അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ നിര്‍ത്തും: മാരുതി സുസുക്കി
അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ മാരുതി പുറത്തിറക്കില്ല. 2020 ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകളുടെ നിര്‍മ്മാണം കമ്പനി പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ വ്യക്തമാക്കി. 2020 ഏപ്രിലിന് മുമ്പ് ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് വാഹന വിപണി ചുവടുമാറാന്‍ തയ്യാറെടുക്കവെയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

അടുത്തകാലത്തായി നിരയില്‍ നിന്നും ഡീസല്‍ കാറുകളെ മാരുതി പതിയെ പിന്‍വലിച്ചു കൊണ്ടിരിക്കുകയാണ്. സ്വിഫ്റ്റ്, ബലെനോ, സിയാസ്, എര്‍ട്ടിഗ, വിറ്റാര ബ്രെസ്സ, എസ്-ക്രോസ് മോഡലുകള്‍ മാത്രമാണ് ഇപ്പോള്‍ ഡീസല്‍ പതിപ്പുകളില്‍ പുറത്തിറങ്ങുന്നത്. നേരത്തെ ഇഗ്നിസില്‍ നിന്നും ഡീസല്‍ വകഭേദങ്ങളെ കമ്പനി നീക്കം ചെയ്തിരുന്നു.

ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനാണ് മാരുതിയുടെ ഭൂരിപക്ഷം ഡീസല്‍ കാറുകളിലും. ഇടക്കാലത്ത് എസ്-ക്രോസില്‍ 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനെ കമ്പനി പരീക്ഷിക്കുകയുണ്ടായി. എന്നാല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന മലിനീകരണ ചട്ടങ്ങള്‍ മാനിച്ച് ഈ രണ്ടു എഞ്ചിന്‍ യൂണിറ്റുകളെയും മുന്നോട്ടു ആശ്രയിക്കില്ലെന്ന് കമ്പനി തുടക്കത്തിലേ അറിയിച്ചിരുന്നു.

ഒപ്പം, സ്വന്തമായി വികസിപ്പിച്ച 1.5 ലിറ്റര്‍ DDiS എഞ്ചിന്‍ 1.3 ലിറ്റര്‍ യൂണിറ്റിന് പകരക്കാരനാകുമെന്ന സൂചനയും നല്‍കി. എന്നാല്‍ ഇപ്പോള്‍, ഡീസല്‍ കാറുകളില്‍ പൂര്‍ണ്ണമായും വേണ്ടെന്ന നിലപാടാണ് മാരുതി സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ മാരുതി കുറിക്കുന്ന വില്‍പ്പനയുടെ 30 ശതമാനം ഡീസല്‍ കാറുകളുടെ സംഭാവനയാണ്. ഇക്കാരണത്താല്‍ ഡീസല്‍ പതിപ്പുകള്‍ നിര്‍ത്താനുള്ള തീരുമാനം വില്‍പ്പനയെ ബാധിച്ചേക്കും.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വികസിപ്പിക്കാന്‍ ആയിരം കോടി രൂപയോളം കമ്പനിക്ക് ചെലവ് വന്നിട്ടുണ്ട്. എന്നാല്‍ ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് എഞ്ചിന്‍ യൂണിറ്റിനെ കൊണ്ടുവരണമെങ്കിലും കമ്പനിക്ക് ഇനിയും പണം മുടക്കമണം. ഈ നടപടി കാറുകളുടെ വില ഗണ്യമായി ഉയര്‍ത്തും. അടുത്തവര്‍ഷം ഏപ്രിലിന് ശേഷം ചെറു കാറുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കുറയുമെന്നാണ് പൊതു വിലയിരുത്തല്‍.
Most Read: ടൊയോട്ട ലേബലില്‍ മാരുതി ബലെനോ വരുന്നൂ — പുതിയ ഗ്ലാന്‍സ ജൂണില്‍

ഈ സാഹചര്യത്തില്‍ ഡീസല്‍ കാറുകള്‍ വലിയ ബാധ്യതയായി മാറുമെന്ന് മാരുതി കരുതുന്നു. ഇതേസമയം ഹൈബ്രിഡ്, സിഎന്‍ജി കാറുകളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനാണ് മാരുതിയുടെ നീക്കം. ഇതിന്റെ ഭാഗമായി പുതിയ ബലെനോ ഹൈബ്രിഡിനെ മാരുതി വിപണിയില്‍ എത്തിച്ചുകഴിഞ്ഞു.
Source: News18


Click it and Unblock the Notifications








