല്‍ കുറിക്കും. പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേനയാവും പുതിയ ആറു സീറ്റര്‍ എംപിവിയെ കമ്പനി ഇന്ത്യയില്‍ വില്‍ക്കുക. ഇന്തോനേഷ്യയില്‍ സുസുക്കി അനാവരണം ചെയ്ത ആറു സീറ്റര്‍ എര്‍ട്ടിഗ GT -യ്ക്കാണ് ഇങ്ങോട്ടു സാധ്യത കൂടുതല്‍.

ഇന്ത്യയില്‍ വില്‍പ്പനയിലുള്ള രണ്ടാംതലമുറ എര്‍ട്ടിഗ തന്നെ പുതിയ എര്‍ട്ടിഗ ജിടിക്കും അധാരം. ഏഴു സീറ്റര്‍ എര്‍ട്ടിഗയിലെ സവിശേഷതകള്‍ മുഴുവന്‍ എര്‍ട്ടിഗ ജിടി കടമെടുക്കുന്നു. ഒപ്പം കൂടുതല്‍ സൗകര്യങ്ങളും നവീന സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളും എര്‍ട്ടിഗ ജിടി എഡിഷനെ നിരയില്‍ വേറിട്ടു നിര്‍ത്തും.
Most Read: ഹമ്മറാവാന്‍ മാരുതി 800 ആഗ്രഹിച്ചപ്പോള്‍ — വീഡിയോ
കാഴ്ച്ചയില്‍ കൂടുതല്‍ സ്‌പോര്‍ടി ഭാവം വരിച്ചാണ് എര്‍ട്ടിഗ ജിടി ഒരുങ്ങുന്നത്. ഗ്രില്ല് ഡിസൈന്‍ മാറി. ഗ്രില്ലിലെ കറുപ്പ് നിറം മോഡലിന്റെ മുഖച്ഛായയെ സ്വാധീനിക്കുന്നു.

ഇരുണ്ട 'സ്‌മോക്കഡ്' ശൈലിയാണ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക്. ബമ്പറിലെ ഫോഗ്‌ലാമ്പുകള്‍ക്കും സ്ഥാനചലനം സംഭവിച്ചു. ടെയില്‍ലാമ്പില്‍ ചേര്‍ന്നണയുന്ന ഷൗള്‍ഡര്‍ ലൈന്‍ എംപിവിയുടെ ആകാരം എടുത്തുകാണിക്കും. സൈഡ് മിററുകളിലും പരിഷ്‌കാരങ്ങള്‍ ഒരുങ്ങുന്നുണ്ട്.
ബോഡി സ്‌കേര്‍ട്ടുകള്‍, കറുത്ത അലോയ് വീലുകള്‍, സ്‌പോയിലര്‍ എന്നിങ്ങനെ പുതുവിശേഷങ്ങള്‍ ഒരുപാടുണ്ട് എര്‍ട്ടിഗ ജിടിയില്‍. എളുപ്പം തിരിച്ചറിയാനായി പ്രത്യേക ജിടി ബാഡ്ജും എംപിവിയ്ക്ക് പിറകില്‍ കമ്പനി പതിപ്പിച്ചിട്ടുണ്ട്.

ചുവപ്പും കറുപ്പും ഇടകലര്‍ന്നാണ് അകത്തളം. ക്രൂയിസ് കണ്‍ട്രോള്‍, പവര്‍ സീറ്റുകള്‍, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവ ക്യാബില്‍ മുഖ്യാകര്‍ഷണമായി മാറും. ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്ക് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ എര്‍ട്ടിഗ ജിടിയില്‍ പ്രതീക്ഷിക്കാം.

ആറു സീറ്ററായതുകൊണ്ട് 2+2+2 സീറ്റു ഘടനയാണ് ജിടി എഡിഷന്‍ എര്‍ട്ടിഗ പാലിക്കുന്നത്. മധ്യനിരയില്‍ രണ്ടു ക്യാപ്റ്റന്‍ സീറ്റുകള്‍ ഒരുങ്ങും. പ്രധാനമായും കോര്‍പ്പറേറ്റ് ഉപഭോക്താക്കളെയാണ് ആറു സീറ്റര്‍ എര്‍ട്ടിഗ ലക്ഷ്യമിടുക. ഇന്ത്യന്‍ വരവില്‍ മാരുതി പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാവും ആറു സീറ്റര്‍ എര്‍ട്ടിഗ ജിടിയില്‍. ഒപ്പം നിലവിലെ 1.5 ലിറ്റര്‍ K15B നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും എംപിവിയില്‍ ഇടംകണ്ടെത്തും.

Most Read: ഹാരിയറിന്റെ എംപിവി പതിപ്പിനെ കൊണ്ടുവരാന്‍ ടാറ്റ, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്
പുതിയ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 95 bhp കരുത്തും 225 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 104 bhp കരുത്തും 138 Nm torque ഉം കുറിക്കാന്‍ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പ്രാപ്തമാണ്. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എര്‍ട്ടിഗ പെട്രോളില്‍ തുടരും. ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. എന്തായാലും വിപണിയില്‍ പത്തുലക്ഷത്തിന് മുകളില്‍ പുതിയ എര്‍ട്ടിഗ ജിടിയ്ക്ക് വില കരുതാം.
Source: Autocar India


Click it and Unblock the Notifications








