മാരുതിയുടെ പെപ്പിക്കുട്ടിക്ക് ഇനി കൂടുതൽ പൈസ വേണം, കണ്ണിൽച്ചോരയില്ലാതെ കൂട്ടിയത് 7,500 രൂപ വരെ
ആൾട്ടോ, വാഗൺആർ, സ്വിഫ്റ്റ് അങ്ങനെ പല മാരുതി കാറുകൾക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നും കാണില്ല. ഏത് ഇരുട്ടത്ത് കണ്ടാലും തിരിച്ചറിയാൻ പാകമാണ് ഇന്ത്യക്കാർക്ക് ഇവരുടെ രൂപവും ഭാവവും. കൂട്ടത്തിൽ ഏറ്റവും ആരാധകരുള്ളതാവട്ടെ പെപ്പിക്കുട്ടിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സ്വിഫ്റ്റിനാവും. രാജ്യത്തിന്റെ പെർഫോമൻസ് കാറായി പലരും കാണുന്ന വണ്ടിക്ക് പഴയത് പോലെ പവറില്ലെങ്കിലും ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. തികച്ചും ഡ്രൈവേഴ്‌സ് കാറായിരുന്ന സ്വിഫ്റ്റ് ഇപ്പോൾ പൂർണമായും എല്ലാരീതിയിലും ഫാമിലി ഹാച്ച്ബാക്കായി മാറിക്കഴിഞ്ഞു. ഫോർ സിലിണ്ടറിൽ നിന്നും ത്രീ സിലിണ്ടർ എഞ്ചിനും കൂടി കൊണ്ടുവന്നതോടെ പഴയ ഇഷ്‌ടം ആളുകൾക്ക് മോഡലിനോട് ഇല്ലാതാനും.
ഇപ്പോഴിതാ ഉള്ളയിഷ്ടം കൂടി കളയുന്നതിനായി സ്വിഫ്റ്റിന്റെ വില വർധിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. തങ്ങളുടെ കാറുകളുടെ വില 2026 ജൂൺ മുതൽ വർധിപ്പിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം സ്ഥിരീകരിച്ചതിന്റെ പിന്നാലെയാണ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ വിലയിലും മാറ്റം സംഭവിച്ചിരിക്കുന്നത്. അതനുസരിച്ച് സ്വിഫ്റ്റിന് ഇനി മുതൽ 7,500 രൂപ വരെ അധികം മുടക്കേണ്ടതായി വരുമെന്നതാണ് സങ്കടകരമായ വിഷയം.

സ്വിഫ്റ്റിന്റെ തെരഞ്ഞെടുക്കുന്ന വേരിയന്റുകൾക്ക് അനുസൃതമായി വിലയിൽ മാറ്റമുണ്ട്. അത് എങ്ങനെയെല്ലാമാണെന്ന് വിശദമായി നോക്കിയാലോ? സ്വിഫ്റ്റിന്റെ VXi സിഎൻജി, VXi (O) സിഎൻജി, ZXi സിഎൻജി എന്നീ ട്രിമ്മുകൾക്കാണ് 7,500 രൂപ വരെ വില ഉയർത്തിയിരിക്കുന്നത്. ഇതോടെ മോഡലിന്റെ സിഎൻജി ശ്രേണി ഇപ്പോൾ 7.52 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. പെട്രോൾ ബേസ് വേരിയന്റിന്റെ വില മാറ്റമില്ലാതെ 5.79 ലക്ഷം രൂപയായി തുടരുന്നതും ആശ്വാസകരമാണ്.
അതേസമയം സ്വിഫ്റ്റിന്റെ മറ്റെല്ലാ വേരിയന്റുകൾക്കും 4,000 രൂപ വീതം വില വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പുതുക്കിയ വിലകൾ പ്രകാരം മാരുതിയുടെ പെപ്പിക്കുട്ടിയെ ഇനി വാങ്ങാൻ പോവുന്നുവർ 5.79 ലക്ഷം മുതൽ 8.84 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില നൽകേണ്ടി വരിക. വില പുതുക്കി നിശ്ചയിച്ചിട്ടുണ്ടെങ്കിലും കാറിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ നടപ്പിലാക്കിയിട്ടില്ല.

ഡിസയറിലൂടെ പരിചിതമായ 1.2 ലിറ്റർ Z- സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ്മാരുതി സുസുക്കി സ്വിഫ്റ്റിനും തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 80 bhp കരുത്തിൽ പരമാവധി 112 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്നതാണ്. പെട്രോൾ മാനുവലിന് 24.80 കിലോമീറ്റർ ഇന്ധനക്ഷമതയും എഎംടി വേരിയന്റിന് 25.75 കിലോമീറ്ററാണ് കമ്പനി പറയുന്ന മൈലേജ്.
പെട്രോളിന് പുറമെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിലും സ്വിഫ്റ്റ് വാങ്ങാനാവും. സിഎൻജിയിലേക്ക് വന്നാൽ പെർഫോമൻസ് കുറയുമെങ്കിലും അന്യായ മൈലേജാണ് നൽകുകയെന്നത് ഇന്ധനക്ഷമതയെപ്പറ്റി വ്യാകുലതയുള്ളവർക്ക് വലിയൊരു അനുഗ്രഹമാണ്. കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജാണ് സ്വിഫ്റ്റ് സിഎൻജി വാഗ്‌ദാനം ചെയ്യുന്നത്. സുരക്ഷയുടെ കാര്യമെടുത്താലും സ്വിഫ്റ്റിന്റെ ന്യൂജെൻ മോഡൽ മിടുക്കനാണ് കേട്ടോ.

6 എയർബാഗുകൾ, റോൾഓവർ മിറ്റിഗേഷനോടുകൂടിയ ഇലക്ട്രോണിക് സ്റ്റൈബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ത്രീ-പോയിന്റ് ബെൽറ്റുകളും പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് മാരുതി സുസുക്കി സ്വിഫ്റ്റിൽ ഇപ്പോൾ ഒരുക്കിവെച്ചിരിക്കുന്നത്. അതുപോലെ തന്നെ ഫീച്ചറുകളുടെ കാര്യത്തിലും ആർക്കും നിരാശപ്പെടേണ്ടി വരില്ല.
9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 40-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ, വയർലെസ് ഫോൺ മിററിംഗ്, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, കീലെസ് എൻട്രി പോലുള്ള മോഡേൺ ഫീച്ചറുകളാണ് കാറിലുള്ളത്. 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും ഹാച്ച്ബാക്കിന് മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതിനാൽ കണ്ണുംപൂട്ടി വാങ്ങാം. ഒപ്പം പിന്നീട് കൊടുക്കണമെന്ന് തോന്നിയാൽ നല്ല റീസെയിൽ വാല്യുവും സ്വിഫ്റ്റിന് ലഭിക്കുന്നതാണ്.


Click it and Unblock the Notifications