ഒടുവിൽ സെലേറിയോ X പതിപ്പിനും കിട്ടിയൊരു ബിഎസ്-VI എഞ്ചിൻ
പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരാൻ കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ബിഎസ്-VI ശ്രേണിയിലേക്ക് മറ്റൊരു വാഹനത്തെ കൂടി അവതരിപ്പിച്ചു.

സെലേറിയോയുടെ X പതിപ്പിനെയാണ് ബിഎസ്-VI-ന് അനുസൃതമായി വിപണിയിൽ എത്തിച്ചിരിക്കുന്നത്. 4.90 ലക്ഷം മുതൽ 5.67 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. നിലവിലുള്ള മോഡലിനേക്കാൾ 15,000 രൂപയുടെ വർധനവാണ് ഈ വില സൂചിപ്പിക്കുന്നത്.

ഇതോടെ മാരുതി സുസുക്കി തങ്ങളുടെ മുഴുവൻ മോഡലുകളും കർശനമായ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിപണിയിൽ എത്തിച്ചു. എസ്-ക്രോസ്, ആൾട്ടോ K10 എന്നിവ വിപണിയിൽ നിന്നും പിൻമാറുന്നതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് മോഡലുകളെയും ബിഎസ്-VI-ലേക്ക് കമ്പനി നവീകരിക്കാത്തത്. എന്നാൽ വരും ദിവസങ്ങളിൽ പെട്രോൾ കരുത്തിൽ എസ്-ക്രോസ് വിപണിയിൽ എത്തും.

പുതിയ എഞ്ചിൻ നവീകരണത്തിന് പുറമെ മാരുതി സെലേറിയോ X-ന് മറ്റ് കോസ്മെറ്റിക് മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 1.0 ലിറ്റർ ട്രിപ്പിൾ സിലിണ്ടർ K10B എഞ്ചിനാണ് ബിഎസ്-VI സെലെറിയോയ്ക്ക് കരുത്തേകുന്നത്.

ഇത് 67 bhpയ പവറിൽ 90 Nm torque ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. എന്നാൽ വാങ്ങുന്നവർക്ക് അഞ്ച് സ്പീഡ് AGS ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനായി തെരഞ്ഞെടുക്കാൻ സാധിക്കും. ബിഎസ്-VI സെലെറിയോ X ലിറ്ററിന് 21.63 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.

സ്റ്റാൻഡേർഡ് സെലെറിയോയുടെ അതേ രൂപഘടന തന്നെയാണ് സ്പോർട്‌സ് ഹാച്ച്ബാക്ക് ഇപ്പോഴും നിലനിർത്തിയിരിക്കുന്നത്. ഫ്രണ്ട് ബമ്പറുകൾ, ഫോഗ് ലാമ്പുകൾക്ക് ചുറ്റും കറുത്ത ഉൾപ്പെടുത്തലുകൾ, സൈഡ് ക്ലാഡിംഗ്, ഇന്റഗ്രേറ്റഡ് മേൽക്കൂരകൾ, ബ്ലാക്ക് വീൽ ക്യാപ്പുകൾ, സിൽവർ ഇൻസേർട്ടുകളുള്ള സ്‌പോർടി ബ്ലാക്ക് റിയർ ബമ്പർ എന്നിവയെല്ലാം വാഹനത്തിന്റെ ആകർഷണ ഘടകങ്ങളാണ്.

നാല് പവർ വിൻഡോകൾ, എസി, യുഎസ്ബി, ഓക്‌സി, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഇന്റഗ്രേറ്റഡ് മ്യൂസിക് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന പുറത്തെ റിയർവ്യു മിററുകൾ, കീലെസ് എൻട്രി, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ മുതലായവ സെലേറിയോ X-ന്റെ ഫീച്ചറുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

കൂടാതെ ബിഎസ്-VI മാരുതി സുസുക്കി സെലേറിയോ X ഡ്രൈവർ സൈഡ് എയർബാഗ്, കാൽനട സംരക്ഷണം, എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നു.

അതേസമയം ഈ വർഷം ജനുവരിയിൽ തന്നെ സ്റ്റാൻഡേർഡ് സെലേറിയുടെ ബിഎസ്-VI പതിപ്പിനെയും കമ്പനി വിപണിയിൽ എത്തിച്ചിരുന്നു. ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ്, ഡാസ്റ്റന്‍ ഗോ തുടങ്ങിയവരാണ് സെലറിയോയുടെ വിപണിയിലെ എതിരാളികള്‍.


Click it and Unblock the Notifications








