ഒക്‌ടോബറിൽ എത്തിയേക്കാം... പുതുതലമുറ Urban Cruiser എസ്‌യുവിയുടെ പണിപ്പുരയിൽ Toyota
ആഭ്യന്തര വിപണിയിൽ അർബൻ ക്രൂയിസർ ഹൈറൈഡർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഏവരുടേയും പ്രിയപ്പെട്ട വാഹന നിർമാതാക്കളായ ടൊയോട്ട. ഇതിന്റെ വില ഏകദേശം 9.60 ലക്ഷത്തിനും 19.50 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇതുകൂടാതെ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ഈ വരുന്ന നവംബറിൽ പുതിയ തലമുറ ഇന്നോവ ഹൈക്രോസ് അവതരിപ്പിക്കാനും പദ്ധതിയുണ്ട്. തുടർന്ന് എംപിവികളിലെ രാജാവ് 2023 ജനുവരിയിൽ വിൽപ്പനയ്‌ക്കെത്തുകയും ചെയ്‌തു. ഇതിനിടയിൽ പലരും മറന്നുപോയ ടൊയോട്ടയുടെ ഒരു മോഡലുണ്ട്.

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീബാഡ്‌ജ് മോഡലായ അർബൻ ക്രൂയിസറിന് പറ്റിയാണ് ഈ പറഞ്ഞുവരുന്നത്. ടൊയോട്ടയുടെ നിരയിൽ നിന്നും ആ സബ്-4 മീറ്റർ വാഹനം പടിയിറങ്ങിയോ എന്നു ചേദിക്കുന്നവർക്കുള്ള ഉത്തരം ഇല്ലെന്നു തന്നെയാണ്!

പുതിയ ഇന്നോവയുടെ വരവിന് മുമ്പ് ടൊയോട്ട പുതുതലമുറ അർബൻ ക്രൂയിസർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കോംപാക്‌ട് എസ്‌യുവിയുടെ അരങ്ങേറ്റം മുതൽ തന്നെ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. വിറ്റാര ബ്രെസയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണിത് എങ്കിലും വ്യത്യസ്‌തമായ പരിഷ്ക്കാരങ്ങൾ ഡിസൈനിൽ അവതരിപ്പിക്കാൻ കമ്പനിക്ക് സാധിച്ചതു തന്നെയാണ് ആ വിജയത്തിനു പിന്നിലുള്ള കാരണം.

മാരുതി എസ്‌യുവി അടുത്തിടെ പുതുതലമുറ ആവർത്തനത്തിലേക്ക് കടന്നതിനാൽ ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും അർബൻ ക്രൂയിസറും റെഡിയാവുക. ഏറ്റവും പുതിയ ടൊയോട്ട ഗ്ലാൻസ, ബാഡ്ജ്-എൻജിനീയറിങ് മാരുതി സുസുക്കി ബലേനോയിൽ നിന്നും നിരവധി നവീകരണങ്ങൾ അവതരിപ്പിക്കുന്നതിനാൽ സമാനമായ പരിഷ്ക്കാരങ്ങൾ തന്നെ കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിലും പ്രതീക്ഷിക്കാം.

ഗ്ലോബൽ സി പ്ലാറ്റ്‌ഫോം നിലനിർത്തുന്നതിനാൽ ഇതിന് മെച്ചപ്പെട്ട ബിൽഡ് ക്വാളിറ്റിയും കരുത്തുറ്റ ആർക്കിടെക്ച്ചറും ഉണ്ടായിരിക്കും എന്ന കാര്യവും ഹൈലൈറ്റാവും. രണ്ടാം തലമുറ ടൊയോട്ട അർബൻ ക്രൂയിസർ 1.5 ലിറ്റർ ഫോർ-സിലിണ്ടർ K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനിൽ നിന്നാവും കരുത്ത് പകരുക.

ഇത് പരമാവധി 105 bhp കരുത്തിൽ 138 Nm torque വരെ വികസിപ്പിക്കാൻ പര്യാപ്തമാണ്. എഞ്ചിൻ ഓപ്ഷനിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്നത്. അതേസമയം ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് ഏറ്റവും പുതിയ ബ്രെസയിൽ ഒരു ഓപ്ഷനായും കുടിയേറും.
MOST READ: കണ്ടാൽ ആരും കൊതിക്കും, Sonet X-Line വേരിയന്റ് അവതരിപ്പിച്ച് Kia; വില 13.39 ലക്ഷം മുതൽ

നിലവിലുണ്ടായിരുന്ന മോഡലിനേക്കാൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതായിരിക്കും വരാനിരിക്കുന്ന അർബൻ ക്രൂയിസർ സബ് കോംപാക്‌ട് എസ്‌യുവി എന്നതും ശ്രദ്ധേയമായ കാര്യമായിരിക്കും. പഴയ മോഡലിലെ സിംഗിള്‍ ഇന്‍ജക്ടറുകള്‍ക്കു പകരം ഡ്യുവല്‍ ഇന്‍ജക്ടറുകള്‍ ഉൾപ്പെടുത്തിയാവും മൈലേജും ഇന്ധനക്ഷമതയും ഡ്രൈവിംഗ് അനുഭവവും മെച്ചപ്പെടുത്തുക.

ബ്രെസയുടെ മാനുവൽ ഗിയർബോക്‌സ് മോഡലിന് 20.15 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 19.80 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. അതേ എഞ്ചിൻ, ഗിയർബോക്‌സ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ ഈ കണക്കുകൾ ടൊയോട്ടയ്ക്കും അർബൻ ക്രൂയിസറിൽ നിലനിർത്താനുമാവും.

ഹൈറൈഡർ, ഗ്ലാൻസ എന്നിവയിൽ നിന്നുള്ള സ്‌റ്റൈലിംഗ് സൂചകങ്ങൾ പുറംഭാഗത്തിനായി സ്വീകരിച്ചേക്കാം. ഇന്റീരിയറിൽ പുതിയ ഡാഷ്‌ബോർഡും സെന്റർ കൺസോളും ഉണ്ടാകും. അതേസമയം ഔട്ട്‌ഗോയിംഗ് അർബൻ ക്രൂയിസറിനെ അപേക്ഷിച്ച് ഉപകരണങ്ങളുടെ പട്ടിക ഗണ്യമായി നവീകരിക്കപ്പെടും. എന്നിരുന്നാലും വലിയ അളവിലുള്ള മാറ്റങ്ങൾക്ക് സാധ്യതയില്ല.

മാരുതി സുസുക്കി ബ്രെസയെ പോലെ തന്നെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ തുടങ്ങിയ ഫീച്ചറുകൾ വരാനിരിക്കുന്ന സബ്-ഫോർ മീറ്റർ എസ്‌യുവിയിൽ ടൊയോട്ട ലഭ്യമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇതുകൂടാതെ 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ആറ് എയർബാഗുകൾ തുടങ്ങിയ സംവിധാനങ്ങളും പുതുതലമുറ ടൊയോട്ട അർബൻ ക്രൂയിസറിൽ ഇടംപിടിക്കും. പുതിയൊരു വാഹനം വാങ്ങുമ്പോൾ അതിന്റെ സേഫ്റ്റി നിർണായക ഘടകമായി പരിഗണിക്കുന്ന ആളുകൾക്കായി മാരുതി സുസുക്കി ബ്രെസയെ കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്.

ആയതിനാൽ ടൊയോട്ട അർബൻ ക്രൂയിസറിലും ഈ മികവ് കാണാനാവും. ഹിൽ-ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് പോയിന്റുകൾ എന്നിവയും എസ്‌യുവിയിലേക്ക് എത്തും.


Click it and Unblock the Notifications








