ഇന്ത്യയിൽ മോശം വിൽപനയുള്ള 10 കാറുകൾ
പലപല കാര്യങ്ങൾ എല്ലാം കൂടി ഒരുമിച്ചു ചേരുമ്പോഴാണ് നല്ല വിൽപനയുള്ള ഒരു കാർ ജനിക്കുന്നത്. യഥാർത്ഥത്തിൽ കാറിന്റെ ഗുണനിലവാരം കൊണ്ടുമാത്രം അത് വിറ്റുപോകണമെന്നില്ല. വിൽക്കുന്ന നാട്ടിലെ ആളുകളുടെ സാമ്പത്തികക്രയശേഷി, പുതുക്കമുള്ള ഡിസൈൻ, സർവീസ് ലഭ്യത, ഘടകഭാഗങ്ങളുടെ ലഭ്യത തുടങ്ങിയ നിരവധി നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു കാര്യങ്ങൾ. ഇതിനാൽത്തന്നെ, മോശം വിൽപനയുള്ള കാർ എന്നു കേൾക്കുമ്പോൾ അവ മോശം കാറുകളാണെന്ന് തീരുമാനിക്കുന്നത് തെറ്റാണ്.
ഇവിടെ ഇന്ത്യയിൽ 2016 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ മോശം വിപണിപ്രകടനം കാഴ്ച വെച്ച പത്ത് കാറുകളെക്കുറിച്ചാണ് ചർച്ച. 15 ലക്ഷത്തിനു താഴെ വിലയുള്ള കാറുകൾ മാത്രമാണ് ഉൾകൊള്ളിച്ചിരിക്കുന്നത്.

10. ഫിയറ്റ് അവ്വെന്റ്യൂറ
പത്താം സ്ഥാനത്തു വരുന്നത് ഫിയറ്റ് ഈയിടെ വിപണിയിലെത്തിച്ച അവ്വെന്റ്യൂറ ക്രോസ്സോവർ മോഡലാണ്. 2016ന്റെ ആദ്യപാദത്തിൽ വെറും 591 യൂണിറ്റാണ് വിറ്റഴിക്കപെട്ടിരിക്കുന്നത്. മനോഹരമായ ഡിസൈനിൽ വരുന്ന ഈ കാറിന്റെ വിൽപന കുറഞ്ഞതിൽ അത്ഭുതപ്പെടേണ്ടതില്ല. ഇത്തരം വാഹനങ്ങളിൽ ആകൃഷ്ടരാകുന്നവർ പോലും വിലയിൽ തട്ടി പിന്നാക്കം പോകുന്നു. വിപണിയിൽ ഇത്തരം കാറുകൾക്ക് വലിയ ഡിമാൻഡ് വരുന്ന കാലം അധികം ദൂരെയൊന്നുമല്ല.

09. നിസ്സാൻ സണ്ണി
വിപണിയിലിറങ്ങിയ സന്ദർഭത്തിൽ നിസ്സാൻ സണ്ണി വിൽപനയിൽ കത്തിക്കയറിയിരുന്നു. പിന്നീട്, ഹോണ്ട സിറ്റിയും പുതിയ വെർണയും മാരുതി സിയാസുമെല്ലാം വിപണിയിലെത്തിയതോടെ സണ്ണി പിന്നാക്കം പോയി. ധാരാളം സ്ഥലസൗകര്യമുണ്ട് എന്ന ഒറ്റക്കാരണത്താൽ എത്രകാലം വിൽപനയിൽ മികവ് തുടരാനാകും? ട്രെൻഡിയായ ഡിസൈനുമായി മറ്റ് മോഡലുകൾ വിപണിയിൽ ഇടം പിടിച്ചതോടെയാണ് സണ്ണിയുടെ വിൽപന പിന്നാക്കം പോയത്. ആദ്യപാദത്തിൽ ആകെ വിറ്റുപോയത് 549 സണ്ണി മോഡലുകളാണ്.

08. റിനോ പൾസ്
നിസ്സാൻ മൈക്രയെ റീബാഡ്ജ് ചെയ്തുണ്ടാക്കിയ മോഡലാണിത്. തുടക്കത്തിൽ തരക്കേടില്ലാതെ വിറ്റുപോയിരുന്ന മോഡലാണ്. 2016 ആദ്യപാദത്തിലെ കണക്കുകൾ പ്രകാരം 497 യൂണിറ്റായി കുറഞ്ഞിരിക്കുന്നു വിൽപന.

07. ഫിയറ്റ് ലീനിയ
വെറും 411 യൂണിറ്റ് വിറ്റഴിച്ച് മോശം വിൽപനയുടെ കാര്യത്തിൽ ഏഴാംസ്ഥാനത്തെത്തിയിരിക്കുകയാണ് ഫിയറ്റ് ലിനിയ. കഴിഞ്ഞവർഷം ഇതേ കാലയളവിലെ വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ 38 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. വിൽപനാതന്ത്രങ്ങളിലെ പിഴവാണ് പലപ്പോഴും ഫിയറ്റ് മോഡലുകളെ പിന്നാക്കം തള്ളുന്നത്.

06. റിനോ സ്കാല
നിസ്സാൻ സണ്ണിയുടെ റിനോ പതിപ്പാണിത്. സണ്ണിക്ക് സംഭവിച്ചത് സ്കാലയ്ക്കും സംഭവിച്ചിരിക്കുന്നു. സണ്ണിയെക്കാൾ ഉയർന്ന വിലയിൽ വിൽക്കുന്ന ഈ മോഡൽ വെറും 274 എണ്ണമാണ് 2016ന്റെ ആദ്യപാദത്തിൽ വിറ്റത്.

05. ഷെവർലെ സ്പാർക്ക്
വെറും 252 യൂണിറ്റാണ് ഷെവർലെ സ്പാർക്കിന്റെ വിൽപന. ഷെവർലെ ബ്രാൻഡിന് ഈയിടെ സംഭവിച്ച ചില തിരിച്ചടികൾ മൊത്തം വിൽപനയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ തിരക്കേറിയതും ഇടുങ്ങിയതുമായ വീഥികളിൽ എന്തുകൊണ്ടും യോജിച്ച ഒരു മോഡലാണിത്.

04. ഫോഡ് ഫിയസ്റ്റ ക്ലാസിക്
ഇക്കോസ്പോർട് പോലൊരു ബെസ്റ്റ് സെല്ലിങ് കാർ വിൽക്കുന്ന ബ്രാൻഡിൽ നിന്നു തന്നെയാണ് ഫിയസ്റ്റയും വരുന്നത്. നിർഭാഗ്യകരമെന്നു പറയട്ടെ, വിൽപന അതിദയനീയമാണ്. വെറും 236 യൂണിറ്റാണ് ഈ സാമ്പത്തികവർഷം ആദ്യപാദത്തിൽ വിറ്റഴിക്കപെട്ടത്.

03. ഷെവർലെ ക്രൂസ്
പ്രകടനശേഷിയിൽ ഏറെ ഉയർന്നു നിൽക്കുന്ന മോഡലാണ് ഷെവർലെ ക്രൂസ്. എന്നാൽ, എന്തുകൊണ്ടോ, വിപണിയിൽ ഈ വാഹനം ക്ലച്ചാവുന്നില്ല. ക്രൂസിന്റെ വെറും 207 മോഡൽ മാത്രമാണ് വിറ്റത്.

02. പുതിയ ഫോഡ് ഫിയസ്റ്റ
ഇന്ത്യയിൽ ഏറ്റവും മോശം വിൽപനയുള്ള കാറുകളിൽ രണ്ടാം സ്ഥാനത്തെത്തുന്നത് പുതിയ ഫോഡ് ഫിയസ്റ്റയാണ്. പുതിയ ഡിസൈനിലെത്തിയ ഫിയസ്റ്റയെ ആളുകൾ സ്വീകരിച്ചില്ല എന്നതാണ് ദുരന്തം. വെറും 55 എണ്ണം മാത്രമാണ് വിറ്റഴിക്കപെട്ടത്.

01. റിനോ ഫ്ലൂവൻസ്
ഇന്ത്യയിൽ ഏറ്റവും മോശം വിൽപനയുള്ള കാർ ഏതെന്നു ചോദിച്ചാൽ റിനോ ഫ്ലൂവൻസ് എന്നാണ് ഉത്തരം. വെറും 34 എണ്ണം മാത്രമാണ് ഈ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ വിറ്റഴിക്കപെട്ടത്.

കൂടുതൽ
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള എസ്‌യുവികള്‍
കാര്‍മേഖലയിലെ ചില ഞെട്ടിപ്പിക്കുന്ന നവീനാശയങ്ങള്‍
2015 സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്ത 10 കാറുകള്‍


Click it and Unblock the Notifications








