പുതിയ എസ്‌യുവിയെ സംയുക്തമായി നിര്‍മ്മിക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും
സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ഇടത്തരം എസ്‌യുവിയെ ഇന്ത്യയില്‍ സംയുക്തമായി നിര്‍മ്മിക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും. മഹീന്ദ്രയുടെ അടിത്തറ ഉപയോഗിച്ച് പുതിയ എസ്‌യുവിയെ പുറത്തിറക്കുമെന്ന് ഇരു കമ്പനികളും സംയുക്ത പ്രസ്താവനയിറക്കി. ഇന്ത്യയ്ക്ക് പുറമെ മറ്റു വികസ്വര രാജ്യങ്ങളിലും മോഡലിനെ അവതരിപ്പിക്കാനാണ് ഫോര്‍ഡ് - മഹീന്ദ്ര കൂട്ടുകെട്ടിന്റെ പുറപ്പാട്.

മഹീന്ദ്രയുടെ പവര്‍ട്രെയിന്‍തന്നെ വരാനിരിക്കുന്ന എസ്‌യുവി ഉപയോഗപ്പെടുത്തും. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതുതലമുറ XUV500 -യുടെ അടിത്തറയായിരിക്കും മോഡല്‍ കടമെടുക്കുക. ജനീവ മോട്ടോര്‍ ഷോയില്‍ സാങ്‌യോങ് അവതരിപ്പിച്ച കൊറാന്‍ഡോ എസ്‌യുവിയാണ് പുതുതലമുറ മഹീന്ദ്ര XUV500 -യ്ക്ക് അടിസ്ഥാനം.

ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ സാങ്‌യോങിനെ ആശ്രയിച്ച് മഹീന്ദ്ര പുറത്തിറക്കാനിരിക്കുന്ന രണ്ടാമത്തെ അവതാരമാണിത്. ടിവോലിയെ അടിസ്ഥാനപ്പെടുത്തി എത്തിയ XUV300 രാജ്യത്ത് വന്‍പ്രചാരം നേടിക്കഴിഞ്ഞു.
Most Read: മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

ഫോര്‍ഡിന്റെ കാര്യമെടുത്താല്‍ മഹീന്ദ്രയുമായി സഹകരിച്ച് ഇന്ത്യന്‍ വിപണിയില്‍ മുന്നോട്ടു നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍. വിപണിയിലെ സ്വതന്ത്ര വ്യാപാരം ഫോര്‍ഡ് അവസാനിപ്പിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലയ്ക്കില്ല.

മഹീന്ദ്രയുമായി സഹകരിച്ച് ഇന്ത്യന്‍ സംരഭം തുടരാനാണ് ഫോര്‍ഡിന്റെ ശ്രമം. ഇതിനായുള്ള അന്തിമ ചര്‍ച്ചകള്‍ ഇരു കമ്പനികളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ പുതിയ സംയുക്ത സംരഭത്തില്‍ 51 ശതമാനം ഓഹരികള്‍ മഹീന്ദ്രയ്ക്കായിരിക്കും.
Most Read: ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യു ഇന്ത്യയില്‍ — വില്‍പ്പന അടുത്തമാസം

49 ശതമാനം ഓഹരികള്‍ ഫോര്‍ഡ് കൈവശം വെയ്ക്കും. ഫോര്‍ഡ് ഇന്ത്യയുടെ നിലവിലെ നിക്ഷേപങ്ങളും ആസ്തികളും ജീവനക്കാരും പുതിയ കമ്പനിയുടെ കീഴില്‍ വരുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.
*ചിത്രങ്ങൾ പ്രതീകാത്മകം മാത്രം


Click it and Unblock the Notifications








