1.10 ലക്ഷം രൂപ പോക്കറ്റിൽ ഇരിക്കട്ടെ, കുഷാഖിനും സ്ലാവിയക്കും വില വെട്ടിക്കുറച്ച് സ്കോഡയുടെ സ്നേഹം
ഉയർന്ന മെയിന്റനെൻസ് കോസ്റ്റിന്റെ പേരിൽ പലരും തഴഞ്ഞിട്ടിടത്ത് നിന്നും ഫീനിക്‌സ പക്ഷിയെ പോലെ പറന്നുയർന്നവരാണ് സ്കോഡ. ഇന്ത്യൻ വിപണിയിലെ തങ്ങളുടെ രണ്ടാം പദ്ധതി വലിയ വിജയമായപ്പോൾ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾക്ക് ലഭിച്ചത് പുതിയൊരു തുടക്കമായിരുന്നു. റാപ്പിഡിന് ശേഷം രാജ്യത്ത് വമ്പൻ ഹിറ്റായ മോഡലുകളാണ് കുഷാഖും സ്ലാവിയയും. ഇന്ത്യ 2.0 പ്രൊജക്‌റ്റിന്റെ ഭാഗമായി പുറത്തിറക്കിയ ഈ മോഡലുകളുടെ കരുത്തിലാണ് കമ്പനി ആഭ്യന്തര വിപണിയിൽ പിടിച്ചു നിൽക്കുന്നതു തന്നെ. കൊടുങ്കാറ്റൊന്നും ആയില്ലെങ്കിലും എസ്‌യുവി, സെഡാൻ വിഭാഗങ്ങളിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്താൻ ബ്രാൻഡിനെ ഇരുമോഡലുകളും സഹായിച്ചിട്ടുണ്ട്.
രണ്ട് ബോഡി സ്റ്റൈലാണെങ്കിലും ബാക്കിയെല്ലാ കാര്യങ്ങളിലും കുഷാഖും സ്ലാവിയയും ഒന്നാണ്. ഒരേ പ്ലാറ്റ്ഫോം, എഞ്ചിൻ, ഫീച്ചറുകൾ എന്നിവയെല്ലാമാണ് സ്കോഡയുടെ ഇരട്ടകൾ പങ്കുവെക്കുന്നത്. എന്നാൽ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ അതത് സെഗ്മെന്റിൽ ഇരുവർക്കും വില അൽപം കൂടുതലല്ലേയെന്നാണ് പലരും ആശങ്കപ്പെടുന്നത്. അതിനാൽ മറ്റ് ബ്രാൻഡുകളിലേക്ക് ചേക്കേറുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.

എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് സ്കോഡ. തദ്ദേശീയമായി നിർമിക്കുന്ന രണ്ട് കാറുകളുടെയും വില കുറച്ചാണ് കമ്പനി ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. സ്ലാവിയ മിഡ്‌സൈസ് സെഡാൻ്റെയും കുഷാക്ക് മിഡ്‌സൈസ് എസ്‌യുവിയുടെയും എല്ലാ വേരിയൻ്റുകളിലും ഒരു ലക്ഷം രൂപ വരെയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ വെട്ടിക്കുറച്ചിരിക്കുന്നത്. എന്നാൽ ഇത് പരിമിത കാലത്തേക്ക് മാത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അടുത്തിടെയായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന വിൽപ്പന പുനരുജ്ജീവിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. വേരിയൻ്റുകളുടെ പേരുകളും സ്കോഡ പുനർനാമകരണം ചെയ്തിട്ടുണ്ട്. ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ നേരത്തെ ലഭ്യമായിരുന്നവ ഇപ്പോൾ ക്ലാസിക്, സിഗ്നേച്ചർ, പ്രസ്റ്റീജ് എന്നിങ്ങനെയാണ് റീനെയിം ചെയ്യപ്പെട്ടിരിക്കുന്നത്. ഇരുമോഡലുകളുടേയും ഫെയ്‌സ്‌ലിഫ്റ്റുകൾ അവതരിപ്പിക്കാൻ തയാറെടുക്കുന്ന സമയത്താണ് ഈ നീക്കങ്ങളെല്ലാം.

എന്തായാലും വില കുറച്ചതോടെ സ്കോഡ സ്ലാവിയയ്ക്ക് ഇപ്പോൾ 10.69 ലക്ഷം രൂപയും കുഷാഖിൻ്റെ എൻട്രി ലെവൽ വേരിയൻ്റിന് 10.89 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില വരുന്നത്. പ്രീമിയം സെഡാന് 94,000 രൂപ കുറഞ്ഞപ്പോൾ മിഡ്-സൈസ് എസ്‌യുവിക്ക് 1.10 ലക്ഷം രൂപയുമാണ് കുറച്ചിരിക്കുന്നത്. ചെക്ക് ബ്രാൻഡ് മേജർ പറയുന്നതനുസരിച്ച് വിശാലമായ ശ്രേണിയിലുള്ള വാങ്ങുന്നവരെ ആകർഷിക്കുന്നതിനാണ് വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്.
എന്നിരുന്നാലും പുതിയ വിലകൾ പരിമിത കാലത്തേക്ക് മാത്രമേ ബാധകമാകൂ. അതിനാൽ താത്പര്യമുള്ള ആളുകൾക്ക് ലാഭകരമായ ഡീൽ അവസാനിക്കുന്നതിന് മുമ്പ് വാഹനങ്ങൾ ബുക്ക് ചെയ്തിടാം. ഇനി വിലയുടെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ കുഷാഖ് എസ്‌യുവിക്ക് 10.89 ലക്ഷം മുതൽ 18.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്. മറുവശത്ത് സ്ലാവിയയ്ക്ക് 10.69 ലക്ഷം മുതൽ 18.69 ലക്ഷം വരെയും മുടക്കേണ്ടി വരും.
വേരിയന്റുകളുടെ പേര് മാറ്റിയിട്ടുണ്ടെങ്കിലും സ്കോഡ കുഷാഖിന്റെ ഓനിക്സ്, മോണ്ടി കാർലോ എഡിഷനുകൾ നിലനിർത്തിയിട്ടുണ്ട്. കുഷാഖ് ഒനിക്‌സ് 1.0 ലിറ്റർ മാനുവൽ, 1.0 ലിറ്റർ ഓട്ടോമാറ്റിക് വകഭേദങ്ങളിൽ വാങ്ങാനാവും.അതേസമയം സിഗ്നേച്ചർ, മോണ്ടി കാർലോ, പ്രസ്റ്റീജ് എന്നിവ രണ്ട് ട്രാൻസ്മിഷൻ ചോയിസുകളിലും 1.0 ലിറ്റർ, 1.5 ലിറ്റർ പെട്രോൾ എഞ്ചിനുകളിൽ ലഭിക്കും.
മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് രണ്ട് ടിഎസ്ഐ പെട്രോൾ എഞ്ചിനുകളാണ് കുഷാഖ്, സ്ലാവിയ മോഡലുകൾക്ക് തുടിപ്പേകുന്നത്. ഇതിൽ രണ്ട് വാഹനങ്ങളിലേയും ആദ്യത്തെ 1.0 ലിറ്റർ ത്രീ സിലിണ്ടർ ടിഎസ്ഐ പെട്രോളിന് 113 bhp പവറിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കിലാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ വരുന്നത്.
അതേസമയം വലിയ 1.5 ലിറ്റർ ഫോർ സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിന് 148 bhp കരുത്തിൽ ഏതാണ്ട് 250 Nm torque വരെയും നൽകാനാവും. 6 സ്പീഡ് മാനുവലിനൊപ്പം ഏഴ് സ്പീഡ് ഡിഎസ്ജി എന്നറിയപ്പെന്ന ഡ്യുവൽ ക്ലച്ച് ഓ്ടോമാറ്റിക് ട്രാൻസ്മിഷനാണ് കുഷാഖിന്റേയും സ്ലാവിയയുടേയും ഈ വേരിയന്റുകൾക്ക് ലഭിക്കുന്നത്. രണ്ട് മോഡലുകളും സ്കോഡ-ഫോക്‌സ്‌വാഗൺ കമ്പനികൾ സംയുക്തമായി വികസിപ്പിച്ച MQB-A0 IN പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്.


Click it and Unblock the Notifications








