സോനെറ്റിന്റെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിൽ എട്ടിന് അവതരിപ്പിക്കും, ടീസറുമായി കിയ
ഏഴ് സീറ്റർ എസ്‌യുവികൾക്ക് ജനപ്രീതിയാർജിച്ച് വരുന്ന കാലമാണിത്. അതിപ്പോൾ കോംപാക്‌ട്, ആഢംബര ശ്രേണിയിലെല്ലാം ഒരേപോലെയാണ്. അതിനാൽ തന്നെ കിയ മോട്ടോർസും ഒരു പരീക്ഷണത്തിനിറങ്ങുകയാണ്.

കിയ 2021 ഏപ്രിൽ എട്ടിന് സോനെറ്റ് എസ്‌യുവിയുടെ ഒരു മൂന്ന് വരി പതിപ്പിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ ഏഴ് സീറ്റർ മോഡൽ ആദ്യമായി ഇന്തോനേഷ്യയിലാകും വിൽപ്പനയ്ക്ക് എത്തുക. അതിന്റെ ഭാഗമായി വാഹനത്തിന്റെ പുതിയ ടീസറുമായി കിയ രംഗത്തെത്തിയിരിക്കുകയാണ്.

ആദ്യം ഇന്തോനേഷ്യയാണ് ലക്ഷ്യമിടുന്നതെങ്കിലും തുടർന്ന് മറ്റ് അന്താരാഷ്ട്ര വിപണികളിലും സോനെറ്റ് ഏഴ് സീറ്റർ വിൽപ്പനയ്ക്ക് എത്തും. ഇന്തോനേഷ്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന കിയ സോനെറ്റ് എസ്‌യുവിക്ക് 4,120 മില്ലിമീറ്റർ നീളമുണ്ട്. ഇന്ത്യയിലെ സോനെറ്റിന്റെ നീളം 3,995 മീറ്ററുമാണ്.
MOST READ: നെക്‌സ ശ്രേണിയിലും ഗംഭീര ഓഫറുകളുമായി മാരുതി സുസുക്കി, അറിയാം കൂടുതൽ

അതിനാൽ തന്നെ അധിക മൂന്നാംവരി കൂട്ടിച്ചേർക്കാൻ ഈ സോനെറ്റ് പ്രാപ്‌തമാണ്. ആന്ധ്രാപ്രദേശിലെ അനന്തപുരിലെ കിയയുടെ നിർമാണ കേന്ദ്രത്തിലാണ് ഇന്തോനേഷ്യയ്ക്കുള്ള കിയ സോനെറ്റ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഏഴ് സീറ്റർ സോനെറ്റ് അഞ്ച് സീറ്റർ മോഡലിന് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ വരിക്ക് പിന്നിൽ ഒരു മൂന്നാം വരി സീറ്റ് ചേർക്കുന്നതാകും ആകെ വരുത്തുന്ന വ്യത്യാസം. അതായത് പുതിയ വരിക്കായി നിലവിലെ ബൂട്ട് സ്പേസ് ഉപയോഗിക്കുമെന്ന് സാരം.

മൂന്നാമത്തെ വരി കുട്ടികൾക്ക് ഇരിക്കാനായിരിക്കും കൂടുതൽ അനുയോജ്യം. മൂന്നാം നിരയ്ക്ക് എസ്‌യുവി 50:50 സ്പ്ലിറ്റ് ഫംഗ്ഷനും കൊറിയൻ ബ്രാൻഡ് സമ്മാനിക്കും. ഇത് ലഗേജുകൾക്ക് ഇടം സൃഷ്ടിക്കാൻ ഉപഭോക്താവിനെ അനുവദിക്കും. രണ്ടാമത്തെ വരി സീറ്റുകൾക്ക് 60:40 സ്പ്ലിറ്റ് ഫംഗ്ഷൻ ലഭിക്കാൻ സാധ്യതയുണ്ട്.

രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള 6 സീറ്റർ വേരിയന്റും വരാനിരിക്കുന്ന സോനെറ്റ് മൂന്നുവരി പതിപ്പിനുണ്ടാകും. ഏഴ് സീറ്ററിന് 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ലഭിക്കും. ഇത് പരമാവധി 113 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.
MOST READ: വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ചു

ഗിയർബോക്‌സ് ഓപ്ഷനിൽ 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയായിരിക്കും കിയ വാഗ്‌ദാനം ചെയ്യുക. മൂന്നുവരി കിയ സോനെറ്റ് മോഡൽ ടൊയോട്ട അവാൻസ, ഡൈഹത്‌സു സെനിയ എന്നിവയോടാകും അന്താരാഷ്ട്ര വിപണിയിൽ മാറ്റുരയ്ക്കുക.

സവിശേഷതകളുടെ കാര്യത്തിൽ എസ്‌യുവിക്ക് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുവിഒ കണക്റ്റുചെയ്ത കാർ ടെക്, ബോസ് സൗണ്ട് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് എസി തുടങ്ങിയവയും ലഭിക്കും.

ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചാൽ വിജയമാകാനുള്ള സാധ്യത വളരെ കുറവാണ്. നിലവിൽ കോംപാക്‌ട് എംപിവി ശ്രേണിയിൽ റെനോ ട്രൈബറിന്റെ വിജയം കണക്കിലെടുത്താൽ സോനെറ്റിന്റെ ഈ പതിപ്പും നിരത്തുകളിലേക്ക് എത്താനുള്ള സാധ്യതകൾ തള്ളിക്കളയാനിവില്ല.


Click it and Unblock the Notifications








