നവംബര്‍ വില്‍പ്പനയില്‍ കാലിടറി മാരുതിയും ടാറ്റയും
നനഞ്ഞ പടക്കം പോലെയായി കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നവംബര്‍ മാസം. ദീപാവലി മുന്‍നിര്‍ത്തി വമ്പന്‍ വില്‍പ്പന പ്രതീക്ഷിച്ചെങ്കിലും കാറുകള്‍ കാര്യമായി വിറ്റുപോയില്ല. കഴിഞ്ഞമാസം മാരുതിയും മഹീന്ദ്രയും ടാറ്റയും ടൊയോട്ടയും ഫോര്‍ഡും ഉള്‍പ്പെടുന്ന വമ്പന്മാര്‍ വില്‍പ്പനയില്‍ നേട്ടങ്ങളുണ്ടാക്കിയില്ല.

ഒട്ടുമിക്ക മോഡലുകളിലും ഓഫര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും വില്‍പ്പന കാര്യമായി നടക്കാഞ്ഞതിന് പിന്നില്‍ ഉയര്‍ന്ന ഇന്‍ഷുറന്‍സ് ചിലവുകളും വില വര്‍ധനവുമാണെന്ന ആക്ഷേപമുണ്ട്.

അതേസമയം ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട മാത്രമാണ് നവംബറില്‍ ഭേദപ്പെട്ട വില്‍പ്പന കൈയ്യടക്കിയത്. പത്തുശതമാനം അധിക വില്‍പ്പന ഹോണ്ട കുറിച്ചു. നവംബര്‍ മാസം കാര്‍ നിര്‍മ്മാതാക്കളുടെ പ്രകടനം ഇങ്ങനെ –
Most Read: വര്‍ഷാവസാന വില്‍പ്പന പൊടിപൊടിക്കാന്‍ മാരുതി — കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മാരുതി സുസുക്കി
0.7 ശതമാനം വില്‍പ്പന ഇടിവോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി നവംബര്‍ പിന്നിട്ടത്. ആകെമൊത്തം 1,53,539 യൂണിറ്റുകള്‍ കഴിഞ്ഞ മാസം മാരുതി വിപണിയിലെത്തിച്ചു (കയറ്റുമതി ഉള്‍പ്പെടെ). കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 1,54,600 യൂണിറ്റുകളെ മാരുതി വിപണിയില്‍ കൊണ്ടുവന്നിരുന്നു.

ആഭ്യന്തര വില്‍പ്പനയില്‍ 0.5 ശതമാനം നാമമാത്രമായ വളര്‍ച്ചയുണ്ടെങ്കിലും കയറ്റുമതിയില്‍ 19.1 ശതമാനം ഇടിവ് കമ്പനി നേരിട്ടു. പ്രധാനമായും ആള്‍ട്ടോ, വാഗണ്‍ആര്‍ മോഡലുകളുടെ വില്‍പ്പനയാണ് മാരുതിക്ക് തിരിച്ചടിയായത്.

എന്നാൽ ഇടത്തരം ഹാച്ച്ബാക്ക് നിരയില്‍ സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ മോഡലുകള്‍ വില്‍പ്പനയില്‍ 10.8 ശതമാനം വര്‍ധനവ് കമ്പനിക്ക് സമര്‍പ്പിച്ചു. യൂട്ടിലിറ്റി നിരയില്‍ വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, എസ്-ക്രോസ് മോഡലുകള്‍ 1.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഒമ്‌നി, ഈക്കോ മോഡലുകളാകട്ടെ 3.6 ശതമാനം വില്‍പ്പന വളര്‍ച്ചയും കുറിച്ചു.

ഹ്യുണ്ടായി
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കള്‍ക്കും നവംബറില്‍ ശോഭിക്കാനായില്ല. 0.7 ശതമാനം ഇടിവ് ഹ്യുണ്ടായിക്കും സംഭവിച്ചു. 43,709 യൂണിറ്റുകളെയാണ് കഴിഞ്ഞ മാസം കമ്പനി വിറ്റത്. ഒക്ടോബര്‍ അവസാനം വില്‍പ്പനയ്ക്കു വന്ന സാന്‍ട്രോ ഹാച്ച്ബാക്ക് ഹ്യുണ്ടായിയുടെ വില്‍പ്പനയില്‍ നിര്‍ണ്ണായകമായി മാറി.

നാല്‍പ്പതിനായിരത്തിന് മുകളില്‍ ബുക്കിംഗ് സാന്‍ട്രോയ്ക്ക് ഇതുവരെ ലഭിച്ചു കഴിഞ്ഞു. വിപണിയില്‍ സാന്‍ട്രോയ്ക്കായി ആവശ്യക്കേറുന്നതു മുന്‍നിര്‍ത്തി പ്രതിമാസം പതിനായിരം സാന്‍ട്രോ യൂണിറ്റുകള്‍ പുറത്തിറക്കാനുള്ള നീക്കത്തിലാണ് ഹ്യുണ്ടായി.

ഉത്പാദനശേഷിക്കും മുകളില്‍ സാന്‍ട്രോ ബുക്കിംഗ് ഉയരുന്നതുകണ്ട് ഇടക്കാലത്ത് ഹാച്ച്ബാക്കിന്റെ ബുക്കിംഗും കമ്പനി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
Most Read: കോമ്പസിനെക്കാളും വലുപ്പം, 16 ലക്ഷം മുതല്‍ വില — ഹാരിയറിനെ വെളിപ്പെടുത്തി ടാറ്റ

മഹീന്ദ്ര
17 ശതമാനം അധിക വില്‍പ്പന നവംബറില്‍ മഹീന്ദ്ര നേടി. മുന്‍വര്‍ഷം 38,570 യൂണിറ്റുകള്‍ വിറ്റ മഹീന്ദ്ര ഇത്തവണ 45,101 യൂണിറ്റുകള്‍ വിപണിയില്‍ കൊണ്ടുവന്നു. ഇതില്‍ 41,546 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് കമ്പനി വിറ്റത്.

വാണിജ്യ വാഹന നിരയിലും താരതമ്യേന മോശമല്ലാത്ത പ്രകടനം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കാഴ്ച്ചവെച്ചു. 19,673 യൂണിറ്റ് വില്‍പ്പനയുടെ പശ്ചാത്തലത്തില്‍ 26 ശതമാനം വളര്‍ച്ച മഹീന്ദ്ര കുറിച്ചു. ഇടത്തരം വന്‍കിട വാണിജ്യ വാഹന സെഗ്മന്റില്‍ 637 യൂണിറ്റുകളെയാണ് മഹീന്ദ്ര വിറ്റത്.

ടാറ്റ
കഴിഞ്ഞമാസം ടാറ്റയ്ക്കും അടി പതറി. പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ 3.8 ശതമാനം ടാറ്റ പിന്നോക്കം പോയി. 50,470 ടാറ്റ യൂണിറ്റുകളാണ് പോയ മാസം വിപണിയില്‍ വന്നത്. വാണിജ്യ വാഹന നിരയിലും കമ്പനിക്ക് കാര്യങ്ങള്‍ അത്ര ആശാവഹമല്ല. 33,488 യൂണിറ്റുകള്‍ വിറ്റ ടാറ്റ, 5.15 ശതമാനം ഇടിവ് രേഖപ്പെടുത്തി.

2017 നവംബറില്‍ 4,927 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത ടാറ്റ, ഇത്തവണ 4,604 യൂണിറ്റുകളെ മാത്രമെ കയറ്റുമതി ചെയ്തുള്ളൂ. പുതിയ ടിയാഗൊ NRG, നെക്‌സോണ്‍ ക്രേസ്, JTP എഡിഷന്‍ മോഡലുകളുടെ വരവ് ഡിസംബര്‍ വില്‍പ്പനയ്ക്ക് പുത്തനുണര്‍വേകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ഹോണ്ട
10 ശതമാനം അധിക വില്‍പ്പന കുറിച്ചാണ് നവംബര്‍ മാസം ഹോണ്ട കടന്നുപോയത്. 13,549 യൂണിറ്റുകളെ പോയ മാസം ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ വിറ്റു. പുതിയ അമേസ്, സിറ്റി, WR-V മോഡലുകള്‍ ഹോണ്ടയുടെ വിജയക്കുതിപ്പില്‍ നിര്‍ണ്ണായകമായി മാറി.

ടൊയോട്ട
വില്‍പ്പനയില്‍ 16 ശതമാനം ഇടിവാണ് ടൊയോട്ടയെ തേടിയെത്തിയത്. 11,390 യൂണിറ്റുകള്‍ മാത്രമെ കഴിഞ്ഞമാസം ടൊയോട്ടയ്ക്ക് വില്‍ക്കാനായുള്ളൂ. ഇതില്‍ 10,721 യൂണിറ്റുകളുടെ വില്‍പ്പന സംഭാവന ചെയ്തത് എത്തിയോസ് മോഡലുകളാണ്.

ഉയര്‍ന്ന ഇന്ധനചിലവുകളും പലിശനിരക്കുകളും മാറി മറിയുന്ന വിനിമയ നിരക്കുകളും വില്‍പ്പന കുറയാന്‍ കാരണമായി ടൊയോട്ട ചൂണ്ടിക്കാട്ടുന്നു. ജനുവരി മുതല്‍ ടൊയോട്ട കാറുകള്‍ക്ക് നാലു ശതമാനം വില വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Most Read: മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ ഒരു റെയിൽ പാത

ഫോര്‍ഡ്
2017 നവംബറില്‍ 29,019 യൂണിറ്റുകള്‍ വിറ്റ ഫോര്‍ഡ് ഇത്തവണ വിപണിയില്‍ എത്തിച്ചത് 19,905 യൂണിറ്റുകളെ മാത്രം. അതായത് വില്‍പ്പനയില്‍ 26.3 ശതമാനം ഇടിവ് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ക്കും സംഭവിച്ചു.


Click it and Unblock the Notifications








