2020 ജനുവരിയില്‍ വിവിധ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് മാരുതി
2020 ജനുവരിയില്‍ വിവിധ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. നിര്‍മ്മാണ ചെലവ് വര്‍ദ്ധിക്കുന്നതാണ് വാഹനത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

എന്നാല്‍ ഏതൊക്കെ മോഡലുകളുടെ വിലയാണ് വര്‍ദ്ധിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നിര്‍മ്മാണ ചെലവുകളുടെ ഉയര്‍ച്ച കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചുവെന്ന് മാരുതി സുസുക്കി വ്യക്തമാക്കി.

അതിനാല്‍, 2020 ജനുവരി മുതല്‍ വിവിധ മോഡലുകളുടെ വില വര്‍ധനയിലൂടെ കമ്പനിയുടെ അധിക ചെലവ് ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും, വില വര്‍ദ്ധനവ് വിവിധ മോഡലുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുമെന്നും കമ്പനി അറിയിച്ചു. 2019 -ല്‍ ഇതുവരെ രണ്ടു തവണ മാത്രമാണ് മാരുതി സുസുക്കി ഇന്ത്യയുടെ മൊത്ത വില്‍പ്പന ഉയര്‍ന്നത്.

ഒക്ടോബറില്‍ 4.5 ശതമാനവും ജനുവരിയില്‍ 0.2 ശതമാനവും വര്‍ദ്ധിച്ചു. ശേഷിക്കുന്ന മാസങ്ങളില്‍ വില്‍പ്പനയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറില്‍ 1.9 ശതമാനം, സെപ്റ്റംബറില്‍ 24.4 ശതമാനം, ഓഗസ്റ്റില്‍ 32.7 ശതമാനം, ജൂലൈയില്‍ 33.5 ശതമാനവും വില്‍പ്പന ഇടിഞ്ഞു.

ജൂണ്‍ മാസത്തില്‍ 14 ശതമാനവും, മെയ് മാസത്തില്‍ 22 ശതമാനവും, ഏപ്രിലില്‍ 17.2 ശതമാനവും, മാര്‍ച്ചില്‍ 1.6 ശതമാനം, ഫെബ്രുവരിയില്‍ 0.8 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

അറീന, നെക്സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് മാരുതിയുടെ കാര്‍ വില്‍പ്പന. ചെറു-കാറുകളെ അറീനയിലൂടെയും പ്രീമിയം കാറുകളെ നെക്സ ശൃഖലയിലൂടെയുമാണ് കമ്പനി വില്‍ക്കുന്നത്.

ആള്‍ട്ടോ, വാഗണ്‍ആര്‍, സെലറിയോ, എസ്-പ്രെസ്സോ, സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, ഈക്കോ മോഡലുകളാണ് മാരുതിയുടെ അറീന ഡീലര്‍ഷിപ്പുകളിലുള്ളത്. ഇഗ്നിസ്, ബലെനോ, സിയാസ്, എസ്-ക്രോസ്, XL6 കാറുകളുടെ വില്‍പ്പന നെക്സ ഡീലര്‍ഷിപ്പുകള്‍ വഴിയുമാണ്.
Most Read: 37 വര്‍ഷങ്ങള്‍; രണ്ടു കോടി യൂണിറ്റ് വില്‍പ്പനയുമായി മാരുതി

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് രണ്ടു കോടി യൂണിറ്റുകളുടെ വില്‍പ്പന നടത്തിയതായി മാരുതി സുസുക്കി അറിയിച്ചത്. ഇന്ത്യന്‍ വിപണിയില്‍ എത്തി 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് മാരുതി സുസുക്കി ഈ നോട്ടം കൈവരിക്കുന്നത്.
Most Read: ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

1983 -ല്‍ മാരുതി 800 എന്ന ചെറുകാറുമായിട്ടായിരുന്നു മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഉല്‍പ്പാദനം ആരംഭിച്ച് 29 വര്‍ഷം കൊണ്ടായിരുന്നു മാരുതി സുസുക്കിയുടെ ആഭ്യന്തര വില്‍പ്പന ആദ്യ കോടി പിന്നിട്ടത്.
Most Read: തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

എന്നാല്‍ തുടര്‍ന്നുള്ള ഒരു കോടി യൂണിറ്റ് വില്‍പ്പന കൈവരിക്കാന്‍ കമ്പനിക്കു വേണ്ടിവന്നതു വെറും എട്ടു വര്‍ഷം മാത്രം.

ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനിയാണു മാരുതി സുസുക്കി. ചരിത്ര നേട്ടം സ്വന്തമായതില്‍ അതീവ സന്തുഷ്ടരാണെന്നു മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ അഭിപ്രായപ്പെട്ടു.

ബ്രാന്‍ഡില്‍ വിശ്വാസമര്‍പ്പിച്ച ഉപയോക്താക്കളോടും മികച്ച പിന്തുണ നല്കിയ സര്‍ക്കാരിനോടും ദീര്‍ഘകാലമായി പങ്കാളിത്തം തുടരുന്നവരോടുമുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. നിലവില്‍ ബിഎസ് VI മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള അവസാന ഒരുക്കത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍ എല്ലാരും തന്നെ.

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ നിരയില്‍ നിന്നും മിക്ക മോഡലുകളുടെയും ബിഎസ് VI പതിപ്പിനെ വിപണിയില്‍ എത്തിച്ചിരുന്നു. മാരുതിയുടെ എട്ട് മോഡലുകളാണ് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിന് വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








