സോനെറ്റിന് അരങ്ങൊരുങ്ങി, പ്രൊഡക്ഷൻ റെഡി മോഡലിന്റെ ടീസർ ചിത്രം പങ്കുവെച്ച് കിയ
സെൽറ്റോസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ വിപണി കീഴടക്കിയ വിജയഗാഥ തുടരാൻ കിയ മോട്ടോർസ് തങ്ങളുടെ മൂന്നാമത്തെ ഉൽപ്പന്നത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത്തവണ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവെക്കുന്നത് സോനെറ്റ് എന്ന പുത്തൻ മോഡലുമായാണ്.

പ്രൊഡക്ഷൻ റെഡി സോനെറ്റ് എസ്‌യുവിയുടെ ആദ്യ ഔദ്യോഗിക റെൻഡറിംഗ് ടീസർ ചിത്രം ഇപ്പോൾ കിയ പുറത്തിറക്കിയിരിക്കുകയാണ്. വരുന്ന ഓഗസ്റ്റ് ഏഴിന് ആഗോള തലത്തിൽ പ്രദർശിപ്പിക്കുന്ന മോഡലിന്റെ മുൻവശത്തെ ഡിസൈൻ കാഴ്ച്ചകളാണ് പുതിയ ചിത്രം വെളിപ്പെടുത്തുന്നത്.

ബ്രാൻഡിന്റെ ഏറ്റവും ജനപ്രിയമായ സെൽറ്റോസിന് താഴെയാണ് കിയ സോനെറ്റ് സ്ഥാനം പിടിക്കുക. ലോക പ്രീമിയറിനുശേഷം ഉടൻ തന്നെ പുതിയ സബ്-4 മീറ്റർ എസ്‌യുവി വിപണിയിൽ ഇടംപിടിച്ചേക്കും. മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്‌പോർട്ട്, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോൺ തുടങ്ങിയവയെ എതിരാളികളാക്കും.
MOST READ: യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

സെൽറ്റോസിനെയും കാർണിവൽ എംപിവിയെയും പിന്തുടർന്ന് ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളുടെ ഇന്ത്യയിലെ മൂന്നാമത്തെ മോഡലായിരിക്കും സോനെറ്റ്. അതോടൊപ്പം പുത്തൻ കോംപാക്ട് എസ്‌യുവി ബ്രാൻഡിന്റെ രണ്ടാമത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ' മോഡൽ കൂടിയാകും. ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള കമ്പനിയുടെ പ്ലാന്റിലാണ് വാഹനം നിർമിക്കുക.

രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ കിയ സോനെറ്റിന് ബ്രാൻഡിന്റെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രിൽ തന്നെയാകും ഇടംപിടിക്കുക. ഗ്രില്ലിന് ഇരുവശത്തുമായി കാണുന്ന എൽഇഡി ഡിആർഎല്ലുകളുള്ള നേർത്ത എൽഇഡി ഹെഡ്‌ലാമ്പുകൾ മുൻവശത്തിന്റെ അഴക് വർധിപ്പിക്കുന്നു.
MOST READ: കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി

ആക്രമണാത്മക നിലപാടുകളും പരുക്കൻ അപ്പീലും സോനെറ്റിനൊപ്പം വരുമെന്ന് കിയ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വാഹനത്തിന്റെ പുതിയ ടീസർ വീഡിയോ കിയ പുറത്തുവിട്ടിരുന്നു. ഇത് സോനെറ്റിന്റെ ചില ഡിസൈൻ ഘടകങ്ങളെ കുറിച്ച് വ്യക്തമായ സൂചനയാണ് നൽകുന്നത്.

അതിൽ പിന്നിലെ സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ സംയോജിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്നതിനാൽ സമാനമായ എഞ്ചിൻ ഓപ്ഷനും കിയ സോനെറ്റിൽ ഉണ്ടാകും.

1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടി-ജിഡിഐ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഗിയർബോക്സ് ഓപ്ഷനുകളും വെന്യുവിന് സമാനമായിരിക്കും. എട്ട് മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും കിയ സോനെറ്റിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

സെൽറ്റോസിലൂടെയും കാർണിവൽ എംപിവിയിലൂടെയും കൈവരിച്ച വിജയം പുത്തൻ കോംപാക്ട് എസ്‌യുവി അവതരിപ്പിക്കുന്നതേലൂടെ മുന്നോട്ടു കൊണ്ടുപോകാമെന്നാണ് ബ്രാൻഡിന്റെ വിശ്വാസം.


Click it and Unblock the Notifications








