വല്യേട്ടന്റെ വരവ് ഇങ്ങടുത്തു, പുത്തൻ Toyota Land Cruiser 300 എസ്‌യുവിയുടെ ബ്രോഷർ പുറത്ത്
എസ്‌യുവികളുടെ വല്യേട്ടൻ എന്നറിയപ്പെടുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ 300 മോഡലിന്റെ പുതുതലമുറ ആവർത്തനത്തെയും കാത്ത് ഇന്ത്യൻ വാഹന വിപണിയിരിക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായി. എന്നാൽ കാത്തിരിപ്പ് ഇനി അധികം നീളില്ലെന്നാണ് സൂചന.

ആഗോളതലത്തിൽ നിലവിൽ നാല് വർഷം വരെ കാത്തിരിപ്പ് കാലയളവുള്ള പുത്തൻ ലാൻഡ് ക്രൂയിസർ ഇന്ത്യയിലേക്ക് ഉടനെത്തുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ ഇന്ത്യയില്‍ ലാന്‍ഡ് ക്രൂയിസറിന്റെ പുതിയ പതിപ്പ് എത്തിക്കുന്നത് സംബന്ധിച്ച് ടൊയോട്ടയുടെ പ്രഖ്യാപനമുണ്ടായിട്ടില്ല.

കഴിഞ്ഞ വർഷം ലോകത്തിൽ അരങ്ങേറ്റം കുറിച്ച പുതിയ തലമുറ ടൊയോട്ട LC300 എസ്‌യുവിയുടെ ബ്രോഷർ ചിത്രങ്ങൾ പുറത്തായതോടെയാണ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലെ രാജാവിന്റെ രാജ്യത്തേക്കുള്ള വരവ് അടുക്കുന്നുവെന്ന് അനുമാനിക്കാൻ കാരണം. ഇതിലൂടെ മോഡലിനെ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ലഭിക്കുന്നുണ്ട്.

ആഭ്യന്തര വിപണിയിൽ 2022 ഫെബ്രുവരി മുതൽ ലാൻഡ് ക്രൂയിസർ 300 പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ചതായും ഓഗസ്റ്റിൽ ഡെലിവറികൾ ആരംഭിക്കുമെന്നും മുമ്പ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മോഡുലാർ TNGA-F ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് പുതുപുത്തൻ ലാൻഡ് ക്രൂയിസർ 300 ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരുക്കിയെടുത്തിരിക്കുന്നത്.

ഇതിലൂടെ മുൻഗാമിയെ അപേക്ഷിച്ച് പുത്തൻ ലാൻഡ് ക്രൂയിസിറിന് മൊത്തത്തിൽ ഏകദേശം 200 കിലോഗ്രാം ഭാരമാണ് കുറഞ്ഞിരിക്കുന്നത്. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ലാൻഡ് ക്രൂയിസർ 300 ഡിസൈൻ പരിണാമപരമായ പരിഷ്‌കരണത്തോടെയാണ് വരുന്നതെന്ന് പറയാതിരിക്കാനാവില്ല.

ശരിക്കും പറഞ്ഞാൽ പുത്തൻ ലാൻഡ് ക്രൂസർ പ്രാഡോയിൽ നിന്നാണ് അതിന്റെ ചില സ്റ്റൈലിംഗ് സവിശേഷതകൾ കടമെടുത്തിരിക്കുന്നതെന്ന് പറയാം. അകത്തളത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോമ്പറ്റിബിലിറ്റിയും കണക്റ്റഡ് സവിശേഷതകളും ഉള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

വളരെ ജനപ്രിയമായ ഓഫ്-റോഡറിന്റെ മറ്റ് ഫീച്ചറുകളിൽ ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും നിരവധി സൗകര്യങ്ങളും വിനോദവും സഹായവും സുരക്ഷയും അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും ഉൾപ്പെടുമെന്നാണ് ബ്രോഷറിലൂടെ ലഭിക്കുന്ന വിവരം.
MOST READ: ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ സപ്പോർട്ട്, വിവിധ ഡ്രൈവ് മോഡുകൾ, ഡിഫറൻഷ്യൽ ലോക്കിംഗ്, ഫോർ-വീൽ ഡ്രൈവ് മോഡ് എന്നിവയ്‌ക്കായുള്ള ഫിസിക്കൽ ബട്ടണുകളും ഇന്റീരിയറിനെ സമ്പുഷ്‌ടമാക്കുമെന്നു വേണം പറയാൻ. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ഫോൺ ചാർജിംഗ് എന്നിവയാണ് എസ്‌യുവിയിലെ ആകർഷണങ്ങൾ.

മൂന്ന് ഇന്റീരിയർ നിറങ്ങളിൽ പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ കമ്പനി വാഗ്‌ദാനം ചെയ്യും. അതിൽ ബീജ്, ബ്ലാക്ക്, ടു-ബ്ലാക്ക്, ഡാർക്ക് റെഡ് എന്നിവയായിരിക്കും ഉൾപ്പെടുക. അതേസമയം പ്രഷ്യസ് വൈറ്റ് പേൾ, സൂപ്പർ വൈറ്റ്, ഡാർക്ക് റെഡ് മൈക്ക മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാർക്ക് ബ്ലൂ മൈക്ക എന്നിങ്ങനെ വ്യത്യസ്‌തമാർന്ന അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലും എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും.

അന്താരാഷ്ട്ര വിപണിയിൽ ടൊയോട്ട ലാൻഡ് ക്രൂയിസർ 300 രണ്ട് ഇരട്ട ടർബോചാർജ്ഡ് എഞ്ചിനുകളിലാണ് എത്തുന്നത്. ഇതിൽ ആദ്യത്തേത് 3.3 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ യൂണിറ്റാണ്. ഇത് പരമാവധി 309 bhp കരുത്തിൽ 700 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

രണ്ടാമത്തെ എഞ്ചിൻ ഓപ്ഷൻ 3.5 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് പെട്രോളാണ്. 415 bhp പവറിൽ 650 Nm torque ആണ് ഈ എഞ്ചിൻ വികസിപ്പിക്കുക. രണ്ട് എഞ്ചിനുകളും നാല് വീലുകളിലേക്കും പവർ കൈമാറുന്ന പത്ത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയാണ്.

അതേസമയം ഇന്ത്യയിലെത്തുമ്പോൾ 3.3 ലിറ്റർ V6 ഓയിൽ ബർണർ മാത്രമേ പുതുതലമുറ ലാൻഡ് ക്രൂയിസറിൽ ടൊയോട്ട വാഗ്‌ദാനം ചെയ്യുകയുള്ളൂവെന്നാണ് പുറത്തുവരുന്ന ബ്രോഷർ കുറിക്കുന്നത്. ഈ വർഷാവസാനം പുതുക്കിയ ലാൻഡ് ക്രൂയിസർ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡൽ പൂർണമായും ബിൽറ്റ്-അപ്പ് യൂണിറ്റായാവും (CBU) ഇന്ത്യയിൽ എത്തുക.

എൽഇഡി ഹെഡ്‌ലാമ്പുകൾ, ടു-ടോൺ ഡാഷ്‌ബോർഡ്, ജെബിഎൽ ഓഡിയോ സിസ്റ്റം, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, ഇലക്‌ട്രോണിക് കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം തുടങ്ങിയവയും എസ്‌യുവികളുടെ വല്യേട്ടന്റെ പ്രത്യേകതയായിരിക്കും.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന ഈ വാഹനത്തിന് ഏകദേശം രണ്ട് കോടി രൂപയോളം ഓൺറോഡ് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഈ വാഹനം എത്തിയിട്ടുള്ള രാജ്യാന്തര വിപണികളില്‍ പോലും നാല് വര്‍ഷത്തോളം ബുക്കിങ്ങ് കാത്തിരിപ്പാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെത്തുമ്പോൾ കാര്യങ്ങൾ എന്താവുമെന്നറിയാനാണ് ഇനി കാത്തിരിക്കേണ്ടത്.


Click it and Unblock the Notifications