ഇതാണ് പുതിയ മാരുതി വാഗണ്‍ആര്‍, മത്സരം സാന്‍ട്രോയുമായി
ഒരു പതിറ്റാണ്ടിനുശേഷം മാരുതി വാഗണ്‍ആറിന് പുത്തന്‍ പതിപ്പ് ലഭിക്കാന്‍ പോവുന്നു. 2000 -ല്‍ ഇന്ത്യന്‍ മണ്ണിലെത്തിയ വാഗണ്‍ആറിനെ 2006 -ലാണ് ഏറ്റവുമൊടുവില്‍ മാരുതി പുതുക്കിയത്. എന്തായാലും കാത്തിരിപ്പ് ഇനിയേറെയില്ല; ജനുവരി 23 -ന് പുതിയ മാരുതി വാഗണ്‍ആര്‍ വില്‍പ്പനയ്ക്ക് എത്തും.

എല്ലാ കണ്ണുകളും പുതിയ അവതാരത്തിലേക്കു ഉറ്റുനോക്കവെ 2019 വാഗണ്‍ആറിന്റെ സമ്പൂര്‍ണ്ണ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. നിലവിലെ വാഗണ്‍ആര്‍ അടിത്തറ പരിഷ്‌കരിച്ചാണ് പുതിയ ഹാച്ച്ബാക്കിനെ മാരുതി കൊണ്ടുവരുന്നത്.

മുഖച്ഛായ മാറി. ബോഡി ഘടനയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചു. കാഴ്ച്ചക്കാരുടെ കണ്ണുകള്‍ പിന്നഴകിലും പതിയുമെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. പുതിയ ഹെഡ്‌ലാമ്പ് ശൈലിയാണ് ഹാച്ച്ബാക്കിന്. ഗ്രില്ല് ചെറുതായി. ഗ്രില്ലിന് നടുവിലൂടെ പ്രത്യേക ക്രോം വര കടന്നുപോകുന്നു.

വലിയ എയര്‍ഡാം ഇടംകണ്ടെത്തുന്ന മുന്‍ബമ്പര്‍ ഹാച്ച്ബാക്കിന്റെ സ്‌പോര്‍ടി പരിവേഷം ഉയര്‍ത്തിക്കാട്ടും. താഴെ ബമ്പറിലാണ് ഫോഗ്‌ലാമ്പുകള്‍. പിറകിലെ ടെയില്‍ലാമ്പുകള്‍ വോള്‍വോ മോഡലുകളെ ഓര്‍മ്മപ്പെടുത്തും.
Most Read: ക്യാപ്ച്ചറില്‍ റെനോയ്ക്ക് പിഴച്ചു, ഇനി ശ്രദ്ധ മുഴുവന്‍ പുതിയ ഡസ്റ്ററില്‍

വീതികൂടിയ C പില്ലറില്‍ പ്രത്യേക കറുത്ത ഡിസൈന്‍ ശൈലി കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. മേല്‍ക്കൂരയ്ക്ക് ഒഴുകിയിറങ്ങുന്ന പ്രഭാവം നല്‍കാന്‍ ഇതു സഹായിക്കും. കഴിഞ്ഞവര്‍ഷം ജാപ്പനീസ് വിപണിയിലെത്തിയ വാഗണ്‍ആറില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് വരാനിരിക്കുന്ന മോഡല്‍.

സ്റ്റീല്‍ റിമ്മുള്ള വാഗണ്‍ആര്‍ പതിപ്പാണ് ചിത്രങ്ങളില്‍. അകത്തളത്തില്‍ മിതത്വം അനുഭവപ്പെടും. ഇരട്ടനിറമാണ് ഡാഷ്‌ബോര്‍ഡിന്. പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഡാഷ്‌ബോര്‍ഡില്‍ കാണാം.

ക്രോം അലങ്കാരമുള്ള സ്റ്റീയറിംഗ് വീലില്‍ തന്നെ ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളും. വലിയ ഡിസ്‌പ്ലേയുള്ള ഡ്രൈവര്‍ കണ്‍സോളും വാഗണ്‍ആറില്‍ എടുത്തുപറയണം. ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പ്രത്യേക എല്‍സിഡി ഡിസ്‌പ്ലേയും സ്പീഡോമീറ്ററിന് സമീപം ഇടംകണ്ടെത്തുന്നുണ്ട്.

ഡാഷ്‌ബോര്‍ഡിന് സമാനമായി ഇളംതവിട്ടു നിറമാണ് സീറ്റുകള്‍ക്ക്. പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം മുന്‍നിര്‍ത്തി സുരക്ഷാ സജ്ജീകരണങ്ങള്‍ കൂടുതലായി പുതിയ വാഗണ്‍ആറില്‍ ഒരുങ്ങും.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങളില്‍പ്പെടും.

പുതിയ വാഗണ്‍ആറിന്റെ എഞ്ചിനില്‍ മാരുതി കൈകടത്തിയിട്ടില്ലെന്നാണ് വിവരം. നിലവിലെ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ K സീരീസ് പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ഹാച്ച്ബാക്കിലും. എഞ്ചിന് 67 bhp കരുത്തും 90 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.
Most Read: നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണി മുഴക്കി മഹീന്ദ്ര XUV300

മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ വാഗണ്‍ആറില്‍ പ്രതീക്ഷിക്കാം. വിപണിയില്‍ ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ മോഡലുകളുമായാണ് വാഗണ്‍ആറിന്റെ മുഖ്യമത്സരം.


Click it and Unblock the Notifications








