ഇനി കൂടുതൽ മുടക്കേണ്ടി വരും, Bolero, Bolero Neo മോഡലുകൾക്കും വില കൂട്ടി Mahindra
ഇന്ത്യൻ വിപണിയിലെ യൂട്ടിലിറ്റി വാഹനങ്ങളായ ബൊലേറോ, ബൊലേറോ നിയോ ശ്രേണിയുടെ വില ഉയർത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബൊലേറോയുടെ B4, B6 (O) വേരിയന്റുകൾക്ക് ഇപ്പോൾ യഥാക്രമം 20,701 രൂപയും 22,000 രൂപയുമാണ് വില കൂടിയിരിക്കുന്നത്.

അതേസമയം മറുവശത്ത് ബൊലേറോ നിയോയുടെ N4, N10, N10 (O) വേരിയന്റുകൾക്ക് ഇപ്പോൾ യഥാക്രമം 18,800 രൂപ, 21,007 രൂപ, 20,502 രൂപ എന്നിങ്ങനെയാണ് മഹീന്ദ്ര വർധിപ്പിച്ചിരിക്കുന്നത്. ഇൻപുട്ട് ചെലവുകളിൽ ഉണ്ടായിരിക്കുന്നതിന്റെ ഭാഗമായാണ് മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

ഇതേ കാരണംകൊണ്ട് കഴിഞ്ഞ ദിവസം മഹീന്ദ്ര XUV700, ഥാർ എന്നീ എസ്‌യുവി മോഡലുകളുടെ വിലയും ഉയർത്തിയിരുന്നു. വിലയിലെ പരിഷ്ക്കാരം മാറ്റി നിർത്തിയാൽ ബൊലേറോ, ബൊലേറോ നിയോ ശ്രേണിയിൽ മറ്റ് നവീകരണങ്ങളൊന്നും തന്നെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര നടപ്പിലാക്കിയിട്ടില്ല.
MOST READ: മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

എസ്‌യുവികളുടെ ഫീച്ചർ ലിസ്റ്റിലും അപ്‌ഗ്രേഡുകളൊന്നുമില്ലെങ്കിലും സ്റ്റിയറിംഗ് വീൽ, ഫ്രണ്ട് ഗ്രിൽ, വീൽ ഹബ് ക്യാപ്‌സ്, ടെയിൽഗേറ്റ് എന്നിവയിൽ കാണാൻ കഴിയുന്ന പുതിയ ട്വിൻ പീക്ക്‌സ് ലോഗോയുടെ രൂപത്തിൽ കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. മഹീന്ദ്ര ബൊലേറോയ്ക്ക് നിലവിൽ 9.45 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്.

അതേസമയം ബൊലേറോ നിയോ ശ്രേണിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 9.48 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ്. മഹീന്ദ്രയുടെ പുതിയ ലോഗോ മാറ്റം എല്ലാ മോഡലുകളിലേക്കും കമ്പനി നടപ്പിലാക്കി വരികയാണ്.

75 bhp കരുത്തിൽ 210 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര ബൊലേറോയ്ക്ക് തുടിപ്പേകുന്നത്. അതേസമയം 100 bhp പവറിൽ പരമാവധി 240 Nm torque നൽകുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് ബൊലേറോ നിയോയിൽ പ്രവർത്തിക്കുന്നത്.

രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് വരുന്നത്. ബൊലേറോയിലും ബൊലേറോ നിയോയിലും മഹീന്ദ്ര ഓട്ടോമാറ്റിക് ഗിയർബോ്ക്സ് സജ്ജീകരണം വാഗ്‌ദാനം ചെയ്യുന്നില്ലെന്നും പ്രത്യേകം ഓർമിക്കണം. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ബൊലേറോയ്ക്ക് ഈ വർഷം ആദ്യം ബൊലേറോ നിയോ എന്ന സ്‌പോർട്ടിയർ പതിപ്പ് ലഭിക്കുന്നത്.

ശരിക്കും പറഞ്ഞാൽ നേരത്തെ നിർത്തലാക്കിയ TUV300 മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ബൊലേറോ നിയോ. ഇതിന് ഇപ്പോൾ നിരവധി ഫീച്ചർ അപ്‌ഡേറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും പറയാതെ വയ്യ. N4, N8, N10, N10(O) എന്നിങ്ങനെ നാല് വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാനാവും.

ഫോഗ് ലാമ്പുകളും ഡിആർഎല്ലുകളും ഉള്ള ഹാലൊജെൻ ഹെഡ്‌ലാമ്പുകൾ, വശങ്ങളിൽ നീളത്തിൽ പ്രവർത്തിക്കുന്ന വ്യതിരിക്തമായ ബ്ലാക്ക് ലൈൻ, മഹീന്ദ്ര ഥാറിൽ കാണുന്നതുപോലെ ബ്ലാക്ക് ഫിനിഷ്ഡ് ഡോർ ഹാൻഡിലുകൾ, മാനുവലായി പ്രവർത്തിക്കുന്ന ORVM-കൾ എന്നിവയാണ് ബൊലേറോ നിയോയിലെ പ്രധാന ഹൈലൈറ്റുകൾ.

പിന്നിലേക്ക് നോക്കിയാൽ റിയർ വൈപ്പറും വാഷറും, സ്പെയർ വീലും ബ്രേക്ക് ലാമ്പുകളും രണ്ട് റിഫ്ലക്ടർ ലൈറ്റുകളും എസ്‌യുവിയിൽ കാണാം. നാപോളി ബ്ലാക്ക്, റോക്കി ബീജ്, മജസ്റ്റിക് സിൽവർ, ഹൈവേ റെഡ്, പേൾ വൈറ്റ് എന്നീ 5 നിറങ്ങളിൽ മഹീന്ദ്ര ബൊലേറോ നിയോ ലഭ്യമാണ്.

മഹീന്ദ്ര ഥാറിലും സ്കോർപിയോയിലും കാണാനാവുന്ന അതേ ലാഡർ-ഫ്രെയിം ഷാസിയിലാണ് ബൊലേറോ നിയോയുടെ നിർമാണവും പൂർത്തിയാക്കിയിരിക്കുന്നത്. ഇനി വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 3,995 mm നീളവും 1,795 mm വീതിയും 1,817 mm ഉയരവും 2,680 mm വീൽബേസും 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ഈ കോംപാക്‌ട് എസ്‌യുവിക്കുള്ളത്.

15 ഇഞ്ച് അലോയ് വീലുകളിലാണ് ബൊലേറോ നിയോ വിപണിയിലെത്തുന്നത്. ബീജ്, ബ്ലാക്ക് നിറങ്ങളിലാണ് വാഹനത്തിന്റെ ഇന്റീരിയർ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. കൂടാതെ 7 സീറ്റർ (3+2+2) സീറ്റിംഗ് സജ്ജീകരണത്തിലാണ് ബൊലേറോ നിയോയെ മഹീന്ദ്ര വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ടിൽറ്റ് സ്റ്റിയറിംഗ് വീൽ, മൗണ്ടഡ് കൺട്രോൾ സഹിതം പുതിയ ലോഗോ സ്റ്റിയറിംഗ് വീലിലും കീയിലും കാണാം. ബ്ലൂടൂത്ത്, USB, AUX എന്നിവയുള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12V പവർ സോക്കറ്റ്, പവർ വിൻഡോകൾ എന്നിവയും ഇതിന്റെ ഇന്റീരിയർ സവിശേഷതകളുടെ ഭാഗമാണ്.


Click it and Unblock the Notifications








