ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് എട്ടുമാസം, വിജയം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ
കാറുകള്‍ തുടരെ പുതുക്കുന്ന തിരക്കിലാണ് മാരുതി. കഴിഞ്ഞ നവംബറില്‍ പുതുതലമുറ എര്‍ട്ടിഗയെ കമ്പനി കൊണ്ടുവന്നു. ജനുവരിയില്‍ പുതുതലമുറ വാഗണ്‍ആര്‍, ബലെനോ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ വിപണിയിലെത്തി. ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഈ മാസം നിരയില്‍ പ്രതീക്ഷിക്കാം. ഒപ്പം പുതിയ 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ മോഡലുമുണ്ട് വില്‍പ്പനയ്‌ക്കെത്താന്‍.

പതിവുപോലെ വിപണിയില്‍ എത്തിയിരിക്കുന്ന മാരുതി കാറുകളെല്ലാം തകര്‍പ്പന്‍ വിജയം കുറിക്കുകയാണ്. പുത്തന്‍ വാഗണ്‍ആറിന് ബുക്ക് ചെയ്താല്‍ മൂന്നുമാസം വരെ കാത്തിരിക്കണം കൈയ്യില്‍ കിട്ടാന്‍. എര്‍ട്ടിഗയിലും ചിത്രം വ്യത്യസ്തമല്ല. നിറവും വകഭേദവും അടിസ്ഥാനപ്പെടുത്തി എട്ടുമാസത്തിലേറെയാണ് എര്‍ട്ടിഗ എംപിവിക്കായി കാത്തിരിക്കേണ്ടത്. ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് തുടരുകയാണ്. ബുക്കിംഗ് തുക 11,000 രൂപ.

സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ, ഇഗ്നിസ് മോഡലുകള്‍ അണിനിരക്കുന്ന HEARTECT അടിത്തറയാണ് പുതിയ എര്‍ട്ടിഗയ്ക്കും ആധാരം. 4,395 mm നീളവും 1,735 mm വീതിയും 1,690 mm ഉയരവും പുതിയ എംപിവിയ്ക്കുണ്ട്. വീല്‍ബേസ് 2,740 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 5 mm കുറഞ്ഞ് 180 mm -ല്‍ എത്തിനില്‍ക്കുന്നു.

രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് പുത്തന്‍ എര്‍ട്ടിഗയില്‍ — 1.3 ലിറ്റര്‍ ഡീസലും 1.5 ലിറ്റര്‍ പെട്രോളും. സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണ ഇരു എഞ്ചിന്‍ പതിപ്പുകളിലുമുണ്ട്. അടുത്തിടെ വിപണിയില്‍ വന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് പുതിയ എര്‍ട്ടിഗയ്ക്കും. എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്. എര്‍ട്ടിയുടെ മാനുവല്‍ പെട്രോള്‍ പതിപ്പ് 19.34 കിലോമീറ്ററും ഓട്ടോമാറ്റിക് പെട്രോള്‍ പതിപ്പ് 18.69 കിലോമീറ്ററും മൈലേജ് കാഴ്ച്ചവെക്കും. മുന്‍തലമുറയില്‍ തുടിച്ച 1.3 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനാണ് പുത്തന്‍ എര്‍ട്ടിഗ ഡീസലില്‍.

കമ്പനി പരീക്ഷിച്ചു വിജയിച്ച ഫിയറ്റ് എഞ്ചിനാണിത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 25.47 കിലോമീറ്റര്‍ മൈലേജ് ഡീസല്‍ എര്‍ട്ടിഗ കുറിക്കും. മുന്‍തലമുറയെ അപേക്ഷിച്ചു മൈലേജില്‍ പത്തു ശതമാനം വര്‍ധനവു പുതിയ മോഡലുകള്‍ അവകാശപ്പെടുന്നുണ്ട്.
Most Read: പുതിയ മാരുതി വാഗണ്‍ആര്‍ സൂപ്പര്‍ഹിറ്റ്, ബുക്ക് ചെയ്താല്‍ മൂന്ന് മാസം വരെ കാത്തിരിക്കണം

നാലു പെട്രോള്‍ (LXi, VXi, ZXi, ZXi പ്ലസ്), നാലു ഡീസല്‍ (LDi, VDi, ZDi, ZDi പ്ലസ്) പതിപ്പുകള്‍ ഉള്‍പ്പെടെ പത്തു വകഭേദങ്ങള്‍ പുതിയ എര്‍ട്ടിഗയിലുണ്ട്. VXi AT, ZXi AT എന്നിങ്ങനെയാണ് പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍. വില അടിസ്ഥാനപ്പെടുത്തിയാല്‍ മാരുതി എര്‍ട്ടിഗയ്ക്ക് മഹീന്ദ്ര മറാസോയെക്കാള്‍ 2.55 ലക്ഷം രൂപ വില കുറവാണ്. 10.90 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന എര്‍ട്ടിഗ മോഡലിന് വില.

ഡിസൈനില്‍ കൂടുതല്‍ പക്വത കൈവരിച്ചെത്തുന്ന എര്‍ട്ടിഗയില്‍ വിശേഷങ്ങള്‍ ഒരുപാടുണ്ട് പറയാന്‍. ഹെഡ്‌ലാമ്പുകള്‍ പ്രൊജക്ടര്‍ യൂണിറ്റുകളായി മാറി. ബൂമറാങ് ആകൃതിയുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍ വോള്‍വോ മോഡലുകളെ ഓര്‍മ്മപ്പെടുത്തും. ഉയര്‍ന്ന മോഡലുകള്‍ക്ക് 15 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍ 15 ഇഞ്ച് സ്റ്റീല്‍ വീലുകളാണ് പ്രാരംഭ VXI, LXI വകഭേദങ്ങളില്‍ ഇടംപിടിക്കുക.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയില്‍ കണ്ടുവരുന്ന ഗ്രീന്‍ഹൗസ് ഡിസൈന്‍ ശൈലി എര്‍ട്ടിഗയില്‍ മാരുതിയും പകര്‍ത്തിയിട്ടുണ്ട്. എര്‍ട്ടിഗയുടെ ഉയര്‍ന്ന മോഡലുകളില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകളുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ലഭിക്കും.
Most Read: കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി — വീഡിയോ

സുരക്ഷയുടെ കാര്യത്തിലും ആവശ്യമായ സജ്ജീകരണങ്ങള്‍ കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. ഇരട്ട എയര്‍ബാഗുകളും എബിഎസും ഇബിഡിയും വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും ഹില്‍ ഹോള്‍ഡ്, ഇഎസ്പി ഫംങ്ഷനുകളും ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് അധികമായി ലഭിക്കും. ഏറെവൈകാതെ 1.5 ലിറ്റര്‍ എര്‍ട്ടിഗ ഡീസല്‍ മോഡലിനെയും നിരയില്‍ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








