പ്രീമിയമാക്കാൻ പുതിയ XUV500 എസ്‌യുവിയിൽ പനോരമിക് സൺറൂഫും
സ്കോർപിയോ, ഥാർ, XUV500 എന്നിവയ്ക്കായി പുതുതലമുറ മോഡലുകൾ പുറത്തിറക്കുമെന്ന് മഹീന്ദ്ര കഴിഞ്ഞ വർഷമാണ് സ്ഥിരീകരിച്ചത്. ഥാറിന്റെ രണ്ടാം ആവർത്തനം വൻവിജയമായപ്പോൾ കൊവിഡ്-19 മറ്റ് രണ്ട് എസ്‌യുവികളും വിപണിയിൽ എത്തുന്നത് വൈകിപ്പിച്ചു.

ഈ വർഷം തുടക്കത്തോടെ വിപണിയിൽ എത്താനിരിക്കുന്ന 2021 XUV500 എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനിയിപ്പോൾ. പുതിയ സാങ്കേതികവിദ്യകളും ഫീച്ചറുകളും ഇടംപിടിക്കാൻ ഒരുങ്ങുന്ന മോഡലിന് പനോരമിക് സൺറൂഫ് ലഭിക്കുമെന്ന സ്ഥിരീകരണവും ലഭിച്ചിരിക്കുകയാണ്.

റഷ്‌ലൈൻ പുറത്തുവിട്ട ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. നിലവിലെ XUV500-യുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മോഡൽ തികച്ചും പുതിയ ഡിസൈനാകും പരിചയപ്പെടുത്തുക. ഇത് വലിപ്പത്തിലും മുൻഗാമിയേക്കാൾ കേമനായിരിക്കും എന്നതാണ് ശ്രദ്ധേയം.
MOST READ: വെന്യു, സാൻട്രോ, ഗ്രാൻഡ് i10 മോഡലുകളുടെ ഏതാനും വേരിയന്റുകൾ നിർത്തലാക്കി ഹ്യുണ്ടായി

മുൻവശത്ത് രണ്ട് വശങ്ങളിലുമായി വലിയ സി ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ ഉണ്ടാകും. അതിനുള്ളിൽ പ്രൊജക്ടർ എൽഇഡി ലൈറ്റുകളും മഹീന്ദ്ര സ്ഥാപിക്കും. മധ്യഭാഗത്ത് സിഗ്നേച്ചർ ഗ്രിൽ ഡിസൈനായിരിക്കും കമ്പനി സമ്മാനിക്കുക. അതോടൊപ്പം തന്നെ പുതിയ മഹീന്ദ്ര ലോഗോയും കാണാൻ സാധിച്ചേക്കുമെന്നാണ് സൂചന.

ഫ്രണ്ട് ഗ്രില്ലിന് കൂടുതൽ പ്രീമിയം നിലപാടിനായി വെർട്ടിക്കൽ ക്രോം സ്ലേറ്റുകൾ ലഭിക്കും. സിംഗിൾ ടോണിലും ടോപ്പ് വേരിയന്റുകൾക്ക് ഡ്യുവൽ ടോണിലും പുതിയ അലോയ് വീലുകൾ വാഗ്ദാനം ചെയ്യും. ഇതിന് ഫ്ലഷ് ടൈപ്പ് ഡോർ ഹാൻഡിലുകളാകും ലഭിക്കുക. പിന്നിൽ വലിയ എൽഇഡി ടെയിൽ ലൈറ്റുകളും കണ്ടേക്കാം.
MOST READ: S-ക്ലാസ് മാസ്‌ട്രോ പതിപ്പ് അവതരിപ്പിച്ച് മെര്‍സിഡീസ്; വില 1.51 കോടി രൂപ

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി പുതിയ ഇരട്ട ഡിജിറ്റൽ ഡിസ്പ്ലേകളുള്ള പുതിയ XUV500 എസ്‌യുവിയുടെ ഇന്റീരിയറിലും ഡിസൈൻ അപ്‌ഡേറ്റുകൾ കമ്പനി നടപ്പിലാക്കും.

വയർലെസ് ചാർജിംഗ്, കണക്റ്റുചെയ്ത കാർ ടെക്നോളജി, ലെവൽ 1 ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റ് ടെക്നോളജി, പനോരമിക് സൺറൂഫ് എന്നിവയും സവിശേഷതകളിൽ ഉൾപ്പെടും. റിയർ എസി വെന്റുകളും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും വാഹനത്തിന്റെ പുതുക്കിയ സവിശേഷതകളുടെ ഭാഗമാകാം.

2021 മോഡലിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളാകും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുക. 2.2 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് എംഹോക്ക് ഡീസൽ എഞ്ചിൻ നിലവിലെ മോഡലിൽ കാണുന്നതിനേക്കാൾ അധിക ശക്തിയും ടോർഖുമാണ് നൽകുന്നത്.

പുതിയ 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി തെരഞ്ഞെടുക്കാം. രണ്ട് എഞ്ചിനുകളും ടോപ്പ് എൻഡ് വേരിയന്റുകളിൽ ഓൾ-വീൽ ഡ്രൈവും വാഗ്ദാനം ചെയ്യും.

ഏഴ് സീറ്റർ എസ്‌യുവിയായ പുതുതലമുറ മഹീന്ദ്ര XUV500 പുതിയ എംജി ഹെക്ടർ പ്ലസിൽ നിന്നും ടാറ്റ ഗ്രാവിറ്റാസ്, ഹ്യുണ്ടായി ക്രെറ്റ 7 സീറ്റർ തുടങ്ങിയ എസ്‌യുവികളിൽ നിന്നും മത്സരം നേരിടേണ്ടി വരും.

13 ലക്ഷം മുതൽ ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾ വീൽ ഡ്രൈവ് ഓപ്ഷനുമുള്ള ടോപ്പ് എൻഡ് XUV500 വേരിയന്റിന് 20 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. മാർച്ച്-ഏപ്രിൽ മാസത്തോടെയാകും വാഹനം വിൽപ്പനയ്ക്ക് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








