10 ലക്ഷത്തിൽ താഴെ നല്ല മൈലേജുള്ള കാർ അന്വേഷിച്ച് നടക്കുവാണോ? 32.85 കി.മീ. തരുന്ന ഈ മാരുതി കാറാണ് അടിപൊളി
പുതുതായി ഒരു കാർ വാങ്ങുക എന്നത് മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ എളുപ്പമുള്ള പരിപാടിയായി മാറിയിട്ടുണ്ട്. പ്രമുഖ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ആകർഷകമായ പലിശ നിരക്കിൽ കാർ ലോണുകളും നൽകുന്നതിനാൽ അത്യാവിശ്യം വരുമാനമുള്ളവർക്ക് കാർ മുതലാളിയാവാനാവും. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും കാറുകളായിത്തുടങ്ങിയിട്ടുമുണ്ട്. പണ്ടൊരു ആഡംബര വസ്‌തുവായാണ് നാം ഇതിനെ കണ്ടിരുന്നതെങ്കിൽ ഇന്നത്തെ കാലത്ത് കാറുകൾ ആവശ്യകാര്യമായി മാറിയിട്ടുണ്ട്. പിന്നെ പണ്ടത്തെ പോലെ കുറഞ്ഞ വിലയൊന്നുമല്ല ഇപ്പോഴുള്ളത് എന്നത് ഏവർക്കും അറിയാമല്ലോ. ദീർഘനാളത്തേക്ക് അത്യാവിശ്യം നല്ലൊരു കാർ വാങ്ങണമെങ്കിൽ 10 ലക്ഷത്തിന് അടുത്ത് വിലയും കൊടുക്കേണ്ടി വരും.
ഇന്ത്യക്കാർക്ക് മൈലേജ് വിട്ടൊരു കളിയില്ലാത്തതിനാൽ ഒരുപാട് കാര്യങ്ങൾ കൂടിയാലോചിച്ചാവും ഏത് മോഡൽ വാങ്ങണമെന്ന തീരുമാനത്തിലെത്തുക. 10 ലക്ഷം ബജറ്റിൽ നല്ലൊരു മൈലേജുള്ള വാഹനം തേടുന്ന ചെറിയ കുടുംബത്തിന് അനുയോജ്യമായ കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ലാത്ത ഹാച്ച്ബാക്ക് പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ ഫേവറീറ്റ് വാഹനമാണ്.

എന്തിന് സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും അന്യായ റീസെയിൽ വാല്യുവുള്ള ഇതുപോലൊരു മാരുതി കാർ ഉണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. വാഹനങ്ങളെക്കുറിച്ച് കാര്യമായ പിടുത്തമില്ലാത്ത സ്ത്രീകൾക്ക് പോലും പരിചിതമായ പേരായിരിക്കും സ്വിഫ്റ്റിന്റേത്. കഴിഞ്ഞ വർഷമാണ് നാലാം തലമുറയിലേക്ക് ചേക്കേറിയ പുതിയ സ്വിഫ്റ്റിനെ മാരുതി സുസുക്കി വിപണിയിൽ അവതരിപ്പിക്കുന്നത്.
വിപണിയിലെത്തി രാജ്യം വെട്ടിപ്പിടിച്ച് മടങ്ങിയ മുൻഗാമികളെ അപേക്ഷിച്ച് നോക്കുമ്പോൾ ചെറിയ പരാതികളെല്ലാം കേൾപ്പിക്കുണ്ട് കക്ഷി. പക്ഷേ അത് വേറെ ഒന്നിലുമല്ല കേട്ടോ, ഡിസൈനിൽ കൊണ്ടുവന്ന പരിഷ്ക്കാരങ്ങളാണ് പലർക്കും അത്രയ്ക്കങ്ങ് ദഹിക്കാതെ പോയിരിക്കുന്നത്. എന്നിരുന്നാലും കണ്ട് കണ്ട് പലർക്കും കുട്ടി ഹാച്ച്ബാക്കിനോട് ഒരു ഇഷ്‌ടമൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്.

ഒന്ന് ഓടിച്ച് നോക്കിയാലോ അകത്ത് കയറി യാത്ര ചെയ്‌താലോ ഇഷ്‌ടക്കേടൊക്കെ മാറുമെന്നാണ് മാരുതി പറയുന്നതും. 2005-ൽ ഇന്ത്യയിൽ ആദ്യം പുറത്തിറക്കിയ സ്വിഫ്റ്റ് ഇപ്പോൾ നാലാം തലമുറ ആവർത്തനത്തിലും പൊളിച്ചടുക്കുകയാണ്. ആയതിനാൽ 10 ലക്ഷം ബജറ്റിൽ നല്ല മൈലേജുള്ളൊരു വിശ്വസനീയമായ കാർ തേടിനടക്കുന്നവർക്ക് മാരുതിയുടെ ഈ മിനി കൂപ്പറിനെ കണ്ണുംപൂട്ടി വാങ്ങിക്കാം കേട്ടോ.
ഉയർന്ന മൈലേജ് എക്കാലവും സ്വിഫ്റ്റിന്റെ മുഖമുദ്രയാണെങ്കിലും അക്കൂടെ തന്നെ ഫീച്ചറുകളാൽ സമ്പന്നവും മനോഹരവുമാണ് ആള്. പതിനായിരക്കണക്കിന് സ്വിഫ്റ്റുകളാണ് കമ്പനി ഓരോ മാസവും വിറ്റഴിക്കുന്നത്. അതിന് കാരണം ഇന്ത്യക്കാരുടെ ഫേവറീറ്റ് കാർ ചെറിയ വിലയിൽ ഇന്നും സ്വന്തമാക്കാനാവും എന്നതാണ്. 6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കിയുടെ കോംപാക്‌ട് ഹാച്ച്ബാക്കിന് വരുന്ന എക്സ്ഷോറൂം വില.

ഓഫറിട്ട് കിട്ടിയാൽ ഇതിലും താഴ്ന്ന വിലയിൽ സ്വിഫ്റ്റ് വീട്ടിലെത്തിക്കാനുമാവും. LXi, VXi, VXi (O), ZXi, ZXi+ എന്നീ അഞ്ച് വകഭേദങ്ങളിലാണ് പുത്തൻ സ്വിഫ്റ്റ് വിപണിയിലെത്തിയിരിക്കുന്നത് കേട്ടോ. മാരുതിയല്ലേ പപ്പടമായിരിക്കുമെന്ന വിലയിരുത്തലുകളും വേണ്ട കേട്ടോ. 45 ശതമാനം ഹൈ-ടെൻസൈൽ സ്റ്റീലും 20 ശതമാനം അൾട്രാ-ഹൈ ടെൻസൈൽ സ്റ്റീലും ഉപയോഗിച്ചാണ് സ്വിഫ്റ്റ് നിർമിച്ചിരിക്കുന്നതെന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ അവകാശവാദം.
പിന്നെ സ്വിഫ്റ്റിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഡിസയർ കോംപാക്‌ട് സെഡാൻ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ കാര്യവും മറക്കണ്ട. സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഇബിഡിയുള്ള എബിഎസ്, ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് കാർ വരുന്നത്.

ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ ഹിൽ സ്റ്റാർട്ട് അസിസ്റ്റും ലഭിക്കും. സുസുക്കിയുടെ പുതിയ Z12E 1.2 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 80 bhp പവറിൽ പരമാവധി 112 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ ഗിയർബോക്‌സുള്ള ഒരു സിഎൻജി ഓപ്ഷനും കാറിലുണ്ടേ.
എല്ലാ സിഎൻജി കാറുകളേയും പോലെ തന്നെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ സ്വഫ്റ്റിന്റെ പെർഫോമൻസ് കണക്കുകളിലും വ്യത്യാസമുണ്ടാവും കേട്ടോ. അതായത് പവർ കണക്കുകൾ 69.75 bhp, 101.8 Nm torque എന്നിങ്ങനെയായി കുറയുമെന്ന് സാരം. പക്ഷേ അപ്പോൾ മൈലേജിന്റെ കാര്യത്തിൽ കക്ഷി പുലിയാവുകയും ചെയ്യും. ഒരു കിലോഗ്രാം സിഎൻജിക്ക് 32.85 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.
അതേസമയം മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പെട്രോൾ മാനുവൽ ഓപ്ഷൻ ലിറ്ററിന് 24.8 കിലോമീറ്ററും പെട്രോൾ എഎംടിക്ക് 25.75 കിലോമീറ്റർ മൈലേജുമാണ് തരിക. അങ്ങനെ നോക്കുമ്പോൾ 10 ലക്ഷം രൂപയ്ക്ക് വാങ്ങാനാവുന്ന ഏറ്റവും നല്ല കാറുകളിൽ ഒന്നായി ഈ ഹാച്ച്ബാക്ക് മാറുന്നുവെന്ന് നിസംശയം പറയാല്ലോ. ഇന്റീരിയറിലേക്ക് കയറിയാലും ഒരു പ്രീമിയം കാർ ഫീൽ നൽകാൻ സ്വിഫ്റ്റിനായിട്ടുണ്ടെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
പ്രധാന ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ബൂമറാംഗ് എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽലാമ്പുകൾ, 15 ഇഞ്ച് പ്രിസിഷൻ-കട്ട് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4.2 ഇഞ്ച് എംഐഡിയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ തുടങ്ങിയ സംഭവങ്ങളെല്ലാം കാറിൽ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞില്ല, ഇതുകൂടാതെ അർക്കാമിസ് സൗണ്ട് സിസ്റ്റം, സുസുക്കി കണക്റ്റിനൊപ്പം 40-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ എന്നിവയെല്ലാം ഏറ്റവും പുതിയ സ്വിഫ്റ്റിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. പുതുമയാർന്ന സിംഗിൾ-ടോൺ കളർ ഓപ്ഷനുകളും അതോടൊപ്പം ആകർഷകമായ ഡ്യുവൽ-ടോൺ നിറങ്ങളാലും വണ്ടി സമ്പന്നമാണ്. സിസ്‌ലിംഗ് റെഡ്, ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച്, മാഗ്മ ഗ്രേ, സ്‌പ്ലെൻഡിഡ് സിൽവർ, പേൾ ആർട്ടിക് വൈറ്റ് എന്നിവയാണ് സ്വിഫ്റ്റിലെ കളർ ഓപ്ഷനുകൾ.
മൈക്രോ എസ്‌യുവികൾ അരങ്ങുവാഴുന്ന ഈ വില നിലവാരത്തിൽ സ്വിഫ്റ്റിന്റെ സ്ഥാനം ഇന്നും വളരെ വലുതാണെന്ന് നിസംശയം പറയാം. 4 സിലിണ്ടർ എഞ്ചിനിൽ നിന്നും 3 സിലിണ്ടർ എഞ്ചിനിലേക്കുള്ള പരിണാമം വിഷമിപ്പിക്കുന്നതാണെങ്കിലും ഇന്നും വില വെച്ച് നോക്കുമ്പോൾ ഒട്ടും മോശം കാറല്ല ഇത്. ആയതിനാൽ 10 ലക്ഷം ബജറ്റിൽ നല്ല മൈലേജുള്ള കാർ തേടുന്നവരാണ് നിങ്ങളെങ്കിൽ സ്വിഫ്റ്റിനെയും അക്കൂട്ടത്തിൽ പരിഗണിക്കണേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








